പുലാമന്തോള്‍: പെയിന്റിങ് തൊഴിലാളിയായ അര്മിയാഹിന്റെ (23)മനസ്സിനെ ചഞ്ചലമാക്കാന്‍ സ്വര്‍ണത്തിനും കഴിഞ്ഞില്ല. യുവാവിന്റെ നന്മയില് ഉടമസ്ഥന് തിരികെ കിട്ടിയത് അഞ്ചുപവന്റെ സ്വര്‍ണാഭരണങ്ങള്‍.
പുലാമന്തോള്‍ വളപുരം കെ.പി. കുളമ്പ് ഗ്രാമത്തില്‍ നിന്നാണ് സത്യസന്ധതയുടെ നല്ല കാഴ്ച പുറംലോകമറിഞ്ഞത്. വളപുരം കെ.പി. കുളമ്പില്‍ പലചരക്കുകട നടത്തുന്ന അമീര്‍ അബ്ബാസിനാണ് സ്വര്‍ണാഭരണം തിരികെ കിട്ടിയത്.
സഹോദരിയുടെ ബന്ധുവീട്ടിലെ കല്യാണത്തിന് കൈമാറാനുള്ള സ്വര്‍ണമായിരുന്നു അത്. ബാങ്കില്‍ പണയംെവച്ച ഒരുപവന് സ്വര്‍ണം തിരിച്ചെടുത്തതും സഹോദരി നല്കിയ നാലുപവനും ചേര്‍ത്തുള്ള അഞ്ചു പവന്റെ ആഭരണങ്ങള്‍ പെട്ടിയിലാക്കി കടയില്‍ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രിയില്‍ കടയടച്ചുവീട്ടിലേക്ക് മടങ്ങുമ്പോള്‍ ആഭരണപ്പെട്ടി കടയ്ക്കു പുറത്ത് മറന്നുവെച്ചു. പിറ്റേദിവസം രാവിലെ ഏഴരക്ക് അമീറിനെ തേടി അര്മിയാഹിന്റെ ഫോണ്‍ വിളിയെത്തി. ആഭരണപ്പെട്ടി കടവരാന്തയില്നിന്ന് കിട്ടിയിട്ടുണ്ടെന്നുള്ള വിവരം കേട്ടെത്തിയ അമീറിന് അത് അര്‍മിയാഹ് കൈമാറി.
പെയിന്റിങ് ജോലിക്ക് പോകുകയായിരുന്ന അര്‍മിയാഹ് പെട്ടെന്നുള്ള മഴയില്‍ കടവരാന്തയിലേക്ക് കയറി നില്‍ക്കുകയായിരുന്നു. ആഭരണപ്പെട്ടിയിയില്നിന്ന് കിട്ടിയ ബാങ്ക് രേഖയിലെ വിവരങ്ങള്‍ വെച്ചാണ്
അമീറിനെ ബന്ധപ്പെട്ടത്.