കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കുന്നവർക്കായി പ്രധാനപ്പെട്ട മാറ്റങ്ങളുമായാണ് വിൻഡോസ് 11 വരുന്നത്
ഒടുവിൽ വിൻഡോസ് 11 ഇങ്ങെത്തി. വലിയ മാറ്റങ്ങളും മികച്ച അനുഭവവും സമ്മാനിക്കുന്ന സവിശേഷതകളുമായാണ് വിൻഡോസ് 11 എത്തുന്നത്. ഈ വർഷം അവസാനത്തോടെയാണ് വിൻഡോസിന്റെ പുതിയ പതിപ്പ് ലഭ്യമാകുക. സൗജന്യ അപ്ഡേഷനായാണ് ഇത് ഉപയോക്താക്കൾക്ക് ലഭിക്കുക. പുതിയ വിൻഡോസ് പ്രവർത്തിക്കണമെങ്കിൽ ചില ഹാർഡ്വെയറുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ആവശ്യമാണ്. എന്തായാലും വിൻഡോസ് 11ൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന സവിശേഷതകൾ താഴെ അറിയാം.
വിൻഡോസിൽ ഇനി ആൻഡ്രോയിഡ് ആപ്പുകളും
ആദ്യമായി വിൻഡോസിൽ ആൻഡ്രോയിഡ് ആപ്പുകൾ കൊണ്ടുവരികയാണ് വിൻഡോസ്. ഈ വർഷം അവസാനത്തോടെ മൈക്രോസോഫ്റ്റ് സ്റ്റോറിൽ ആൻഡ്രോയിഡ് ആപ്പുകൾ ലഭ്യമായി തുടങ്ങും. ആമസോൺ ആപ്പ് സ്റ്റോർ വഴിയും ആപ്പുകൾ ഡൗൺലോഡ് ചെയ്യാം. അവരുടെ സ്വന്തം ആപ്പുകളായ മൈക്രോസോഫ്റ്റ് ടീംസ്, വിശ്വൽ സ്റ്റുഡിയോ, നോട്ട്പാഡ്, പെയിന്റ് എന്നിവക്കൊപ്പം അഡോബി ക്രീയേറ്റീവ് ക്ളൗഡ്, ഡിസ്നി +, ടിക്ടോക്, സൂം തുടങ്ങിയ ആപ്പുകളും വിൻഡോസ് 11 മൈക്രോസോഫ്റ്റ് സ്റ്റോറിൽ ലഭ്യമാകുമെന്ന് കമ്പനി പറഞ്ഞു.
ഗെയിം കളിക്കുന്നവർക്ക് വേണ്ടി പ്രധാന മാറ്റങ്ങൾ
കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കുന്നവർക്കായി പ്രധാനപ്പെട്ട മാറ്റങ്ങളുമായാണ് വിൻഡോസ് 11 വരുന്നത്. ഉയർന്ന ഫ്രെയിം നിരക്കിൽ അധിക ഗ്രാഫിക്സ് വാക്ദാനംചെയ്യുന്ന ഡയറക്റ്റ് എക്സ് 12 അൾട്ടിമേറ്റ് പുതിയ വിൻഡോസിൽ സപ്പോർട്ട് ചെയ്യും. മികച്ച ദൃശ്യാനുഭവം നൽകുമെന്ന് കമ്പനി പറയുന്ന വിൻഡോസ് 11ൽ ഓട്ടോ എച്ഡിആർ സപ്പോർട്ടും വരുന്നുണ്ട്. ഗെയിമുകൾ സിപിയു വഴി ലോഡ് ആകുന്നതിനു പകരം നേരിട്ട് ഗ്രാഫിക്സ് കാർഡ് വഴി ലോഡ് ചെയ്യാൻ സഹായിക്കുന്ന ഡയറക്റ്റ്സ്റ്റോറേജും ഇതിലുണ്ട്.
എക്സ്ബോക്സ് ആപ്പ് വിൻഡോസ് 11ൽ ഉണ്ടാവും. എക്സ്ബോക്സ് ഗെയിം പാസ് ഉള്ള ഉപയോക്താക്കൾക്ക് 100 ഹൈ ക്വാളിറ്റിക്ക് മുകളിൽ ഗെയിമുകൾ കളിക്കാൻ സാധിക്കും. എക്സ്ബോക്സ് ക്ളൗഡ് ഗെയിമിംഗ് വഴി സ്ട്രീമിങ് ചെയ്യാനും സാധിക്കും.
മികച്ച മൾട്ടിടാസ്കിങ് അനുഭവം
മികച്ച മൾട്ടിടാസ്കിങ് ഡെസ്ക്ടോപ്പ് അനുഭവം നൽകുന്നതിനായി സ്നാപ്പ് ലേയൗട്ട്സ്, സ്നാപ്പ് ഗ്രൂപ്സ് എന്നിവയുമായാണ് വിൻഡോസ് 11 വരുന്നത്. “നിങ്ങളുടെ വിൻഡോകൾ ഓർഗനൈസ് ചെയ്യുന്നതിനും സ്ക്രീൻ റിയൽ എസ്റ്റേറ്റ് ഒപ്റ്റിമൈസ് ചെയ്യുന്നതിനും സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ സവിശേഷതകളാണിത്, അതിനാൽ വൃത്തിയുള്ള ഒരു ലേയൗട്ടിൽ നിങ്ങൾക്കാവശ്യമുള്ളത് കാണാൻ കഴിയും.” വിൻഡോസ് ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
ഉപയോക്താക്കൾക്ക് വേറെ ഡെസ്ക്ടോപ്പ് നിർമിക്കാനും ഇഷ്ടാനുസരണം അതുമായി ലിങ്ക് ചെയ്യാനും സാധിക്കും. അതായത് വർക്കിനും, ഗെയിമിങ്ങിനും, സ്കൂൾ ആവശ്യത്തിനുമൊക്കെ വെവ്വേറെ ഡെസ്ക്ടോപ്പുകൾ ആവാം.
വിഡ്ജറ്റുകൾ
നിങ്ങളുടെ ഡെസ്ക്ടോപ്പിന് മുന്നിലേക്ക് വലിക്കാവുന്ന തരത്തിൽ അപ്ഡേറ്റഡ് വിഡ്ജറ്റുകൾ വിൻഡോസ് 11ൽ നൽകിയിരിക്കുന്നു. വാർത്തകൾ, കലണ്ടർ, കാലാവസ്ഥ, ടു-ഡു ലിസ്റ്റ്, അടുത്തടുത്ത ഫോട്ടോകൾ എന്നിവയാണ് ഇതിൽ നല്കിയിരിക്കുന്നത്. എല്ലാം ഒരുമിച്ചു കാണണമെങ്കിൽ വിഡ്ജറ്റുകൾ ഫുൾ സ്ക്രീനിലും കാണാൻ സാധിക്കും. ഉപയോക്താക്കൾക്ക് വിഡ്ജറ്റുകൾ എപ്പോൾ വേണമെങ്കിലും ഉൾപ്പെടുത്താനും മാറ്റാനും സാധിക്കും.
“നമ്മൾ ഇടക്ക് വാർത്തകളും, കാലാവസ്ഥയും, നോട്ടിഫിക്കേഷനുകളും നോക്കാൻ ഫോൺ എടുക്കും. ഇപ്പോൾ അതിനു സമാനമായ കാഴ്ച ഡെസ്ക്ടോപിലും ലഭിക്കും. നിങ്ങളുടെ പഴ്സണലൈസ്ഡ് ഫീഡ് സൈഡിൽ നിന്നും ഓപ്പൺ ചെയ്യുമ്പോൾ ഒരു ഗ്ലാസ് ഷീറ്റ് പോലെയാകും അത് പ്രത്യക്ഷപ്പെടുക. അതുകൊണ്ട് തന്നെ അത് നിങ്ങൾ ചെയ്തുകൊണ്ട് ഇരിക്കുന്ന പ്രവർത്തിയെ തടസപ്പെട്ടുത്തില്ല” കമ്പനി പറഞ്ഞു.
Read Also: ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
റിഫ്രഷിങ് ലുക്ക്
ഒരു റിഫ്രഷിങ് ലുക്കുമായാണ് വിൻഡോസ് 11 എത്തുന്നത്. പുതിയ വിൻഡോസ് ഒഎസിലേക്ക് അപ്ഡേറ്റ് ചെയ്ത ശേഷം ഉപയോക്താക്കൾക്ക് സ്റ്റാർട്ട് മെനു നടുക്കായി കാണാൻ സാധിക്കും. ഒപ്പം മെനുവിനു ചുറ്റും വട്ടത്തിലുള്ള ചരിവുകളും കാണാം. എഡ്ജ്, ഫയൽ എക്സ്പ്ലോറർ തുടങ്ങിയ ഡിഫോൾട്ട് ഐക്കണുകളും നടുക്ക് കാണാം. ഈ ആപ്പുകളുടെ സ്ഥാനം മാറ്റാനും സ്റ്റാർട്ട് ബട്ടൺ അതിന്റെ യഥാർത്ഥ സഥാനത്തേക്ക് മാറ്റാനും സാധിക്കും.
വിൻഡോസ് 10ൽ ഉണ്ടായിരുന്ന ലൈവ് ടൈലുകൾ പുതിയ സ്റ്റാർട്ട് മെനുവിൽ ഉണ്ടായിരിക്കില്ല. അതിനു പകരം ചില റെക്കമെൻഡഡ് ആപ്പുകൾ താഴെ കാണാം. ഒരു സെർച്ച് ബട്ടണും മൈക്രോസോഫ്റ്റ് നൽകിയിട്ടുണ്ട്. അതുവഴി ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ആപ്പുകളും മറ്റു ഫങ്ക്ഷനുകളും സെർച്ച് ചെയ്ത് എടുക്കാൻ സാധിക്കും.
പുതിയ അപ്ഡേറ്റിൽ പുതിയ സൗണ്ടുകളും അലർട്ടുകളും വരുന്നുണ്ട്. പുതിയ തീമുകളും ആകർഷകമായ വോൾപേപ്പറുകളും പുതിയ വിൻഡോസ് 11ൽ കാണാം.