ഡെന്മാർക്കും ബെൽജിയവും തമ്മിൽ നടന്ന മത്സരത്തിന് 25,000 ആരാധകർക്ക് പ്രവേശനം നൽകിയിരുന്നു
കോപ്പൻഹേഗൻ: യൂറോ കപ്പിൽ ജൂൺ 17ന് ഡെന്മാർക്ക് – ബൽജിയും മത്സരം കാണാനെത്തിയ ഫുട്ബോൾ ആരാധകരോട് കോവിഡ് പരിശോധന നടത്താൻ ആവശ്യപ്പെട്ട് ഡാനിഷ് ആരോഗ്യ മന്ത്രാലയം. മത്സരത്തിനെത്തിയ മൂന്ന് കാണികളിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സർക്കാർ നിർദേശം.
പോസിറ്റീവ് ആയവർക്ക് സമീപം ഏകദേശം 4,000 കാണികൾ ഇരുന്നിരുന്നതായി ഡാനിഷ് ആരോഗ്യ ,മന്ത്രി മാഗ്നസ് ഹ്യുനിക്കെ ട്വിറ്ററിലൂടെ അറിയിച്ചു. കോപ്പൻഹേഗനിൽ മൂന്ന് യൂറോ മത്സരങ്ങളിലും കണികളായെത്തിയവർ കോവിഡ് ബാധിതരായിട്ടില്ല എന്ന രേഖ സമർപ്പിച്ചാൽ മാത്രമേ അടുത്ത മത്സരങ്ങൾക്ക് പാർക്കൻ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു.
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യത്തിൽ ഡെന്മാർക്കും ബെൽജിയവും തമ്മിൽ നടന്ന മത്സരത്തിന് 25,000 ആരാധകർക്ക് പ്രവേശനം നൽകിയിരുന്നു. രോഗ ബാധിതരായവരെല്ലാം മത്സരത്തിനിടയിൽ രോഗം ബാധിച്ചവരാണെന്ന് ഡാനിഷ് ഏജൻസി ഫോർ പേഷ്യന്റ് സേഫ്റ്റി തലവൻ പറഞ്ഞു.
“നാലഞ്ച് ദിവസം കഴിയുന്നതുവരെ അവർക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, അതായത് അവർ ഇരുന്നിടത് നിന്നുമറ്റുമാണ് രോഗം ബാധിച്ചിരിക്കുന്നത്” അനേറ്റ് ലൈക്ക് ഡാനിഷ് മാധ്യമത്തിനോട് പറഞ്ഞു.
ഡാനിഷ് മാധ്യമങ്ങൾ പറയുന്നതനുസരിച്ചു ഡെന്മാർക്കിൽ ഏപ്രിൽ രണ്ടു മുതൽ 247 കേസുകളിലാണ് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച ആരാധകർ ഡെന്മാർക്കിൽ ഉള്ളവർ തന്നെയാണ്.
കോപ്പൻഹേഗനിൽ തിങ്കളാഴ്ച ഒരു യൂറോ മത്സരം കൂടിയാണ് അരങ്ങേറാൻ ഉള്ളത്. റൗണ്ടിലെ 16 മത്സരത്തിൽ സ്പെയിൻ ക്രൊയേഷ്യയെ നേരിടും. ആംസ്റ്റർഡാമിൽ വെയിൽസിനെതിരെ ശനിയാഴ്ചയാണ് ഡെന്മാർക്കിന്റെ അടുത്ത മത്സരം.
ഡാനിഷ് ആരോഗ്യ മന്ത്രാലയവും ഡാനിഷ് ഫുട്ബോൾ അസോസിയേഷനും രോഗ ബാധിതരെ കണ്ടെത്തുന്നതിന് സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. മത്സരത്തിൽ കാണികളായവരോട് ഐസൊലേഷനിൽ പോകാൻ നിർദേശിച്ചിട്ടില്ലെന്ന് ഡാനിഷ് ഏജൻസി ഫോർ പേഷ്യന്റ് സേഫ്റ്റി പറഞ്ഞു.
Read Also: UEFA EURO 2020: ഫ്രാൻസ്, ജർമനി, പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ; മരണഗ്രൂപ്പിൽ തലയെടുപ്പോടെ ഹംഗറി