ഇനി മുതൽ നിങ്ങളുടെ സെർച് റിസൾട്ടുകളിൽ ഉറവിടം സംബന്ധിച്ച് വിശ്വാസ്യത ഉറപ്പു നല്കാൻ കഴിയാത്ത വിവരങ്ങൾ വന്നാൽ ഗൂഗിൾ മുന്നറിയിപ്പ് നൽകും
സേർച്ച് റിസൾട്ടുകൾ വിശ്വാസയോഗ്യമല്ലെങ്കിൽ ഗൂഗിൾ ഇനിമുതൽ മുന്നറിയിപ്പ് നൽകും. ഗൂഗിളിൽ നിന്നും പ്രസക്തമായതും വിശ്വാസ യോഗ്യവുമായ വിവരങ്ങളാണ് ഉപയോക്താക്കൾക്ക് ലഭിക്കേണ്ടതെന്ന് ഗൂഗിൾ പറയുന്നു, അതുകൊണ്ട് ഇനി മുതൽ നിങ്ങളുടെ സെർച് റിസൾട്ടുകളിൽ ഉറവിടം സംബന്ധിച്ച് വിശ്വാസ്യത ഉറപ്പു നല്കാൻ കഴിയാത്ത വിവരങ്ങൾ വന്നാൽ ഗൂഗിൾ മുന്നറിയിപ്പ് നൽകും. നിങ്ങൾ തിരയുന്ന വിഷയത്തിൽ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നും വേണ്ടത്ര വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലും ഇതു സംഭവിക്കാമെന്നും കമ്പനി പറയുന്നു.
“ഇന്നത്തെ സാഹചര്യത്തിൽ സമയബന്ധിതവും പ്രസക്തവും വിശ്വസനീയവുമായ വിവരങ്ങൾ ലഭ്യമാകുക എന്നത് വളരെ പ്രധാനമാണ്. നിങ്ങൾ സമൂഹ മാധ്യമങ്ങളിൽ എന്തെങ്കിലും കാണുകയാണെങ്കിലോ ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടയിലോ, ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു സംഭവത്തെക്കുറിച്ചു കൂടുതലറിയാൻ നിങ്ങൾ ഗൂഗിളിൽ തിരയാൻ ഇടയുണ്ട്. നല്കാൻ കഴിയുന്ന ഏറ്റവും ഉപയോഗപ്രദമായ റിസൾട്ടുകളാണ് ഗൂഗിൾ സെർച്ചിൽ ഞങ്ങൾ നൽകുന്നതെങ്കിലും, നിങ്ങൾ തിരയുന്ന വിഷയം സംബന്ധിച്ച ഏറ്റവും വിശ്വാസയോഗ്യമായ വിവരങ്ങൾ ചിലപ്പോൾ അതുവരെ ഓൺലൈനിൽ വന്നിട്ടുണ്ടാകില്ല.” കമ്പനി അവരുടെ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
ബ്രേക്കിങ് വാർത്തകളുടെ കാര്യത്തിലും ഉയർന്നു വരുന്ന ചില വിഷയങ്ങളിലും ഇത് ചിലപ്പോൾ ശരിയാകുമെന്ന് ഗൂഗിൾ പറയുന്നു, ആദ്യം പ്രസിദ്ധീകരിക്കുന്ന വിവരം അധികം ആശ്രയിക്കാവുന്ന വിവരമായിരിക്കില്ല. “ഇതിനു സഹായിക്കുന്നതിന്, ഒരു വിഷയം അതിവേഗം വളരുകയും ഉറവിടങ്ങളെ കുറിച്ചു വ്യകതതയില്ലാതെയിരിക്കുകയും ചെയ്യുമ്പോൾ അവ കണ്ടെത്താൻ ഞങ്ങളുടെ സിസ്റ്റങ്ങളെ ഞങ്ങൾ പരിശീലിപ്പിച്ചു കഴിഞ്ഞു. കൂടുതൽ ഇടങ്ങളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ പരിശോധിക്കുന്നതാകും നല്ലതെന്ന് കാണിച്ചു ഞങ്ങൾ ഇനി മുതൽ ഒരു മുന്നറിയിപ്പ് നൽകും” ഗൂഗിൾ കൂട്ടിച്ചേർത്തു.
Read Also: മൈക്രോസോഫ്റ്റ് വിൻഡോസ് 11: നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന സവിശേഷതകൾ
ചില സെർച് റിസൾട്ടുകളിൽ നിങ്ങൾക്ക് ഇപ്പോൾ ഇങ്ങനെയൊരു മുന്നറിയിപ്പ് കാണാൻ കഴിയും, “ഈ റിസൾട്ടുകൾ വേഗത്തിൽ മാറുന്നതായി തോന്നുന്നു” അതിനു അടിയിൽ, “വിഷയം പുതിയതാണെങ്കിൽ, വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നും ഫലങ്ങൾ ചേർക്കുന്നതിന് ചിലപ്പോൾ സമയമെടുക്കും” എന്ന മെസ്സേജും കാണാൻ കഴിയും.
മൂല്യനിർണ്ണയ പ്രക്രിയകൾ കാരണം ഒരു സെർച് റിസൾട്ട് പേജിൽ വരുന്ന പ്രസക്തമല്ലാത്ത വിവരങ്ങളുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 40 ശതമാനത്തിലധികം കുറഞ്ഞുവെന്ന് ഗൂഗിൾ വെളിപ്പെടുത്തി. “ഗൂഗിൾ വഴി ഓരോ ദിവസവും വെബ്സൈറ്റുകളിലേക്ക് കോടിക്കണക്കിന് സന്ദർശനങ്ങൾ പോകുന്നു, ഞങ്ങളുടെ സ്ഥാപനം വന്നതു മുതൽ വളരെ പ്രസക്തമായ റിസൾട്ടുകൾ നൽകുന്നതിലൂടെ എല്ലാ വർഷവും സൈറ്റുകളിലേക്ക് നൽകുന്ന ട്രാഫിക് വർധിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.” കമ്പനി പറഞ്ഞു.