നിലവിൽ ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്താണ് ഉറുഗ്വായ്
Copa America 2021: കോപ്പ അമേരിക്കയില്‍ കരുത്തരായ ഉറുഗ്വായിക്ക് ആദ്യ ജയം സ്വന്തമാക്കാന്‍ കാത്തിരിക്കേണ്ടി വന്നത് മൂന്ന് മത്സരങ്ങള്‍. ഒടുവില്‍ ബൊളിവിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ബൊളിവിയയുടെ പ്രതിരോധ താരം ജെയിറൊ ക്വിന്റേറോസിന്റെ ഓണ്‍ ഗോളും, എഡിസണ് കവാനിയുടെ ഗോളുമാണ് ഉറുഗ്വായിക്ക് ജയം സമ്മാനിച്ചത്.
ബൊളിവിയക്ക് മുകളില്‍ എന്തുകൊണ്ടാണ് ഉറുഗ്വായിയുടെ ജയം ഇത്രമേല്‍ ചെറുതായിപ്പോയതെന്ന ചോദ്യം സ്വാഭാവികമായും ഉയരേണ്ടതാണ്. 22 ഷോട്ടുകളാണ് ഉറുഗ്വായിയുടെ മുന്നേറ്റ നിര തൊടുത്തത്. ലക്ഷ്യം കണ്ടതാകട്ടെ ഒന്നു മാത്രം.
എഡിസണ് കവാനിയും, ലൂയി സുവാരസും അവസരങ്ങള്‍ പാഴാക്കുന്നതില്‍ മത്സരിച്ചുവെന്ന് പറയാം. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഇരുവര്‍ക്കും പന്ത് ലഭിച്ചത് നിരവധി തവണ. പരിശീലകന് ഓസ്കാര്‍ തബാരെസിന് തലയില്‍ കൈ വയ്ക്കാൻ മാത്രമായിരുന്നു സമയം ഉണ്ടായിരുന്നത്.
ഒടുവില്‍ 40-ാം മിനിറ്റില്‍ ക്വിന്റേറോസിന്റെ ഓണ്‍ ഗോള്‍ ഉറുഗ്വായിയെ മുന്നിലെത്തിച്ചു. 79-ാം മിനിറ്റിലാണ് കവാനി ലക്ഷ്യം കണ്ടത്. ടോറസിന്റെ ക്രോസ് അനായാസം വലയിലെത്തിക്കാന്‍ സൂപ്പര്‍ താരത്തിനായി. നിലവില്‍ ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനത്താണ് ഉറുഗ്വായ്.
മറ്റൊരു മത്സരത്തില്‍ പരാഗ്വെ ചിലിയെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തി. ബ്രായിയാന്‍ സമുദിയോയും, മുഗുവേല്‍ ആല്‍മിറോണുമാണ് ഗോള്‍ നേടിയത്. ജയത്തോടെ എ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് എത്താന്‍ ചിലിക്കായി.
Also Read: UEFA EURO 2020: ഫ്രാൻസ്, ജർമനി, പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ; മരണഗ്രൂപ്പിൽ തലയെടുപ്പോടെ ഹംഗറി