Sumayya P | Samayam Malayalam | Updated: Mar 16, 2022, 11:26 AM
സേവന കാലയളവിന്റെ ദൈര്‍ഘ്യത്തിന് അനുസരിച്ചാണ് ഈ തുക നല്‍കുക. എന്നാല്‍ സേവന കാലയളവില്‍ തന്നെ ജീവനക്കാര്‍ക്കു വേണ്ടി നിശ്ചിത തുക നിക്ഷേപിക്കുന്ന പദ്ധതിയാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്
സ്റ്റിയറിംഗ് കമ്മിറ്റി ആദ്യ യോഗം ചേര്‍ന്നു
ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അഥവാ ഡിഐഎഫ്സിയുടെ മേല്‍നോട്ടത്തില്‍ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിച്ചും മികച്ച രീതിയില്‍ നടപടിക്രമങ്ങള്‍ പാലിച്ചുമാണ് പ്രവാസികള്‍ക്കുള്ള ഈ നിക്ഷേപ പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ അബ്ദുല്ല അല്‍ ബസ്തി അറിയിച്ചു. കഴിഞ്ഞ ബുധാഴ്ച പദ്ധതി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായാണ് കമ്മിറ്റി യോഗം ചേരുന്നത്. ദുബായിലെ ജീവനക്കാര്‍ക്ക് മികച്ച ജീവിത സാഹചര്യമൊരുക്കുകയും അവരുടെ റിട്ടയര്‍മെന്റ് ജീവിതം സന്തോഷകരമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ദുബായ് ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. പുതിയ റിട്ടയര്‍മെന്റ് ആനുകൂല്യ പദ്ധതി തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം മികച്ചതാക്കും. അതോടൊപ്പം ജീവനക്കാര്‍ക്ക് മികച്ച നിക്ഷേപക സാധ്യതയാണ് ഇതിലൂടെ തുറന്നിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാറ്റുവിറ്റി തുക സേവിംഗ്സ് ഫണ്ടില്‍ നിക്ഷേപിക്കും
നിലവിലെ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ക്കു പുറമെയാണ് പുതിയ റിട്ടര്‍മെന്റ് നിക്ഷേപ പദ്ധതി ദുബായ് പ്രഖ്യാപിച്ചിരിക്കുന്നത്. സേവനം അവസാനിക്കുന്ന സമയത്ത് മൊത്തമായി ലഭിക്കുന്ന തുകയാണ് ഗ്രാറ്റുവിറ്റി. സേവന കാലയളവിന്റെ ദൈര്‍ഘ്യത്തിന് അനുസരിച്ചാണ് ഈ തുക നല്‍കുക. എന്നാല്‍ സേവന കാലയളവില്‍ തന്നെ ജീവനക്കാര്‍ക്കു വേണ്ടി നിശ്ചിത തുക നിക്ഷേപിക്കുന്ന പദ്ധതിയാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ആളുകളും പുതിയ സേവിംഗ്സ് പദ്ധതിയില്‍ സ്വമേധയാ ഉള്പ്പെടുത്തപ്പെടുമെന്നും ആദ്യ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം അബ്ദുല്ല അല്‍ ബസ്തി അറിയിച്ചു. ജോലിയില്‍ പ്രവേശിച്ച തീയതി മുതലുള്ള ഗ്രാറ്റുവിറ്റി തുക കണക്കാക്കി അത് നിക്ഷേപക പദ്ധതിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. തൊഴില്‍ സ്ഥാപനമാണ് ഇത് ചെയ്യുക. മുന്‍വര്‍ഷങ്ങളിലുള്ള സാമ്പത്തിക ബാധ്യതകളൊന്നും കണക്കാക്കാതെയാണ് ഈ തുക നിക്ഷേപിക്കുക. നിലവിലെ നിയമപ്രകാരം അതുവരെയുള്ള സേവന കാലാവധിക്ക് അനുസൃതമായ ഗ്രാറ്റുവിറ്റി തുകയാണ് ജീവനക്കാരന്റെ പേരില്‍ നിക്ഷേപിക്കുക. എന്നാല്‍ ജീവനക്കാരന് സ്ഥാനക്കയറ്റമോ തൊഴില്‍ മാറ്റമോ വരുന്നതിന് അനുസരിച്ച് വിഹിതത്തിലും വ്യത്യാസം വരുത്തും.
ജീവനക്കാര്‍ക്കും പദ്ധതിയില്‍ നിക്ഷേപിക്കാം
അതേസമയം, താല്പര്യമുള്ള ജീവനക്കാരന് സ്വന്തം നിലയ്ക്കും പദ്ധതിയില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ടായിരിക്കും. എത്ര തുക നിക്ഷേപിക്കപ്പെടുന്നു, ഏത് സ്കീമിലാണ് തുക നിക്ഷേപിക്കുന്നത് എന്നതിന് അനുസൃതമായിരിക്കും ഇതില്‍ നിന്നുള്ള ലാഭം. ശരീഅത്ത് ഫണ്ട്, ഹൈ റിസ്ക്ക് ഫണ്ട്, ലോ റിസ്ക്ക് ഫണ്ട് ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ നിക്ഷേപിക്കാനുള്ള അവസരം ജീവനക്കാര്‍ക്ക് ഉണ്ടായിരിക്കും. ഒന്നിലധികം പോര്‍ട്ട്ഫോളിയോകളില്‍ നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ടാകും. ജീവനക്കാരന് സ്വന്തം നിലയ്ക്ക് പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുക, ഇഷ്ടാനുസരണം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാനുള്ള അവസരവും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സേവന കാലാവധിക്ക് ശേഷം നിക്ഷേപിക്കപ്പെട്ട തുക പൂര്‍ണമായി പിന്‍വലിക്കുകയോ അല്ലെങ്കില്‍ നിക്ഷേപം തുടരുകയോ ചെയ്യാന്‍ ജീവനക്കാരന് അവകാശമുണ്ടായിരിക്കും.
പദ്ധതി പ്രഖ്യാപിച്ചത് ദുബായ് കിരീടാവകാശി
കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിന് ശേഷം ദുബായ് കിരീടാവാകാശിയും കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദാണ് ദുബായ് സര്‍ക്കാറിലെ പ്രവാസി ജീവനക്കാര്‍ക്ക് റിട്ടയന്മെന്റ് ഫണ്ട് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നല്കിയ കാര്യം പ്രഖ്യാപിച്ചത്. ദുബായില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബത്തിനും മെച്ചപ്പെട്ട ജീവിതവും സമ്പാദ്യവും ഉറപ്പാക്കുകയാണ് ഈ പദ്ധതി ഏര്‍പ്പെടുത്തുന്നതിലൂടെ ദുബായ് ഭരണകൂടം ലക്ഷ്യമിടുന്നമെന്ന് ഷെയ്ഖ് ഹംദാന്‍ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ദുബായ് തൊഴില്‍ കമ്പോളത്തെ കൂടുതല്‍ ആകര്‍ഷമാക്കാന്‍ അത് സഹായിക്കുകയും ചെയ്യും.
അടുത്ത ഘട്ടത്തില്‍ സ്വകാര്യ മേഖലയിലും പദ്ധതി നടപ്പിലാക്കും
ദുബായിലെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലാണ് ഒന്നാം ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നതെങ്കിലും അടുത്ത സ്വകാര്യമേഖലയില്‍ കൂടി ഇത് നടപ്പിലാക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കിടയില്‍ പദ്ധതി എങ്ങനെ നടപ്പാക്കാം എന്നതിനെ സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ നിലവില്‍ പ്രവാസികള്‍ക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് പി എഫ് ആനൂകൂല്യം ലഭ്യമാക്കുകയെന്നും ദുബായ് കിരീടാവകാശി അറിയിച്ചു. 2020ലാണ് ദുബായിലെ പ്രവാസികള്‍ക്ക് ഗ്രാറ്റുവിറ്റി ആനുകൂല്യം മല്കാന് ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചത്. ജോലിയില്‍ ചുരുങ്ങിയത് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്കായിരിക്കും ഇതിനുള്ള ആനുകൂല്യം ലഭിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ താമസിയാതെ പ്രഖ്യാപിക്കുമെന്നും സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷന്‍ അറിയിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : dubai government pension plan will enrol foreign workers in stages
Malayalam News from Samayam Malayalam, TIL Network