തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ടു നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ആശുപത്രികള്‍ക്ക് ചെറിയ ഇളവുകള്‍ അനുവദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മുറിവാടക സ്വകാര്യ ആശുപത്രികള്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നിശ്ചയിക്കാമെന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ഉത്തരവില്‍ അവ്യക്തതകളുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. ഉത്തരവിലെ അവ്യക്തതകള്‍ തിരുത്തി പുതിയ ഉത്തരവിറക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അടുത്ത ബുധനാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.
കോവിഡ് ചികിത്സയില്‍ മുറിവാടകനിരക്ക് ആശുപത്രികള്‍ക്ക് നേരിട്ടു നിശ്ചയിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നത്. വാര്‍ഡിലും ഐ.സി.യു.വിലും ചികിത്സയില്‍ കഴിയുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ അംഗങ്ങളില്‍നിന്നുമാത്രം സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച നിരക്ക് ഈടാക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
വാര്‍ഡ്, ഐ.സി.യു, വെന്റിലേറ്റര്‍ തുടങ്ങിയവയിലെ ചികിത്സാനിരക്ക് ജനങ്ങള്‍ക്ക് താങ്ങാവുന്ന വിധത്തില്‍ ഏകീകരിച്ച് മേയിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍പേരും ചികിത്സതേടുന്ന മുറികളിലെ നിരക്ക് സംബന്ധിച്ച് പരാമര്‍ശിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തതവരുത്തണമെന്ന മാനേജ്മെന്റുകളുടെ ആവശ്യത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പുതിയ ഉത്തരവിറക്കിയത്. വാര്‍ഡ്, ഐ.സി.യു, വെന്റിലേറ്റര്‍ സംവിധാനങ്ങളില്‍ നേരത്തെ നിശ്ചയിച്ച നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. ജനറല്‍ വാര്‍ഡുകളില്‍ പരമാവധി 2910 രൂപയും ഹൈഡിപന്‍ഡന്‍സി യൂണിറ്റില്‍ 4175 രൂപയും ഐ.സി.യു.വില്‍ 8580 രൂപയും വെന്റിലേറ്റര്‍ ഐ.സി.യു.വില്‍ 15,180 രൂപയുമാണ് ദിവസനിരക്ക്.
മുറികളില്‍ കഴിയുന്നവരില്‍നിന്നു തോന്നുംപടി നിരക്ക് ഈടാക്കാന്‍ പുതിയ ഉത്തരവ് വഴിവെക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്.
content highlights: highcourt stayed order on private hospitals room rent