ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യ ഇന്നിങ്സിൽ പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡ് 99.2 ഓവറിൽ 249 റൺസ് നേടി പുറത്തായിരുന്നു
WTC Final: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ റിസർവ് ഡേയിൽ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുമ്പ് ഇന്ത്യക്ക് ന്യൂസിലൻഡിനെതിരെ 98 റൺസിന്റെ ലീഡ്. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യ 55 ഓവർ പിന്നിട്ടപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് നേടി.
രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 48 പന്തിൽ നിന്ന് 28 റൺസ് നേടി റിഷഭ് പന്തും 20 പന്തിൽ നിന്ന് 12 റൺസ് നേടിയ രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.
81 പന്തിൽ നിന്ന് 30 റൺസാണ് രോഹിത് ശർമ നേടിയത്. ശുഭ്മാൻ ഗിൽ 33 പന്തിൽനിന്ന് എട്ട് റൺസും ചേതേശ്വർ പൂജാര 80 പന്തിൽനിന്ന് 15 റൺസും വിരാട് കോഹ്ലി 29 റൺസിൽ നിന്ന് 13 റൺസും രഹാനെ 40 പന്തിൽനിന്ന് 15 റൺസും നേടി.
ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യ ഇന്നിങ്സിൽ പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡ് 99.2 ഓവറിൽ 249 റൺസ് നേടി പുറത്തായിരുന്നു. ആദ്യ ഇന്നിങ്സിൽ 92.1 ഓവറിൽ 217 റൺസ് നേടിയാണ് ഇന്ത്യ പുറത്തായത്.
93-ാം ഓവറിൽ കിവീസ് ഇന്ത്യയുടെ സ്കോർ മറികടന്നിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന നിലയിലെത്തി. കിവീസ് ഇന്ത്യയെ മറികടന്നതിന് പിറകെ കിവീസ് കാപ്റ്റൻ കെയിൻ വില്യംസൺ അർധ സെഞ്ചുറി തികയ്ക്കാൻ ഒരു റൺസ് മാത്രം ശേഷിക്കെ പുറത്തായി. 96.3 ഓവറിൽ ഇഷാന്ത് ശർമയുടെ പന്തിലാണ് വില്യംസൺ പുറത്തായത്. 177 പന്തിൽനിന്ന് 49 റൺസാണ് വില്യംസൺ നേടിയത്.
കിവീസിന് വേണ്ടി ഡെവോൺ കോൺവേ അർധ സെഞ്ചുറി നേടി. 153 പന്തിൽനിന്ന് 54 റൺസാണ് കോൺവേ നേടിയത്. റോസ് ടെയ്ലർ 11 റൺസും ഹെൻറി നിക്കോളാസ് ഏഴ് റൺസും വാൾട്ടിങ് ഒരു റണ്ണുമെടുത്ത് പുറത്തായി. ഗ്രാൻഡോം 13 റൺസും ജേമീസൺ 21 റൺസുമെടുത്തും. നീൽ വാഗ്നർ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ടിം സൂത്തി 46 പന്തിൽ 30 റൺസ് നേടി. ട്രെന്റ് ബൗൾട്ട് പുറത്താകാതെ ഏഴ് റൺസെടുത്തു.