കൊല്ലം : എന്റെ മാളുവിനൊപ്പം കഴിഞ്ഞനിമിഷങ്ങള്‍… ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ഓര്‍മയാക്കി അവള്… ഭര്‍ത്തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ട വിസ്മയയുടെ സഹോദരന് വിജിത്തിന്റെ വാക്കുകളാണിത്. സ്നേഹിച്ചും കലഹിച്ചും ടിക് ടോക്കില്‍ രസകരങ്ങളായ വീഡിയോകള്‍ ചെയ്തും ഏറെ സന്തോഷത്തോടെയാണ് കൈതോട്ടുള്ള വീട്ടില്‍ അവര്‍ കഴിഞ്ഞത്.
വീഡിയോകളിലൊന്നില്‍ കടലോളം വാത്സല്യം എന്ന പാട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു വിജിത്തിന്റെയും വിസ്മയയുടെയും അഭിനയം. വീട്ടിലും നാട്ടിലും എല്ലാവര്ക്കും കടലോളം വാത്സല്യമായിരുന്നു അവളോട്. അവളുടെ ഇഷ്ടങ്ങള്‍ക്കൊപ്പമായിരുന്നു അച്ഛനും അമ്മയും സഹോദരനുമെല്ലാം.
രസകരങ്ങളായ ഒട്ടേറെ വീഡിയോകളാണ് ഇരുവരും ചേര്‍ന്നു ചെയ്തിരുന്നത്. പെങ്ങന്മാരുടെ കൂട്ടുകാരെ കാണുമ്പോള്‍ ഇളക്കംകാട്ടുന്ന ആങ്ങളയായി വിജിത്തും നൃത്തവും അഭിനയവുമെല്ലാംകൊണ്ട് വിസ്മയയും ശ്രദ്ധേയയായിരുന്നു. കുട്ടികളുടെ പ്രിയങ്കരിയായ ഡോറയുടെ ഭാവപ്രകടനങ്ങളും വിസ്മയ തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു.
വിവാഹം ഉറപ്പിച്ചതോടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം വിസ്മയയ്ക്ക് അന്യമാകുകയായിരുന്നു. ചിലപ്പോള്‍ സ്നേഹത്തോടെയും മറ്റുചിലപ്പോള്‍ അങ്ങേയറ്റം മോശമായും പെരുമാറുന്ന പ്രകൃതക്കാരനായിരുന്നു കിരണ്‍. അച്ഛനമ്മമാരും സഹോദരനും തന്നെച്ചൊല്ലി വേദനിക്കേണ്ടന്നു കരുതിയാണ് പരീക്ഷയെഴുതാന്‍പോയ വിസ്മയ, അവിടെനിന്നു കിരണിനൊപ്പം പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. അന്നുമുതല്‍ കാറിന്റെപേരില് മോശം പെരുമാറ്റം കിരണില്നിന്നുണ്ടായി. അവസാനം വിളിക്കുമ്പോള്‍ അമ്മയോട് 5,500 രൂപ തന്റെ അക്കൗണ്ടില്‍ ഇടാന്‍ അഭ്യര്‍ഥിച്ചിരുന്നതായും അച്ഛന് പറയുന്നു.
സര്ക്കാര്ഉദ്യോഗസ്ഥനല്ലേയെന്നു കരുതി
മാര്യേജ് ബ്യൂറോ വഴി വിവാഹാലോചന തുടങ്ങിയതുമുതല്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമടക്കം നിരവധിപ്പേരുടെ വിവാഹാലോചനകള്‍ വന്നിരുന്നതായി വിജിത്ത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലേ, ഉയര്‍ന്ന പദവിയല്ലേയെന്ന് അന്നു കരുതി. കിരണിനെപ്പറ്റി മോശം അഭിപ്രായമൊന്നും അന്നു കേട്ടിരുന്നില്ല. വിവാഹം ഉറപ്പിച്ചശേഷം കിരണ്‍ കൈതോട്ടെ വീട്ടിലെത്താറുണ്ടായിരുന്നു. ഇടയ്ക്ക് വിസ്മയയെ മര്‍ദിച്ചതായി അറിഞ്ഞിരുന്നെങ്കിലും കാര്യമായെടുത്തിരുന്നില്ല.