മനാമ > യുഎഇ പുതിയ വിസ നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഗോള്‍ഡന്‍ വിസയടക്കം നിലവിലുള്ള വിസകളില്‍ ഇളവുകള്‍ വരുത്തിയതിനൊപ്പം പുതിയ വിസകളും പ്രഖ്യാപിച്ചു. സ്പോണ്‍സറില്ലാതെ അഞ്ചുവര്‍ഷം യുഎഇയില്‍ ജോലി ചെയ്യാനും താമസിക്കാനും അനുവദിക്കുന്ന ഗ്രീന്‍ വിസയാണ് ഇതില്‍ പ്രധാനം. ആഗോള പ്രതിഭകളെയും വിദഗ്ധ തൊഴിലാളികളെയും ആകര്‍ഷിക്കാനും നിലനിര്‍ത്താനും, തൊഴില്‍ വിപണിയുടെ മത്സരക്ഷമതയും വഴക്കവും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നടപടികള്‍. ഈ വര്‍ഷം സെപ്തംബറില്‍ വിസ നിയമം പ്രാബല്യത്തില്‍ വരും.
വിവിധ മേഖലകളിലെ പ്രതിഭകള്‍ക്ക് ആദരമായി കൊണ്ടുവന്ന പത്തുവര്‍ഷ കാലാവധിയുള്ള ഗോള്‍ഡന്‍ വിസയില്‍ കാര്യമായ മാറ്റങ്ങളാണ് വരുത്തിയത്. ഗോള്‍ഡന്‍ വിസക്കാര്‍ക്ക് പ്രായപരിധിയില്ലാതെ ഭാര്യയും മക്കളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെയും ഗാര്‍ഹിക ജോലിക്കാരെയും സ്പോണ്സര് ചെയ്യാന്‍ അനുവദിച്ചു. ഇവര്‍ നിശ്ചിതകാലം യുഎഇയില്‍ തങ്ങണമെന്ന നിബന്ധന ഒഴിവാക്കി. എത്രകാലം യുഎഇക്ക് പുറത്ത് താമസിച്ചാലും വിസ റദ്ദാകില്ല. റെസിഡന്റ് വിസക്കാര്‍ ആറുമാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിച്ചാല്‍ വിസ റദ്ദാകുമെന്ന നിയമം ഇവര്‍ക്ക് ബാധകമായിരിക്കില്ല. ഗോള്‍ഡന്‍ വിസയുള്ളയാള് മരിച്ചാല്‍ വിസ കാലാവധി കഴിയുന്നതുവരെ അവരുടെ കുടുംബത്തിന് യുഎഇയില്‍ കഴിയാം.
നിക്ഷേപകര്‍, സംരംഭകര്‍, അസാധാരണ പ്രതിഭകള്‍, ശാസ്ത്രജ്ഞര്‍, പ്രൊഫഷണലുകള്‍, മികച്ച വിദ്യാര്‍ത്ഥികള്‍, ബിരുദധാരികള്‍, മാനുഷിക പ്രതിഭകള്‍ തുടങ്ങിയ മേഖലയിലേക്ക് ഗോള്‍ഡന്‍ വിസ വിപുലീകരിച്ചു.
പ്രതിഭകള്‍, വിദഗ്ധരായ പ്രൊഫഷണലുകള്‍, സ്വായം തൊഴില്‍ ചെയ്യുന്നവര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവര്‍ക്കായി പുതിയ അഞ്ച് വര്‍ഷത്തെ താമസ വിസയും പ്രഖ്യാപിച്ചു. ഇവര്‍ക്ക് കുടുംബ വിസയും അനുവദിക്കും. റസിഡന്‍സ് പെര്‍മിറ്റ് റദ്ദാക്കുകയോ കാലഹരണപ്പെടുകയോ ചെയ്താല്‍ ആറു മാസം വരെ ഇവര്‍ക്ക് രാജ്യത്ത് താമസിക്കാനും അനുമതിയുണ്ട്.
സ്പോണ്സറോ തൊഴിലുടമയോ ഇല്ലാതെ വിദഗ്ദ്ധരായ ജീവനക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെ താമസം അനുവദിക്കുന്നതാണ് ഗ്രീന്‍ വിസ. അപേക്ഷകര്‍ക്ക് യുഎഇയില്‍ ഏതെങ്കിലും സ്ഥാപനവുമായി സാധുതയുള്ള തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം, തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് സ്വയം തൊഴില്‍ അനുമതി നേടണം. ഡിഗ്രിയോ തത്തുല്യ യോഗ്യതയോ വേണം. വിദഗദ്ധ തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞ യോഗ്യത ബിരുദം. മാസ ശമ്പളം 15,000 ദിര്‍ഹത്തില്‍ കുറയരുത്. കുടുംബത്തെ കൊണ്ടുവരാം. ആണ്മക്കളെ 25 വയസുവരെ കൂടെ നിര്‍ത്താം. പെണ്മക്കള്ക്ക് പ്രായപരിധിയില്ല.
കമ്പനികളുടെ നിക്ഷേപകര്‍ക്കും പാര്‍ട്ണര്‍മാര്‍ക്കും ഗ്രീന്‍ വിസ ലഭിക്കും. യുഎഇയില്‍ റിട്ടയര്‍മെന്റ് ജീവിതം ആഗ്രഹിക്കുന്നവര്‍ക്കും മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഗ്രീന്‍വിസ അനുവദിക്കും.
രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ക്ക് യുവ പ്രതിഭകളെയും പ്രൊഫഷണലുകളെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ പര്യക്ഷേണ പ്രവേശന വിസയും പ്രഖ്യാപിച്ചു. ഇതിന് ഒരു സ്പോണ്സര് ആവശ്യമില്ല. ലോകത്തിലെ ഏറ്റവും മികച്ച 500 സര്‍വ്വകലാശാലകളിലെ പുതിയ ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദം.
പതിവ് ടൂറിസ്റ്റ് വിസയ്ക്ക് പുറമേ, അഞ്ച് വര്‍ഷത്തെ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയും പുതുതായി പ്രഖ്യാപിച്ചു. തുടര്‍ച്ചയായി 90 ദിവസം വരെ രാജ്യത്ത് കഴിയാം. ഒരു വര്‍ഷത്തില്‍ മുഴുവന്‍ താമസ കാലയളവ് 180 ദിവസത്തില്‍ കവിയുന്നില്ലെങ്കില്‍ സമാനമായ കാലയളവിലേക്ക് ഇത് നീട്ടാം. ഈ വിസയ്ക്ക് 4,000 ഡോളര്‍ ബാങ്ക് നിക്ഷേപം നിര്‍ബന്ധം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..