കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലം വന്ന് ഒന്നരമാസം കഴിഞ്ഞിട്ടും പാര്‍ട്ടിക്കേറ്റ തിരിച്ചടിയെക്കുറിച്ച് ചര്‍ച്ചചെയ്യാത്തതില്‍ മുസ്ലിം ലീഗിലെ ഒരുവിഭാഗം നേതാക്കള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ലീഗിന്റെ അഞ്ചോ ആറോ നേതാക്കളുള്‍പ്പെടുന്ന ഉന്നതാധികാരസമിതി കൂടിയാലോചനകളില്ലാതെ കാര്യങ്ങള്‍ തീരുമാനിക്കുകയും നടപ്പാക്കുകയുമാണെന്നാണ് പ്രധാന വിമര്‍ശനം.
ഉന്നതാധികാരസമിതിയിലുള്ള ഭൂരിഭാഗംപേരും ചേര്‍ന്ന് സീറ്റ് വീതംവെച്ചെടുക്കുന്ന സമീപനമാണുണ്ടായത്. ഇത് ലീഗിന്റെ സംഘടനാസംവിധാനത്തെ ബാധിച്ചു. മുന്‍ എം. എല്‍.എ.മാരായ പി.കെ. അബ്ദുറബ്ബും കെ.എം. ഷാജിയും ഇതിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമുള്‍പ്പെടെയുള്ള നേതാക്കളെ വിദ്യാര്‍ഥി സംഘനയായ എം.എസ്.എഫും വിമര്‍ശിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞശേഷം പ്രവര്‍ത്തകസമിതി യോഗം വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും നീണ്ടുപോവുകയാണെന്നും ഈ നേതാക്കള്‍ പറയുന്നു.
കൊടുവള്ളി തിരിച്ചുപിടിച്ചപ്പോള്‍ നാല് സിറ്റിങ് സീറ്റുകള്‍ ലീഗിന് നഷ്ടമായി. 27 മണ്ഡലങ്ങളില്‍ മത്സരിച്ച് 15 ഇടത്തേ ജയിക്കാനായുള്ളൂ.
ഏറനാട് ഒഴികെ ജയിച്ച ഇടങ്ങളിലൊന്നും പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടിയില്ല. അഞ്ചുലക്ഷം വോട്ടുകള്‍ക്ക് പി.കെ. കുഞ്ഞാലിക്കുട്ടി ജയിച്ചിരുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ 1.14 ലക്ഷമായി അബ്ദുസമദ് സമദാനിയുടെ ഭൂരിപക്ഷം കുറഞ്ഞു. നാലു സീറ്റ് അധികം ലഭിച്ചപ്പോള്‍ നാല് സീറ്റ് നഷ്ടമായത് സംഘടനാ സംവിധാനത്തിലെ പരാജയമാണെന്ന് ഈ നേതാക്കള്‍ പറയുന്നു.
വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ സമ്മര്‍ദത്തിന് വഴങ്ങി കളമശ്ശേരിയിലെ സീറ്റ് നഷ്ടപ്പെടുത്തി. കൊല്ലം ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖലകളിലും വന്‍തിരിച്ചടി നേരിട്ടു. സമസ്തയുടെ ഒരുവിഭാഗം തിരഞ്ഞെടുപ്പില്‍ ലീഗിനെ പിന്തുണച്ചില്ല. ന്യൂനപക്ഷ വോട്ടുകളിലും ചോര്‍ച്ചയുണ്ടായി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് വിപരീതഫലമുണ്ടാക്കി. ഹാഗിയ സോഫിയ വിഷയത്തില്‍ പാണക്കാട് സാദിഖലി തങ്ങള്‍ എഴുതിയ ലേഖനം ക്രിസ്ത്യന്‍ സമുദായത്തെ അകറ്റിയപ്പോള്‍ മുറിവുണക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ഈ നേതാക്കള്‍ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് തോല്‍വിയും വോട്ടുകുറഞ്ഞതും മറ്റ് തിരിച്ചടികളും അന്വേഷിക്കാന്‍ ഒരു സ്വതന്ത്രസമിതിക്ക് രൂപംനല്കാന് ആലോചനയുണ്ടെന്നും പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്ന് ഇതില്‍ തീരുമാനമെടുക്കുമെന്നും ഉന്നതാധികാരസമിതി അംഗം ‘മാതൃഭൂമി’യോട് പറഞ്ഞു.