പത്തനംതിട്ട: കോവിഡിന്റ ജനിതക മാറ്റംവന്ന ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച മേഖലകളിലെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദേശം പാലിച്ചാണ് ജില്ലാ ഭരണകൂടം നിയന്ത്രണം കടുപ്പിച്ചത്. പുതിയ വകഭേദം അതീവ അപകടകാരിയാണെന്ന് ഇതിനോടകം വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്നതോടെ പഞ്ചായത്തിലെ ചെറുവഴികളെല്ലാം അടയ്ക്കും. അവശ്യ സേവനങ്ങളില്‍ ഉള്‍പ്പെടുന്ന കടകള്‍ക്ക് മാത്രമേ തുറുന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്കു. പഞ്ചായത്തില്‍ അത്യാവശ്യ യാത്രകള്‍ മാത്രമേ അനുവദിക്കു. നിലവില്‍ പ്രദേശത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.5 ശതമാനമാണ്.
ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രദേശത്തെ 67 പേര്‍ക്ക് നടത്തിയ പരിശോധയില്‍ ആരുടെയും ഫലം പോസിറ്റീവായിരുന്നില്ല. പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്നതിനൊപ്പം മേഖലയിലെ പരമാവധി ആളുകള്‍ക്ക് വാക്സിനേഷന് ലഭ്യമാക്കാനുള്ള നടപടികള്‍ക്കും ജില്ലാഭരണകൂടം മുന്‍ഗണന നല്‍കുന്നുണ്ട്.
content highlights: triple lock down announced in kadapra panchayath