ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സുള്ളവര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ പ്രത്യേക അനുമതിയുടെ ആവശ്യമുണ്ടോയെന്നാണ് 2017ലെ ‘മുകുന്ദ് ദേവാംഗന്‍-ഓറിയന്റല്‍ ഇന്‍ഷുറന്‍സ്’ കേസില്‍ സുപ്രിംകോടതിയുടെ മൂന്നംഗബെഞ്ച് പരിശോധിച്ചത്. സുപ്രിംകോടതിയിലെ വിവിധ ജഡ്ജിമാര്‍ പരസ്പര വിരുദ്ധമായ വിധികള്‍ പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു പരിശോധന.
7500 കിലോഗ്രാമില്‍ താഴെ തൂക്കം വരുന്ന ട്രാന്‍സ്പോര്‍ട്ട് വണ്ടികള്‍ എല്‍.എം.വി ലൈസന്‍സുള്ളവര്‍ക്ക് ഓടിക്കാമെന്നായിരുന്നു മൂന്നംഗ ബെഞ്ചിന്റെ വിധി. ”1988ലെ മോട്ടോര്‍ വാഹന നിയമത്തിലെ പത്താം വകുപ്പ് പ്രകാരം വാഹനങ്ങളുടെ തരത്തിനല്ല, മറിച്ച് വര്‍ഗത്തിനാണ് ലൈസന്‍സ് നല്‍കുന്നത്. ഒരു വര്‍ഗത്തിനുള്ളില്‍ പലതരം വാഹനങ്ങളുണ്ടാവാം. ഒരു വര്‍ഗത്തില്‍ പെട്ട വാഹനങ്ങള്‍ ഓടിക്കാന്‍ ലൈസന്‍സുള്ളവര്‍ക്ക് അതിലെ ഏതു തരം വാഹനങ്ങളും ഓടിക്കാം. അതിന് പ്രത്യേക ലൈസന്‍സ് ആവശ്യമില്ല. ലൈറ്റ് വാഹനങ്ങളില്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും ഉള്‍പ്പെടുന്നു. അതിനാല്‍ തന്നെ എല്‍.എം.വി ലൈസന്‍സുള്ളവര്‍ക്ക് അത്തരം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും ഓടിക്കാം. മോട്ടോര്‍ വാഹന നിയമത്തിലെ രണ്ട് (ഇ) ഉപവകുപ്പില്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളെ കുറിച്ച് പ്രത്യേകം പറയുന്നുണ്ട്. അത് മീഡിയം ഗുഡ്സ് വാഹനങ്ങളും മീഡിയം പാസഞ്ചര്‍ മോട്ടോര്‍ വാഹനങ്ങളും ഹെവി ഗുഡ്സ് വാഹനങ്ങളും ഹെവി പാസഞ്ചര്‍ മോട്ടോര്‍ വാഹനങ്ങളുമാണ്. 7500 കിലോഗ്രാമില്‍ അധികം തൂക്കമില്ലാത്ത ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും ബസും ലൈറ്റ് മോട്ടോര്‍ വാഹനമാണ്. ഈ തൂക്കപരിധിയില് വരുന്ന മോട്ടോര്‍ കാറുകളും ട്രാക്ടറുകളും റോഡ് റോളറുകളുമെല്ലാം അതു തന്നെയാണ്. അവ ഓടിക്കാന്‍ എല്‍.എം.വി ലൈസന്‍സ് മതിയാവും.”–വിധിയില്‍ കോടതി വിശദീകരിച്ചു.
വിധിയില്‍ സംശയം വരുന്നു
പക്ഷെ, 2018ലെ ‘ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്-രംഭ ദേവി’ കേസില്‍ സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് ‘മുകുന്ദ് ദേവാംഗന്‍’ കേസിലെ വിധിയില്‍ സംശയം പ്രകടിപ്പിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ നിരവധി വകുപ്പുകളും ചട്ടങ്ങളും പരിശോധിക്കാതെയാണ് ‘മുകുന്ദ് ദേവാംഗന്‍’ കേസിലെ വിധിയെന്നാണ് രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചത്. മോട്ടോര്‍ വാഹന നിയമത്തിലെ നാല്, ഏഴ്, 14 വകുപ്പുകളുടെയും മോട്ടോര്‍ വാഹന ചട്ടങ്ങളിലെ 5, 31 ചട്ടങ്ങളുടെയും ലംഘനമാണ് വിധിയെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനക്ക് എത്തിയത്.
ലംഘിക്കപ്പെട്ട വകുപ്പുകളും ചട്ടങ്ങളും
മോട്ടോര്‍ വാഹന നിയമത്തിലെ നാല് (1) വകുപ്പ്: ഏറ്റവും ചുരുങ്ങിയത് പതിനെട്ട് വയസ് പ്രായമുള്ളവര്‍ക്കേ മോട്ടോര്‍വാഹനം ഓടിക്കാന്‍ ലൈസന്‍സ് നല്‍കാവൂ. 20 വയസില്‍ താഴെ പ്രായമുള്ളവര്‍ പൊതുസ്ഥലത്ത് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കരുതെന്നാണ് നാല്(2) വകുപ്പ് പറയുന്നത്.
മോട്ടോര്‍ വാഹന നിയമത്തിലെ ഏഴാം വകുപ്പ്: ഒരു വര്‍ഷമായി എല്‍.എം.വി ലൈസന്‍സില്ലാത്തവര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് വാഹനമോടിക്കാന്‍ ലേണേഴ്സ് ലൈസന്‍സ് നല്‍കരുത്.
മോട്ടോര്‍ വാഹന നിയമത്തിലെ പതിനാലാം വകുപ്പ്: ട്രാന്‍സ്പോര്‍ട്ട് വാഹനമോടിക്കാനുള്ള ലൈസന്‍സിന്റെ കാലാവധി മൂന്നു വര്‍ഷമാണ്. അപകട സ്വഭാവമുള്ള ചരക്ക് കയറ്റുന്ന വാഹനമാണെങ്കില്‍ ലൈസന്‍സ് കാലാവധി ഒരു വര്‍ഷമാണ്. മറ്റു ലൈസന്‍സുകളുടെ കാലാവധി 20 വര്‍ഷമാണ്.
1989ലെ മോട്ടോര്‍ വാഹന ചട്ടങ്ങളിലെ അഞ്ചാം ചട്ടം: ട്രാന്‍സ്പോര്‍ട്ട് ലൈസന്‍സ് പുതുക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് അഞ്ചാം ചട്ടം പറയുന്നത്. എന്നാല്‍ ലൈറ്റ് മോട്ടോര്‍ വാഹന ലൈസന്‍സിന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാവും.
മോട്ടോര്‍ വാഹനചട്ടങ്ങളിലെ 31ാം ചട്ടം: വ്യത്യസ്ഥ ലൈസന്‍സുകള്‍ ലഭിക്കാന്‍ വ്യത്യസ്തമായ കാര്യങ്ങള്‍ പഠിക്കണം. പരിശീലന സമയത്തിലും വ്യത്യാസമുണ്ട്.
ഉചിതമായ ലൈസന്‍സില്ലാതെ പൊതുവിടങ്ങളില്‍ വാഹനമോടിക്കാന്‍ ആരെയും അനുവദിക്കരുതെന്ന മോട്ടോര്‍ വാഹന നിയമത്തിലെ മൂന്നാം വകുപ്പ് ‘മുകുന്ദ് ദേവാംഗന്‍’ കേസില്‍ കൃത്യമായി പരിശോധിച്ചില്ലെന്നും മൂന്നംഗബെഞ്ച് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ കേസുകളെല്ലാം ഉചിതമായ ബെഞ്ചിന് കൈമാറാന്‍ ചീഫ്ജസ്റ്റീസിനോട് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തിരിക്കുന്നത്.
Source: Agencies | Compiled by Aneeb P.A