മത്സര ക്രമവും വേദികളും സംബന്ധിച്ച വിവരങ്ങൾ ബിസിസിഐ ഔദ്യോഗികമായി ഉടൻ പുറത്തുവിടും
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ ഒക്ടോബർ 17 മുതൽ യുഎഇയിൽ നടക്കും. 16 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരം നവംബർ 14നാണ്. ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് കോവിഡ് പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ലോകകപ്പിന്റെ താത്കാലിക തീയതികളാണ് ഇത്. മത്സര ക്രമവും വേദികളും സംബന്ധിച്ച വിവരങ്ങൾ ബിസിസിഐ ഔദ്യോഗികമായി ഉടൻ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.
എന്നാൽ, ട്വന്റി 20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുന്നത് ബിസിസിഐ ഔദ്യോഗികമായി ഇതുവരെ ഐസിസിയെ അറിയിച്ചിട്ടില്ല. യുഎഇയിലെ തയ്യാറെടുപ്പുകൾ പൂർത്തിയാകുന്നതനുസരിച്ചു അത് ഐസിസിയെ അറിയിക്കുമെന്ന് ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
മുപ്പത് മത്സരങ്ങൾ അടങ്ങിയ സുപ്പർ 12 ഘട്ടം ഒക്ടോബർ 24 മുതലാണ് ആരംഭിക്കുക. ആറു ടീമുകൾ വീതം അടങ്ങിയ രണ്ടു ഗ്രുപ്പുകളായാണ് സൂപ്പർ 12 ഘട്ട മത്സരങ്ങൾ നടക്കുക. ദുബായ്, അബുദാബി, ഷാർജ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.
ജൂൺ ഒന്നിന്, ഇന്ത്യക്ക് ലോകകപ്പ് നടത്താൻ സാധിക്കുമോ എന്നതിൽ അവസാന തീരുമാനം അറിയിക്കാൻ ജൂൺ അവസാനം വരെ ഐസിസി സമയം നൽകിയിരുന്നു. ടി20 ലോകകപ്പിനായി ഒമ്പത് വേദികളുടെ പട്ടിക ബിസിസിഐ തയ്യാറാക്കിയിരുന്നു എന്നാൽ അത് ഐസിസി ടീം പരിശോധന നടത്തണമായിരുന്നു പക്ഷേ ഏപ്രിലിൽ അവരുടെ സന്ദർശനം ഉപേക്ഷിക്കേണ്ടി വന്നു.
Read Also: ജഡേജയെ ബാറ്റിങ്ങിനായി ടീമിലെടുത്തത് ഇന്ത്യക്ക് തിരിച്ചടിയായി: സഞ്ജയ് മഞ്ചരേക്കർ