തിരുവനന്തപുരം> വെഞ്ഞാറമൂട് എന്ന കലാഗ്രാമം രാജ്യത്തിന് സംഭാവന ചെയ്ത പ്രിയ കലാകാരന്മാരിലൊരാളാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദികളിലൂടെയെത്തി, ഹാസ്യതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച്, പിന്നീട് ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന അവാർഡും ഉൾപ്പെടെ നേടിയ സുരാജിന്റെ കലാരംഗത്തേക്കുള്ള കടന്നുവരവിനുപിന്നിലൊരു കഥയുണ്ട്.
സുഹൃത്സംഘം എന്ന പേരിൽ വെഞ്ഞാറമൂട്ടിൽ ഒരു മിമിക്രി ട്രൂപ്പ് ആരംഭിച്ചു. സജി എന്ന കലാകാരനായിരുന്നു അതിന്റെ നേതൃത്വത്തിൽ. അത്യാവശ്യം പരിപാടികൾ അവതരിപ്പിച്ച് നടക്കുമ്പോൾ സജിക്ക് പട്ടാളത്തിൽ സെലക്ഷൻ കിട്ടി. തനിക്കുപകരം ഒരാളെ ട്രൂപ്പിന് സംഭാവന ചെയ്തിട്ടാണ് സജി പട്ടാളത്തിലേക്കുപോയത്. അനുജൻ സുരാജിനെയാണ് സജി പകരക്കാരനായി അവതരിപ്പിച്ചത്.
പിന്നീട് തലസ്ഥാനം കണ്ടത് സുരാജ് വെഞ്ഞാറമൂട് എന്ന മിമിക്രി താരത്തിന്റെ തേരോട്ടമായിരുന്നു. വേദികളിൽനിന്ന് വേദികളിലേക്ക്. തുടർന്ന് മിനിസ്ക്രീനിലേക്ക്. അവിടുന്ന് സിനിമയിലേക്ക്. തിരുവനന്തപുരം സരിഗ എന്ന ട്രൂപ്പിലൂടെയാണ് സുരാജ് അറിയപ്പെടുന്ന മിമിക്രി കലാകാരനായത്. ഡിസ്കവറി എന്ന സമിതിയിലൂടെ പാറശാല, നെയ്യാറ്റിൻകര, കളിയിക്കാവിള പ്രദേശങ്ങളിൽ മിമിക്രിയുമായി സജീവമായി. അങ്ങനെയാണ് അവിടത്തെ ആളുകളുടെ സംസാരശൈലി ശ്രദ്ധിച്ചതും, അത് വേദിയിൽ അവതരിപ്പിക്കുന്നതും.
കൈരളി ടിവിയിലെ ‘കോമഡി തില്ലാന’ എന്ന പരിപാടിയുടെ അവതാരകനായി എത്തിയതോടെ തിരുവനന്തപുരത്തിന്റെ അതിർത്തി പ്രദേശങ്ങളിലെ സംഭാഷണരീതി അദ്ദേഹം തന്റെ മാസ്റ്റർപീസാക്കി. അതോടെയാണ് ‘തിരോന്തരം ഭാഷ’ എന്ന ഒരു ശൈലിക്കുതന്നെ പ്രചാരം ലഭിച്ചത് എന്ന് ആലങ്കാരികമായി പറയാം.
കൈരളിയിലെ പ്രോഗ്രാം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ‘രാജമാണിക്യം’ എന്ന മമ്മൂട്ടി സിനിമയിൽ ഈ സംഭാഷണശൈലി അവതരിപ്പിക്കുന്നത്. അന്ന് ‘തിരോന്തരം ഭാഷ’ സംസാരിക്കാൻ സാക്ഷാൽ മമ്മൂട്ടിക്ക് സഹായിയായി ഒപ്പമെത്തിയതോടെ സുരാജിന്റെ ജീവിതം വഴിത്തിരിവിലേക്ക് എത്തുകയായിരുന്നു. തുടർന്ന്‘സിനിമാക്കാരൻ’ എന്ന തിരക്കിലേക്ക് സുരാജ് എത്തിപ്പെട്ടു. മമ്മൂട്ടിയുമായുള്ള അടുത്ത ബന്ധം ‘മായാവി’ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ലഭിക്കുന്നതിനിടയാക്കി. തുടർന്ന് ‘തുറുപ്പുഗുലാൻ’, മോഹൻലാൽ നായകനായ ‘ഹലോ’ തുടങ്ങി നിരവധി സിനിമകളിൽ താരരാജാക്കന്മാർക്കൊപ്പം ഹാസ്യനടനായി വെള്ളിത്തിരയിലെത്തിയതോടെ മലയാള സിനിമയ്ക്ക് ഒഴിവാക്കാനാകാത്ത നടനായി സുരാജ് വെഞ്ഞാറമൂട് മാറി.
ഡോ. ബിജു സംവിധാനംചെയ്ത ‘പേരറിയാത്തവർ’ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ‘ആക്ഷൻ ഹീറോ ബിജു’ എന്ന സിനിമയിലെ അതിഥി വേഷത്തിലൂടെ അഭിനയത്തിൽ തന്റെ ‘റെയ്ഞ്ച്’ എന്താണെന്ന് അദ്ദേഹം മലയാളികൾക്ക് കാണിച്ചുകൊടുത്തു.
വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ സിനിമയിൽ ‘സീരിയസ്’ ആയി അഭിനയിച്ചപ്പോൾ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും സുരാജിനെ തേടിയെത്തി. എത്ര തിരക്കിലും ജന്മനാടിന്റെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ് താരം. പ്രളയത്തിലും കോവിഡ് മഹാമാരിയിലും നാടിന് താങ്ങായി ഈ കലാകാരനുമുണ്ടായിരുന്നു. പട്ടാളത്തിൽനിന്ന് വിരമിച്ച സജിയും കലാരംഗത്ത് സജീവമാണ്. ഒരു താത്വിക അവലോകനം, അല്ലി എന്നീ സിനിമകളിൽ അഭിനയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..