തിരുവനന്തപുരം: കോഴിക്കോട് സ്വര്‍ണക്കടത്തുകാരെ സംരക്ഷിക്കാനായി മാഫിയകളിറങ്ങുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കൊടി സുനിയുടെ ആളുകളാണ് മാഫിയകള്‍ക്ക് സംരക്ഷണം കൊടുക്കുന്നതെന്ന് വാര്‍ത്തകള്‍ വരുന്നു. കൊടി സുനിയുടെ പാര്‍ട്ടിയായ സിപിഎം പറയുന്നു തങ്ങള്‍ മാഫിയകള്‍ക്കെതിരായ ക്യാമ്പയിന് നടത്തുന്നുവെന്ന്. കേരളത്തിലെ ജനങ്ങളുടെ ബുദ്ധി ശക്തിയെ പരീക്ഷിക്കുന്ന നിലപാടാണ് സിപിഎം എടുക്കുന്നതെന്നും വി. മുരളീധരന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കൊടി സുനി സിപിഎമ്മിന്റെ സ്വന്തം ആളാണ്. സിപിഎം തന്നെ ഗുണ്ടാ സംഘങ്ങള്‍ക്കെതിരായും മാഫിയകള്ക്കെതിരായും കൊട്ടേഷന്‍ സംഘങ്ങള്‍ക്കെതിരായും ക്യാമ്പയിന് നടത്തുക എന്നത് ജനങ്ങളെ ബുദ്ധി ശക്തിയെ വെല്ലുവിളിക്കലാണ്. സിപിഎം അതെല്ലാം അവസാനിപ്പിച്ച് സര്‍ക്കാര്‍, സ്വാധീനത്തിന്റെയും പണത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ എല്ലാവര്ക്കും നീതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ സുരക്ഷിതത്വമില്ലാത്ത സാഹചര്യമുണ്ടാകുന്നുവെന്നും അത് ഉറപ്പ് വരുത്താത്ത വനിതാ കമ്മീഷന് തന്നെ സ്ത്രീകളെ അധിക്ഷേപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും ആശ്രയമാകുന്നതിനും പകരം അവരെ അധിക്ഷേപിക്കുന്ന സമീപനം എടുക്കുന്ന ഒരു കേന്ദ്ര കമ്മറ്റി അംഗം വനിതാ കമ്മീഷന് അംഗമാകുക, അതിന് ശേഷം ഇപ്പോള്‍ സ്ത്രീപക്ഷ കേരളം എന്ന ക്യാമ്പയിന് സിപിഎം തുടങ്ങുന്നു എന്നതിനേക്കാള്‍ അപഹാസ്യമായ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: V Muraleedharan on gold smuggling in kerala