കോഴക്കോട്: സ്വര്‍ണക്കവര്‍ച്ച ആസൂത്രണ കേസില്‍ കൊടുവള്ളി സ്വദേശി ഇജാസ് (26)അറസ്റ്റില്‍. കേസില്‍ പ്രധാനിയെന്ന് പോലീസ് കരുതുന്ന സൂഫിയാന്റെ സഹോദരനാണ് ഇജാസ്. ചെര്‍പ്പുളശ്ശേരി സംഘവുമായി കൊടുവള്ളിയിലെ ടീമിനെ ബന്ധപ്പെടുത്തി നല്‍കിയത് ഇജാസാണെന്നാണ് പോലീസിന് ലഭിച്ച വിവരം.
അതേ സമയം തനിക്കെതിരായ ആരോപണം ഇജാസ് നിഷേധിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത് മറ്റൊരാളെ കൊണ്ടുവരുന്നതിനാണെന്നാണ് ഇജാസ് പോലീസിനോട് പറഞ്ഞത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇതിനിടെ ചെര്‍പ്പുളശ്ശേരി സ്വദേശികളായ ക്വട്ടേഷന്‍ സംഘത്തില്‍ അറസ്റ്റിലായ എട്ടുപേരില്‍ അഞ്ചുപേരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരെ ഒരു രാത്രി മുഴുവന്‍ പോലീസ് ചോദ്യം ചെയ്തു. മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ചോദ്യം ചെയ്യല്‍ തുടരും. ഇവരെ തെളിവെടുപ്പിനായി സംഘര്‍ഷമുണ്ടായി എന്ന് പറയുന്ന ന്യൂമാന്‍ ജങ്ഷന് അപകടമുണ്ടായ രാമനാട്ടുകരയിലും എത്തിക്കും.