തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പുതിയ നേതൃത്വത്തിന് കീഴില്‍ വലിയ അഴിച്ചുപണിക്കൊരുങ്ങി കെപിസിസി. പാര്‍ട്ടിയില്‍ ജംബോ കമ്മിറ്റി വേണ്ടെന്ന് ഇന്നുചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ തത്വത്തില്‍ ധാരണയായി. ഇക്കാര്യത്തില്‍ നേതാക്കളെല്ലാം ഏകാഭിപ്രായമാണ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
വൈസ് പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും നിര്‍വാഹക സമിതി അംഗങ്ങളും അടക്കം 51 അംഗ കമ്മിറ്റി മതിയെന്ന് യോഗത്തില്‍ കെ സുധാകരന് പറഞ്ഞു. ഭാരവാഹികള്‍ ഇതില്‍ കൂടാന്‍ പാടില്ല. എല്ലാ ഡിസിസികളും പുനഃസംഘടിപ്പിക്കുമെന്നും ഭാരവാഹികളെ തീരുമാനിക്കുന്നത് മെരിറ്റ് അടിസ്ഥാനത്തിലാകുമെന്നും സുധാകരന് നിലപാട് വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും കെ മുരളീധരന് യോഗത്തില്‍ നിന്ന് വിട്ടുനിന്നു. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ഇന്നു രാവിലെ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ മുരളീധരന് ക്ഷണമുണ്ടായിരുന്നില്ല. ഇതില്‍ പ്രകോപിതനായാണ് അദ്ദേഹം വൈകീട്ട് ചേര്‍ന്ന് യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എംഎല്‍എമാരും എംപിമാരും ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഒരാള്‍ക്ക് ഒരു പദവി എന്ന രീതിയില്‍ കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് വിഎം സുധീരന്, പിജെ കുര്യന്, കെവി തോമസ് അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
content highlights: Sudhakaran says no jumbo committee in the party