ജഡേജക്ക് പകരം ഹനുമാ വിഹാരിയെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് കുറച്ചധികം റൺസ് കൂടി നേടാൻ കഴിയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ അവസാന ഇലവനിൽ ജഡേജയെ ഉൾപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായെന്ന് മുൻ ഇന്ത്യൻ കളിക്കാരൻ സഞ്ജയ് മഞ്ചരേക്കർ. ജഡേജക്ക് പകരം ഹനുമാ വിഹാരിയെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് കുറച്ചധികം റൺസ് കൂടി നേടാൻ കഴിയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
“മത്സരത്തിന് മുമ്പ് ഇന്ത്യ എങ്ങനെയാണ് പോയത് എന്നു നോക്കുകയാണെങ്കിൽ, രണ്ടു സ്പിന്നർമാരെ ഉൾപ്പെടുത്തിയത് ചർച്ച ചെയ്യേണ്ട സെലക്ഷനാണ് കാരണം അന്തരീക്ഷം വളരെ മൂടിക്കെട്ടിയതും ഒരു ദിവസം വൈകിയുമായിരുന്നു ടോസ് നടന്നതും. ഒരു താരത്തെ ബാറ്റിങ്ങിന് വേണ്ടി മാത്രം ടീമിൽ ഉൾപ്പെടുത്തി, അത് ജഡേജയാണ്, ഇടം കയ്യൻ സ്പിന്നർ ആയത് കൊണ്ടല്ല ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയത്. ബാറ്റിങ്ങിന് വേണ്ടിയാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയത് ഞാൻ ഇതിനു എന്നും എതിരായിരുന്നു” മഞ്ചരേക്കർ ഇഎസ്പിഎൻ ക്രിക്ഇൻഫോയോട് പറഞ്ഞു.
രണ്ടു ഇന്നിങ്സിലും ബാറ്റിങ്ങിൽ മധ്യ നിര തകർന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലൻഡിനെതിരെ സതാംപ്ടണിൽ ഇന്ത്യയുടെ തോൽവി.
ജഡേജക്ക് പകരം ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സമാനെ കളിപ്പിച്ചിരുന്നെങ്കിൽ ന്യൂസിലൻഡിന് 200നു മുകളിൽ വിജയലക്ഷ്യം നല്കാൻ ഇന്ത്യക്ക് സാധിക്കുമായിരുന്നു എന്ന് സഞ്ജയ് മഞ്ചരേക്കർ പറയുന്നു.
“സ്പെഷ്യലിസ്റ്റ് കളിക്കാരെ വേണമായിരുന്നു ടീമിൽ ഉൾപ്പെടുത്താൻ, പിച്ച് വരണ്ടതും ടേൺ ഉള്ളതുമാണെന്ന് തോന്നിയിരുന്നെങ്കിൽ ഇടം കയ്യൻ സ്പിന്നറായി ജഡേജയെ ഉൾപ്പെടുത്താമായിരുന്നു, അശ്വിന് ഒപ്പം, അതിൽ ഒരു അർത്ഥമുണ്ടായിരുന്നു. പക്ഷേ അവർ ബാറ്റിങ്ങിനായി ജഡേജയെ ടീമിലെടുത്തു അതാണ് ഇന്ത്യക്ക് കൂടുതൽ തിരിച്ചടിയായത് എന്ന് ഞാൻ കരുതുന്നു” മഞ്ചരേക്കർ പറഞ്ഞു.
Read Also: സെഞ്ചുറി നേടാനാവാത്തതിന്റെ വരൾച്ച മറികടക്കാൻ കോഹ്ലി ശ്രമിക്കുന്നുവെന്ന് സഞ്ജയ് ബംഗാർ
“ഇംഗ്ലണ്ട് ചരിത്രപരമായി ചെയ്തിരിക്കുന്നത് പോലെ ഇന്ത്യ ചെയ്യില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, മറ്റൊരു ശക്തനായ താരം ഉള്ളതുകൊണ്ട് ആരെയെങ്കിലും തിരഞ്ഞെടുക്കുക, മറ്റെയാളെ എപ്പോഴെങ്കിലും ആവശ്യം വരും എന്ന രീതിയിൽ, പക്ഷേ ഇത് സമ്മർദ്ദമേറിയ മത്സരമാകുമ്പോൾ അത് വിരളമായി മാത്രമേ സംഭവിക്കു.” തുടങ്ങാനിരിക്കുന്ന ഇംഗ്ലണ്ട് പാരമ്പരയുമായി ബന്ധപ്പെട്ട് മഞ്ചരേക്കർ പറഞ്ഞു.