Sumayya P | Samayam Malayalam | Updated: 24 Jun 2021, 11:17:06 AM
രണ്ട് ഡോസ് വാക്സിന് എടുത്ത വിദേശികള്‍ക്ക് ആഗസ്ത് ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് കുവൈറ്റ് നേരത്തേ വ്യക്തമാക്കിയിരുന്നു
തിരികെയെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു
ഇതിന്റെ ആദ്യപടിയായി കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിപ്പോയവരും ഇപ്പോള്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നവരും കാലാവധിയുള്ള റസിഡന്‍സ് വിസയുള്ളവരുമായ കുവൈറ്റ് പ്രവാസികളുടെ വിവര ശേഖരണം ആരംഭിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. യാത്രക്കാര്‍ പാലിക്കേണ്ട വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ചും അതിന് കുവൈറ്റ് അധികൃതരുടെ അംഗീകാരം വാങ്ങുന്നത് സംബന്ധിച്ചും പ്രവാസികള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നതെന്ന് എംബസി അഭിപ്രായപ്പെട്ടു. രണ്ട് ഡോസ് വാക്സിന് എടുത്ത വിദേശികള്‍ക്ക് ആഗസ്ത് ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് കുവൈറ്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിബന്ധനകളുടെ കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. നാട്ടില്‍ എടുത്ത വാക്സിന് കുവൈറ്റ്് അംഗീകരിക്കുമോ എന്നതാണ് പ്രധാന ആശങ്ക.
വാക്സിനേഷനെ കുറിച്ച് അവ്യക്തത
ഓക്സ്ഫോഡ്/ആസ്ട്രസെനക്ക, ഫൈസര്‍ ബയോണ്‍ടെക്ക്, മോഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നീ നാല് വാക്സിനുകളില്‍ ഏതെങ്കിലുമൊന്ന് സ്വീകരിച്ചവര്‍ക്ക് പ്രവേശനം നല്‍കുമെന്നാണ് കുവൈറ്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കുവൈത്ത് അംഗീകരിച്ച ഓക്സ്ഫോഡ് ആസ്ട്രസെനക്ക തന്നെയാണ് കൊവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ നല്‍കുന്നത് എന്നതിനാല്‍ ഇത് എടുത്തവര്‍ക്ക് തടസ്സങ്ങളുണ്ടാവാന് ഇടയില്ല. എന്നാല്‍ കൊവാക്സിന് എടുത്തവരുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഇത്തരം ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എംബസി നാട്ടില്‍ കുടുങ്ങിയവരുടെ വിവരം ശേഖരിക്കുന്നത്. വാക്സിനേഷനു പുറമെ, 72 മണിക്കൂറിനകം എടുത്ത പിസിആര്‍ പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഏഴ് ദിവസത്തെ ക്വാറന്റൈന്, അതിനു ശേഷം പിസിആര്‍ പരിശോധന തുടങ്ങിയവയാണ് മറ്റ് നിയന്ത്രണങ്ങള്‍.
വിവരങ്ങള്‍ നല്‍കേണ്ടത് ഗൂഗ്ള്‍ ഫോമില്‍
https://forms.gle/ZgRpFBTFV5V24Vqb8 എന്ന ഗൂഗിള്‍ ഫോമിലാണ് പ്രവാസികള്‍ വിവരങ്ങള്‍ നല്‍കേണ്ടത്. പേര്, പാസ്പോര്‍ട്ട് നമ്പര്‍, ഇമെയില്‍ വിലാസം, ഫോണ്‍നമ്പര്‍, പ്രായം 16 വയസ്സില്‍ കുറവാണോ കൂടുതലാണോ, സംസ്ഥാനം, യാത്ര പുറപ്പെടാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യയിലെ വിമാനത്താവളം, കുവൈറ്റിലെ റെസിഡന്‍സ് പെര്‍മിറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍, സിവില്‍ ഐഡി നമ്പര്‍, കൊവിഡ് വാക്സിനേഷന് വിവരങ്ങള്‍, https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ലിങ്ക് വഴി വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് കുവൈത്ത് ആരോഗ്യ മന്ത്രാലയം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തോ, രജിസ്ട്രേഷനില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ, വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചോ, സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് വിവരം, ബാച്ച് നമ്പര്‍, തീയതി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ടോ, കൊവിഷീല്‍ഡ് എടുത്തവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഓക്സ്ഫോര്‍ഡ് ആസ്ട്രസെനക്ക എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ഗൂഗിള്‍ ഫോമിലൂടെ നല്‍കേണ്ടത്. ഈ വിവരങ്ങള്‍ അനുസരിച്ചാണ് കുവൈറ്റ് അധികൃതരുമായി തുടര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്നും എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും യാത്രയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ക്കും www.indembkwt.gov.in എന്ന എംബസി വെബ്സൈറ്റും @indembkwt, @indianembassykuwait എന്നീ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും കൃത്യമായി നിരീക്ഷിക്കണമെന്നും എംബസി അറിയിച്ചു. സംശയ നിവാരണത്തിന് hoc.kuwait@mea.gov.in എന്ന ഇമെയിലിലും ബന്ധപ്പെടാം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : indian embassy advisory for indian workers in kuwait
Malayalam News from malayalam.samayam.com, TIL Network