ആരോഗ്യമുള്ള ആകർഷണീയമായ കേശ ചർമസൗന്ദര്യം സ്വന്തമാക്കാനായി സ്ത്രീകൾക്ക് മാത്രമുള്ളതല്ല ഈ 5 മന്ത്രങ്ങൾ. പുരുഷന്മാരുടെ കാര്യത്തിലും ഇത് ഒട്ടും വ്യത്യസ്തമല്ല.
ശ്രദ്ധിക്കേണ്ട ചില സൗന്ദര്യ കാര്യങ്ങൾ
ചർമ്മ സംരക്ഷണത്തിനും കേശസംരക്ഷണത്തിനുമായി ഒട്ടനവധി ഉൽപ്പന്നങ്ങൾ ഇന്ന് നമ്മുടെയെല്ലാം വിരൽത്തുമ്പിൽ ലഭ്യമാണ്. എന്നാൽ ഇതിൽ നിങ്ങൾക്ക് അനുയോജ്യമായത് ഏതെല്ലാമാണെന്ന് എങ്ങനെ അറിയും? ഇങ്ങനെ ലഭിക്കുന്ന എല്ലാ പരിഹാരവും പുതിയ സൗന്ദര്യവർദ്ധക ട്രെൻഡുകളും ഒക്കെ എല്ലാവർക്കും ഒരുപോലെ നല്ലതുമാത്രമേ നൽകൂ പറയാൻ പ്രയാസമാണ്. അതുകൊണ്ടാണ് ചർമ്മ സംബന്ധമായയതും കേശ സംബന്ധമായവ സംബന്ധിച്ച് ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്. നിങ്ങളുടെ കാര്യത്തിൽ ഇത്തരത്തിൽ പുറത്തുനിന്നുള്ള ഏതൊരു ഒരു സൗന്ദര്യ പരിഹാരവും തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 മന്ത്രങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ചർമ്മത്തെയും തലമുടിയേയും തിരിച്ചറിയുക
നിങ്ങളുടെ തലമുടിയും ചർമ്മവും എപ്പോഴും ആരോഗ്യമുള്ളതും അഴകുള്ളതുമാക്കി നിലനിർത്താനുള്ള ആദ്യപടി നിങ്ങളുടെ ചർമ്മ തരവും അല്ലെങ്കിൽ തലമുടിയുടെ ഘടനയും എന്താണെന്ന് ഏറ്റവും നന്നായിത്തന്നെ തിരിച്ചറിയുക എന്നതാണ്. അങ്ങനെയെങ്കിൽ ഇത് മനസ്സിൽ വച്ചുകൊണ്ട് ചർമ്മത്തിനും തലമുടിക്കും ആവശ്യമായ കാര്യങ്ങളെ നിങ്ങൾക്ക് എളുപ്പത്തിൽ നൽകാനാവും. അങ്ങനെയെങ്കിൽ തെറ്റായ രീതിയിലുള്ള സംരക്ഷണ രീതികൾ പിന്തുടരുന്നത് മൂലമുള്ള ദോഷഫലങ്ങളെ നേരിടേണ്ടി വരില്ല. ചർമത്തിൻ്റെ കാര്യത്തിൽ വരണ്ട ചർമ്മം, എണ്ണമയമുള്ള ചർമ്മം, മുഖക്കുരു സാധ്യതയുള്ള ചർമ്മം അതല്ലെങ്കിൽ ഇവയെല്ലാം കൂടിചേർന്നത് എന്നിങ്ങനെയുള്ള ചർമസ്ഥിതിയിൽ ഏതെങ്കിലും നിങ്ങൾക്ക് ഉണ്ടാകാനിടയുണ്ട്. അത് ഏതാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അതിന്റെ ആവശ്യകതകൾ നിറവേറ്റുന്നതും പ്രശ്നങ്ങൾ പരിഹരിക്കുന്നതും എളുപ്പകരമായി മാറും.
അതുപോലെ തന്നെ മുടിയുടെ കാര്യത്തിൽ നിങ്ങൾക്ക് ചുരുണ്ടതോ, നേരേ നീണ്ടു കിടക്കുന്നതോ ആയ തലമുടി ഉണ്ടായിരിക്കാം. മുടിയിഴകൾ ഓരോന്നും നേർത്തതോ കട്ടിയുള്ളതോ ഇടതൂർന്നതോ ആകാം. ഓരോ തരത്തിലുള്ള തലമുടിയുടെ പരിചരണത്തിന് വ്യത്യസ്തമായ സമീപനങ്ങളും ആവശ്യമാണ്. തെറ്റായ ഉൽപ്പന്നങ്ങളും കേശസംരക്ഷണ രീതികളും പരീക്ഷിക്കുന്നത് മുടിയുടെ കേടുപാടുകൾക്കും കൂടുതൽ മുടികൊഴിച്ചിലിനും ഒക്കെ കാരണമായി മാറാം.
ഈർപ്പം, ജലാംശം എന്നിവയുടെ പ്രാധാന്യം
നിങ്ങളുടെ ചർമ്മത്തിന്റെ തരം എന്തുതന്നെയായാലും, ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത കാര്യമുണ്ട്. അതാണ് മോയ്‌സ്ചുറൈസേഷൻ. കാരണം ഏതുതരം ചർമ സ്ഥിതിക്കും ഈർപ്പം അത്യാവശ്യമാണ്. അത് ഇല്ലാതെ വരുമ്പോൾ ചർമപ്രശ്നങ്ങൾ താനേ പ്രകടമായി തുടങ്ങും. എന്നാൽ ഇക്കാര്യത്തിൽ നിങ്ങൾ ഉപയോഗിക്കുന്ന മോയ്‌സ്ചുറൈസർ നിങ്ങളുടെ ചർമ്മത്തിന്റെ തരത്തിന് അനുസരിച്ച് വ്യത്യാസപ്പെടാം. ഉദാഹരണത്തിന്, വരണ്ട ചർമ്മമുണ്ടെങ്കിൽ കട്ടി കൂടിയതും കൂടുതൽ ജലാംശം നൽകുന്നതുമായ മോയ്‌സ്ചുറൈസിങ്ങ് ക്രീമുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. മറുവശത്ത്, എണ്ണമയമുള്ള ചർമ്മമാണെങ്കിൽ കട്ടികുറഞ്ഞ, നോൺ-കോമഡോജെനിക് അല്ലെങ്കിൽ വെള്ളം അടിസ്ഥാനമാക്കിയുള്ള മോയ്‌സ്ചുറൈസറുകളാണ് ആവശ്യം. സെൻസിറ്റീവായ ചർമ്മമാണ് ഉള്ളതെങ്കിൽ സുഗന്ധരഹിതവും കുറഞ്ഞ പുറം ചേരുവകൾ അടങ്ങിയിട്ടുള്ളതുമായ ലൈറ്റ് ക്രീം മോയിസ്ചറൈസറുകളാണ് നല്ലത്.
നിങ്ങളുടെ മുടിയുടെ കാര്യം വരുമ്പോഴും ഇത് സമാനമാണ്. നിങ്ങളുടെ മുടി കഴുകുന്ന വേളയിൽ അതിൻറെ തരം പരിഗണിക്കാതെ പ്രോഡക്ടുകൾ പരീക്ഷിക്കാൻ പാടുള്ളതല്ല. ഓരോ തവണ വാഷ് ചെയ്യുമ്പോൾ ആവശ്യമായ ജലാംശം നൽകുന്നതിനും കേടുപാടുകൾ പരിഹരിക്കുന്നതിനും മുടി ആരോഗ്യകരമായി നിലനിർത്തുന്നതിനുമെല്ലാം കണ്ടീഷണറുകൾ, ഡീപ് കണ്ടീഷനിംഗ്, ഹെയർ മാസ്കുകൾ എന്നിവയുടെ ഉപയോഗം വളരെ ഗുണം ചെയ്യും.
ഏറ്റവും പ്രധാനം സൂര്യനിൽ നിന്നുള്ള സംരക്ഷണം
വേനൽക്കാലത്ത് പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കണമെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. എന്നാൽ നിങ്ങൾ വീടിനകത്തായിരിക്കുന്ന സാഹചര്യങ്ങളിൽ പോലും നിങ്ങളുടെ ചർമ്മം സൂര്യനും അതിന്റെ അൾട്രാവയലറ്റ് രശ്മികൾക്കും താനെ വിധേയമാകുന്നുണ്ട് എന്ന കാര്യം ഇതുവരെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. സൂര്യപ്രകാശം സ്കിൻ കാൻസർ, സൺ ടാൻ, വരൾച്ച, തിണർപ്പ്, പാടുകൾ, അകാല വാർദ്ധക്യം തുടങ്ങി പലവിധ പ്രശ്നങ്ങൾക്ക് കാരണമായി മാറും. അതിനാൽ തന്നെയും നിങ്ങൾ വീടിനുള്ളിലായിരിക്കുമ്പോൾ പോലും സൺസ്ക്രീൻ പ്രയോഗിക്കുന്നത് പരിഗണിക്കണം. ഈയൊരു പ്രവർത്തി നിങ്ങളുടെ ചർമ്മത്തിന് ഏതെങ്കിലും തരത്തിൽ ദോഷം വരുത്തുമെന്ന ഭയം വേണ്ട. അതുകൊണ്ടുതന്നെ ഇത് നിങ്ങളുടെ പതിവായുള്ള പ്രഭാത സ്കിൻകെയർ ദിനചര്യയുടെ ഒരു ഭാഗമാക്കി മാറ്റണം.
മുടിയുടെ കാര്യം വരുമ്പോഴും സൂര്യനും അതിൻറെ രശ്മികളും വളരെയധികം ദോഷം ചെയ്യുന്നതിന് . കാരണമായി. ദീർഘകാലത്തിൽ ഇത് നിങ്ങളുടെ മുടിക്ക് പലപ്രശ്നങ്ങളും വരുത്തിവയ്ക്കും. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നിങ്ങളുടെ തലമുടിയെ സംരക്ഷിക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗമാണ് സൺ പ്രൊട്ടക്ടിവ് സെറങ്ങൾ. അതുപോലെതന്നെ ഓരോ തവണ പുറത്തിറങ്ങുമ്പോഴും നിങ്ങളുടെ തലമുടി ഒരു സ്കാർഫ് ഉപയോഗിച്ചു പൊതിഞ്ഞ് വയ്ക്കാം. അതല്ലെങ്കിൽ ഒരു തൊപ്പി ധരിക്കുകയോ നിങ്ങൾ പുറത്ത് ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുകയോ ചെയ്യുക.
Also read: മൂന്ന് ചേരുവകൾ മതി, തയ്യാറാക്കാം ഗുണങ്ങളേറെയുള്ള അണ്ടർ ഐ ക്രീം
ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ
പലതരം സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപഭോക്തൃത്വവും അവബോധവുമെല്ലാം വർദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ നിങ്ങൾക്ക് നേരിട്ട് തന്നെ ഇത്തരം ഉൽപ്പന്നങ്ങളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ സ്വയമേ കണ്ടെത്താനാകും. അതിനാൽ തന്നെ നിങ്ങളുടെ ചർമത്തിലും തലമുടിയിലും ഒക്കെ എന്തെല്ലാമാണ് പ്രത്യക്ഷമായും പരോക്ഷമായും ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിയാൻ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു ഉൽപ്പനം അത് ചർമ്മത്തിനു വേണ്ടിയോ തലമുടിക്ക് വേണ്ടിയോ എന്തിനും ആകട്ടെ, നിങ്ങളുടെ ഉൽപ്പന്നം ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഇതിൽ അടങ്ങിയിരിക്കുന്ന ചേരുവകളുടെ ലേബൽ വായിക്കുക. നിങ്ങളുടെ ചർമ്മത്തിൽ പ്രതികരണത്തിന് കാരണമാകുന്ന ഏതെങ്കിലും ചേരുവകൾ അതിൽ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. പുതിയ ചേരുവകൾ എന്തെങ്കിലും അടങ്ങിയിട്ടുണ്ട് എന്ന് കണ്ടാൽ ഒരു പാച്ച് ടെസ്റ്റ് നടത്താൻ ഒരിക്കലും മറക്കരുത്. അതോടൊപ്പം ഏറ്റവും പ്രധാനമായി, നിങ്ങളുടെ ചർമ്മത്തിനോ മുടിക്കോ എന്താണ് ഏറ്റവും നല്ലതെന്ന കാര്യത്തിൽ സംശയമുണ്ടെങ്കിൽ, ഇതിൽ പ്രാഗല്ഭ്യം ഉള്ളവരും വിദഗ്ധരും ആയവരോട് സംസാരിക്കാൻ ഒരിക്കലും മടിക്കരുത്.
Also read: ഓറഞ്ച് തൊലി ഇങ്ങനെ ഉപയോഗിച്ചാൽ സൗന്ദര്യ ഗുണങ്ങൾ പലതാണ്!
സൗന്ദര്യം പുറമേ മാത്രമല്ല ഉള്ളിൽ നിന്നും വേണം
പുറമേ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുന്നതിൽ വളരെയധികം ശ്രദ്ധ നൽകുന്നുണ്ടെങ്കിൽ അത് നല്ല കാര്യം തന്നെ. എന്നാൽ ഇതിനർത്ഥം നിങ്ങളുടെ ചർമ്മത്തെ ഉള്ളിൽ നിന്ന് പരിപോഷിപ്പിക്കാൻ വേണ്ട കാര്യങ്ങൾ ഒന്നും തന്നെ ചെയ്യേണ്ടതില്ല എന്നല്ല. ഉദാഹരണത്തിന് നിങ്ങളുടെ സൗന്ദര്യത്തിനായി എത്രയധികം ക്രീമുകൾ വാങ്ങി പുരട്ടിയാലും ചർമ്മത്തെ ഉള്ളിൽ നിന്ന് പരിപോഷിപ്പിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ഇത് നിങ്ങളുടെ ചർമ്മത്തിൽ നല്ല മാറ്റങ്ങൾ ഒന്നും തന്നെ വരുത്തുകയില്ല.
നിങ്ങൾ ഉള്ളിൽ കഴിക്കുന്നതും കുടിക്കുന്നതുമെല്ലാം ചർമ്മത്തിൻ്റെയും അതുപോലെ മുടിയുടെയും ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. ശരീരത്തിൻറെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി എപ്പോഴും ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. ജലാംശം കൂടുതലുള്ള ശരീരത്തിന് മൃദുവായതും തിളക്കമുള്ളതും ഈർപ്പ നില ഉയർന്നതുമായ ചർമ്മസ്ഥിതി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ധാരാളം ഇലക്കറികൾ കഴിക്കുന്നത് ചർമ്മത്തിനും മുടിക്കും ഒരുപാട് പോഷകങ്ങളെ നൽകുന്നതാണ്. വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയ പഴങ്ങളും പച്ചക്കറികളുമെല്ലാം നിങ്ങളുടെ ദൈനംദിന ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തി ധാരാളം കഴിക്കുന്നത് ശോഭയുള്ളതും ആരോഗ്യമുള്ളതുമായ മുടിയും ചർമ്മവുമെക്കെ നൽകാൻ സഹായിക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 5 beauty mantras for men and women
Malayalam News from malayalam.samayam.com, TIL Network