ഗ്രൂപ്പ് ഡിയില്‍ മൂന്ന് കളികളില്‍ നിന്ന് ഏഴ് പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാമതെത്തി
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ ആധികാരികമായി കീഴടക്കി ക്രൊയേഷ്യ യൂറൊ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം. നിക്കോള വ്ലാസിച്ച്, ലൂക്ക മോഡ്രിച്ച്, ഇവാന് പെരിസിച്ച് എന്നിവരാണ് ക്രൊയേഷ്യക്കായി ഗോള്‍ നേടിയത്. കാലം മക്ഗ്രികറാണ് സ്കോട്ട്ലന്‍ഡിന്റെ സ്കോറര്‍.
ജയം അനിവാര്യമായിരുന്ന മത്സരത്തിന്റെ 17-ാം മിനുറ്റില്‍ തന്നെ ക്രൊയേഷ്യ ലീഡ് നേടി. ഇവാന് പെരിസിച്ചിന്റെ പാസ് വ്ലാസിച്ച് അനായാസം വലയിലെത്തിച്ചു എന്ന് പറയാം. പക്ഷെ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്കെ സ്കോട്ട്ലന്‍ഡ് ഒപ്പമെത്തി. 20 വാര അകലെ നിന്ന് മക്ഗ്രികര് തൊടുത്ത ഷോട്ട് തടുക്കാന്‍ ക്രൊയേഷ്യന്‍ പ്രതിരോധനിരക്കോ ഗോളിക്കൊ ആയില്ല.
രണ്ടാം പകുതിയുടെ 62-ാം മിനുറ്റില്‍ നായകന് ലൂക്ക മോഡ്രിച്ച് ക്രൊയേഷ്യക്ക് ലീഡ് നേടിക്കൊടുത്തു. ബോക്സിന് പുറത്ത് നിന്നെടുത്ത ഷോട്ട് ബുള്ളറ്റ് കണക്കെ വലയിലേക്ക് തുളച്ചു കയറി. നായകന്റെ അതിമനോഹര പ്രഹരം.
മൂന്നാം ഗോളിന് വഴിയൊരുക്കിയതും മോഡ്രിച്ച് തന്നെ. മോഡ്രിച്ച് എടുത്ത കോര്‍ണറില്‍ പെരിസിച്ച് തല വച്ചു. ഫലം മൂന്നാം ഗോള്‍. അനായാസം ക്രൊയേഷ്യന്‍ ജയം, ക്വാര്‍ട്ടറിലേക്ക്.
മറ്റൊരു മത്സരത്തില്‍ വീണ്ടും ഇംഗ്ലണ്ട് കടന്നുകൂടി. ചെക്ക് റിപബ്ലിക്കിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. റഹിം സ്റ്റിര്‍ലിങ്ങാണ് ഗോള്‍ നേടിയത്. ഗ്രൂപ്പ് ഡിയില്‍ മൂന്ന് കളികളില്‍ നിന്ന് ഏഴ് പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാമതെത്തി. ക്രൊയേഷ്യയാണ് രണ്ടാമത്.
Also Read: Copa America 2021: പരാഗ്വെ വെല്ലുവിളി അതിജീവിച്ചു; അര്‍ജന്റീന ക്വാര്‍ട്ടറില്‍