ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയിന്റുമായി ബ്രസീല്‍ ഒന്നാമതാണ്
റിയൊ ഡി ജനീറൊ: കോപ്പ അമേരിക്കയില്‍ ബ്രസീലിന്റെ വിജയക്കുതിപ്പ് തുടരുന്നു. കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴ്പ്പെടുത്തിയാണ് ടൂര്‍ണമെന്റിലെ മൂന്നാം ജയം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് നിലവിലെ ചാമ്പ്യന്മാരുടെ തിരിച്ചു വരവ്.
മത്സരത്തിന്റെ പത്താം മിനുറ്റില്‍ തന്നെ കൊളംബിയ ബ്രസീലിനെ ഞെട്ടിച്ചു. കോഡ്രാഡോയുടെ ക്രോസില്‍ നിന്ന് ലൂയിസ് ഡയാസിന്റെ ബൈസിക്കിള്‍ കിക്ക്. ബ്രസീലിയില്‍ ഗോളി വെവര്ട്ടോണും പ്രതിരോധ താരങ്ങളും നിശ്ചലമായി നിന്നു.
ആദ്യ പകുതിയില്‍ ഗോള്‍ മടക്കാനുള്ള കാനറികളുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഒടുവില്‍ പകരക്കാരനായെത്തിയ റൊബര്‍ട്ട് ഫെര്‍മിനോയാണ് ബ്രസീലിനെ ഒപ്പമെത്തിച്ചത്. റെനാന്‍ ലോധിയുടെ പാസില്‍ നിന്ന് ഹെഡറിലൂടെയാണ് 78-ാം മിനുറ്റില്‍ ഗോള്‍ പിറന്നത്.
സമനിലയിലേക്ക് പോകുമെന്നുറച്ച മത്സരത്തിന്റെ അധിക സമയം പത്താം മിനുറ്റില്‍ എത്തിയപ്പോഴാണ് കാസിമീറൊ രക്ഷകനായി എത്തിയത്. കോര്‍ണറില്‍ നിന്നാണ് ഗോള്‍. കിക്കെടുത്ത നെയ്മറിന് പിഴച്ചില്ല. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കാസിമീറൊ അനായാസം പന്ത് വലയിലെത്തിച്ചു.
ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയിന്റുമായി ബ്രസീല്‍ ഒന്നാമതാണ്. നാല് കളികളില്‍ നിന്ന് നാല് പോയിന്റുള്ള കൊളംബിയ രണ്ടാമതും.