മാവേലിക്കര: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് നടത്തുന്ന സമരം ശക്തമാക്കുന്നു.
ഇടപെടലുകളും പ്രതിഷേധങ്ങളും അവഗണിക്കപ്പെട്ടിരിക്കുകയാണ്. സംഭവം നടന്ന് നാല്പതു ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി.
പ്രതികളെ ഉടനടി അറസ്റ്റു ചെയ്ത് നിയമത്തിനു മുന്പില് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ ജൂണ്‍ 25ന് ന് സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കാന്‍ സംഘടന തീരുമാനിച്ചു.
25ന് രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കും. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഐ പി ചികിത്സ, കോവിഡ് ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് മുടക്കമുണ്ടാവില്ല.
കോവിഡ് മഹാമാരിയുടെ കാലത്തുപോലും ഇത്തരം അക്രമണങ്ങള്‍ ചെറുക്കാനും നീതി നടപ്പാവാനും ഡോക്ടര്‍മാര്‍ക്ക് പരസ്യ പ്രതിഷേധത്തിലേക്ക് പോക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ പോലീസുകാരനുള്പ്പടെയുള്ള പ്രതികളുടെ അറസ്റ്റും മറ്റു നിയമ നടപടികളും എത്രയും വേഗം നടപ്പാക്കണമെന്ന് കെ ജി എം ഒ എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.