ഏത് പ്രായക്കാര്‍ക്കും കൊവിഡ്-19 വരാം, യൂണിസെഫ് ഇന്ത്യ വിശദീകരിക്കുന്നു. വൈറസിന്റെ രണ്ടാം തരംഗത്തില്‍ കുട്ടികള്‍ കൂടുതല്‍ വൈറസ് ബാധിതരാകുന്നുണ്ട്. പക്ഷേ, ഇന്ത്യയിലെ മൊത്തം വൈറസ് ബാധിതരില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചിട്ടില്ല.
രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്ക് മൂക്കിന് മുകളില്‍വരെ എത്തുന്ന തരത്തില്‍ ധരിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക, സോപ്പ് അല്ലെങ്കില്‍ 70 ശതമാനം സാനിറ്റൈസര്‍ കൈമുഴുവന്‍ വൃത്തിയാകുന്ന തരത്തില്‍ ഉപയോഗിക്കുക — യൂണിസെഫ് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
കുട്ടികള്‍ കൊവിഡ്-19 സൂപ്പര്‍ സ്പ്രഡര്‍ വിഭാഗത്തില്പ്പെടുന്നവരാണെന്നത് യാഥാര്‍ഥ്യമല്ല, പ്രായപൂര്ത്തിയായവരെക്കാള് വളരെ ചെറിയ സാധ്യത മാത്രമാണ് കുട്ടികള്‍ കൊവിഡ്-19 കൈമാറാന്‍ സാധ്യതയുള്ളൂ — യൂണിസെഫ്, ലോകാരോഗ്യ സംഘടന, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വിദഗ്ധര്‍ പറയുന്നു.
വാക്സിന് കണക്കുകള്‍, ലോകരാജ്യങ്ങള്‍ എവിടെ
ജൂൺ 26 രാവിലെ 8.00 മണിവരെയുള്ള കണക്ക് അനുസരിച്ച് 31.50 കോടി (31,50,45,926) ഡോസ് വാക്സിനുകളാണ് ഇന്ത്യയില്‍ ഇതുവരെ നല്‍കിയത് — കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പറയുന്നു. 24 മണിക്കൂറില്‍ നല്‍കിയത് 61 ലക്ഷം ഡോസ് വാക്സിന് (61,19,169). കേരളത്തില്‍ ഇതുവരെ 1.33 കോടി വാക്സിന് ഡോസുകള്‍. ഇതില്‍ 1.04 കോടി ആദ്യ ഡോസ്.
ഇന്ത്യ കുട്ടികള്‍ക്ക് ഇതുവരെ കൊവിഡ്-19 വാക്സിന് നല്‍കിയിട്ടില്ല. ലോകത്ത് ഏതാണ്ട് 20 രാജ്യങ്ങള്‍ ഇതിനോടകം കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിന് അനുമതി നല്‍കുകയോ അനുകൂല തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്തിട്ടുണ്ട്. ബ്രിട്ടണിലാണ് എതിര്‍പ്പ് ഉള്ളത്, ഇവിടെ ആരോഗ്യ അഥോറിറ്റി 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിന് സുരക്ഷിതമാണ് എന്ന് ഉപദേശം നല്‍കിയിരുന്നു. പക്ഷേ, കൂടുതല്‍ പരീക്ഷണം ആവശ്യമാണെന്ന് മന്ത്രിമാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബ്രിട്ടൺ കുത്തിവെയ്പ്പ് വൈകിക്കുകയാണ്.
സാര്‍വത്രിക വാക്സിനേഷൻ അല്ല കുട്ടികള്‍ക്ക് ഇടയില്‍ ലോകത്ത് നടക്കുന്നത്. മുൻപ് തന്നെ കൊവിഡ് ആരോഗ്യ പ്രശനങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് മാത്രമാണ് ജര്‍മ്മനിയില്‍ വാക്സിന് നല്കാന് അനുമതി. കൊവിഡ്-19 ബാധിച്ചാല്‍ ആരോഗ്യം തകരാന്‍ സാധ്യതയുള്ള കുട്ടികള്‍ക്ക് മാത്രമേ, മറ്റൊരു യൂറോപ്യന്‍ രാജ്യമായ നോര്‍വെ വാക്സിന് നല്‍കുന്നുള്ളൂ. 12-15 വയസ്സുള്ള കുട്ടികളില്‍ വാക്സിനുകള്‍ അടിയന്തര ഉപയോഗം മാത്രമേ പാടുള്ളൂ എന്നാണ് യു.എ.ഇ സര്‍ക്കാര്‍ നിലപാട്.
വാക്സിന് നിര്‍മ്മാണം
ലോകത്ത് 284 കൊവിഡ്-19 വാക്സിനുകള്‍ പരീക്ഷണത്തിലാണ്. ഇതില്‍ 104 എണ്ണം ക്ലിനിക്കല്‍ ഡെവലെപ്മെന്റ് ഘട്ടത്തിലാണ് — ലോകാരോഗ്യ സംഘടന ലാൻസ്കേപ് ഡോക്യുമെന്റ് പറയുന്നു. വൈറസിന്റെ തന്നെ ശുദ്ധീകരിച്ച രൂപത്തിലുള്ള ഘടകങ്ങള്‍ അടങ്ങിയ പ്രോട്ടീൻ സബ്യൂണിറ്റ് വാക്സിനുകളാണ് നിര്‍മ്മാണത്തിലുള്ള 33 എണ്ണം.
ആറ് മാസംവരെയുള്ള കുട്ടികളില്‍ മുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിലവില്‍ നടക്കുന്നുണ്ട്. വാക്സിനുകള്‍ കുട്ടികള്‍ക്ക് ലഭ്യമായാല്‍ ഉടൻ തന്നെ കുത്തിവെപ്പ് നല്‍കണമെന്നാണ് അമേരിക്കയിലെ ശിശുരോഗ വിദഗ്ധരുടെ പ്രൊഫഷണല്‍ സംഘടന, അമേരിക്കന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് നിര്‍ദേശം. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വാക്സിനുകള്‍ നല്‍കാവൂ, കുട്ടികള്‍ മുതിര്‍ന്നവരുടെ ചെറിയ പതിപ്പല്ല. കൊവിഡ്-19ന് പുതിയ വകഭേദങ്ങള്‍ ഉണ്ടാകുന്നത് അനുസരിച്ച് കുട്ടികളെ ബാധിക്കുന്നതിലും വ്യത്യാസം വരാം. അതുകൊണ്ട് വാക്സിനേഷൻ വേഗത്തിലാക്കുകയാണ് വേണ്ടത്, സംഘടന ആവശ്യപ്പെടുന്നു.
കൊവിഡ്-19 വാക്സിനുകള്‍ കുട്ടികള്‍ക്ക് നല്കുന്നതില് ഇന്ത്യ തീരുമാനം എടുത്തിട്ടില്ലെങ്കിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി നല്കി. ഗര്‍ഭിണികള്‍ക്ക് വാക്സിന് സ്വീകരിക്കാം എന്നതാണ് നിലവില്‍ ഐ.സി.എം.ആര് (ഇന്ത്യന്‍ കൗൺസില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്), ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ, മാധ്യമങ്ങളോട് പറഞ്ഞത്.
കുട്ടികള്‍ക്ക് കൊവിഡ്-19 വാക്സിന് നല്കുന്നതില് ഇന്ത്യ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ലെന്നാണ് ഐ.സി.എം.ആര് വ്യക്തമാക്കിയത്.
“ഒരേയൊരു രാജ്യം (യു.എസ്.എ) മാത്രമാണ് നിലവില്‍ കുട്ടികള്‍ക്ക് (സാര്‍വത്രിക) കൊവിഡ്-19 വാക്സിന് നല്‍കുന്നത്. ചെറിയ കുഞ്ഞുങ്ങള്‍ക്ക് വാക്സിന് നല്‍കേണ്ട സാഹചര്യമുണ്ടോ എന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. കുട്ടികളിലെ വാക്സിനേഷനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും, കുട്ടികള്‍ക്ക് രാജ്യം മുഴുവന്‍ വാക്സിന് നല്‍കുന്നത് ചിന്തിക്കുന്നില്ല. എങ്കിലും പഠനം ആരംഭിച്ചിട്ടുണ്ട്. 2 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിനെക്കുറിച്ച് സെപ്റ്റംബറോടെ അറിയാം”, ഭാര്‍ഗവ പറഞ്ഞു.
ഇന്ത്യയില്‍ പരീക്ഷണങ്ങൾ
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്.ഐ.ഐ), കുട്ടികള്‍ക്ക് വേണ്ടിയുള്ള കൊവിഡ്-19 വാക്സിന് പരീക്ഷണത്തില്‍ 2,3 ഘട്ടങ്ങള്‍ എത്തി. കൊവോവാക്സ് എന്ന പേരിലുള്ള വാക്സിന്, അമേരിക്കന്‍ ബയോടെക്നോളജി കമ്പനി നൊവാവാക്സ് ആണ് വികസിപ്പിച്ചത്. ഇത് ഇന്ത്യയില്‍ എസ്.ഐ.ഐ ആണ് ബ്രാൻഡ് ചെയ്യുന്നത്.
920 കുട്ടികളിലാണ് പരീക്ഷണം. 2-11, 12-17 വയസ്സുകളിലുള്ളവരെ രണ്ട് ഗ്രൂപ്പുകളിലാക്കിയാണ് ക്ലിനിക്കല്‍ പരീക്ഷണം. മുതിര്‍ന്നവര്‍ക്കുള്ള നൊവവാക്സ് വാക്സിന് സെപ്റ്റംബറിലും കുട്ടികള്‍ക്കുള്ള വാക്സിന് ഡിസംബറിലും പുറത്തിറക്കാനാണ് എസ്.ഐ.ഐ ശ്രമിക്കുന്നതെന്ന് എസ്.ഐ.ഐ ഉടമ, അദാര്‍ പൂനവാല, ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
രാജ്യത്ത് പരീക്ഷണം നടക്കുന്ന നാലാമത്തെ വാക്സിന് ആണിത്. വാക്സിന് പരീക്ഷണങ്ങള്‍ക്ക് ഡ്രഗ് കൺട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ) അനുമതി നല്‍കിയിട്ടുണ്ട്. ആഗോള ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വിജയിച്ച വാക്സിനുകള്‍ക്ക് ഇന്ത്യയില്‍ പ്രത്യേകം ലൈസൻസ് ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
12-18 വയസ്സിന് ഇടയില്‍ 14 കോടിയോളം വരും ഇന്ത്യയിലെ കുട്ടികളുടെ ജനസംഖ്യ. 26 കോടി ഡോസുകള്‍ എങ്കിലും വേണ്ടിവരും. വാക്സിന് വിതരണത്തില്‍ സമത്വം പാലിച്ചേ പറ്റൂ. — വിഷയത്തില്‍ നിതി ആയോഗ് അഗം വി.കെ പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊവാക്സിന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്, ഗുജറാത്ത് കമ്പനി സൈഡസ് കാഡിയ എന്നിവരാണ് ഇന്ത്യയില്‍ പരീക്ഷണം തുടരുന്നത്. സിഡസ്, ക്ലിനക്കല്‍ പരീക്ഷണങ്ങളുടെ ഇടക്കാല റിപ്പോര്‍ട്ട് ഡി.ജി.സി.ഐക്ക് നല്കി. 12 മുതല്‍ 18വരെയുള്ളവരാണ് പരീക്ഷണത്തില്‍ പങ്കെടുത്തത്. അടുത്ത വര്‍ഷം ഫെബ്രുവരി ആയാലേ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ണമാകൂ — മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭാരത് ബയോടെക് വാക്സിന് ക്ലിനിക്കല്‍ ഫലങ്ങള്‍ 2021 ഒക്ടോബറോടെ പ്രതീക്ഷിക്കുന്നതായാണ് ഓള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയൻസസ് – ഡല്‍ഹി ഡയറക്ടര്‍ രൺദീപ് ഗുലേറിയ, വാര്‍ത്താ ഏജൻസി എ.എൻ.ഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. 2 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ളവരാണ് കൊവാക്സിന് നിര്‍മ്മാതാക്കളുടെ വാക്സിന് പരീക്ഷണത്തിലുള്ളത്.
അഞ്ചാം പനിക്ക് എതിരെയുള്ള വാക്സിന് എടുത്ത കുട്ടികള്‍ക്ക് കൊവിഡ്-19 ബാധിച്ചാലും വളരെ ചെറിയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ എന്ന് പൂനെയില്‍ നടന്ന ഒരു പഠനത്തില്‍ തെളിഞ്ഞിരുന്നു. കൊവിഡ്-19 വൈറസിന് എതിരെ അഞ്ചാം പനി വാക്സിന് 87.5 ശതമാനം ഫലപ്രദമാണെന്നാണ് പൂനെ ബി.ജെ മെഡിക്കല്‍ കോളേജ് 548 കുട്ടികളില്‍ നടത്തിയ പഠനം.
ഫൈസര്‍-ബയോഎൻടെക്, ഒരേയൊരു അംഗീകൃത വാക്സിന്
കുട്ടികള്‍ക്ക് കുത്തിവെക്കുന്ന ഒരേയൊരു വാക്സിന് അമേരിക്കന്‍ ഫാര്‍മാ കമ്പനി ഫൈസര്‍ വികസിപ്പിച്ചതാണ്. മെയ് 18വരെയുള്ള കണക്ക് അനുസരിച്ച് ആറ് ലക്ഷം കുട്ടികള്‍ അമേരിക്കയില്‍ ഫൈസര്‍ വാക്സിന് എടുത്തു.
അമേരിക്കയിലെ ആരോഗ്യ ഏജൻസി സി.ഡി.സി (സെന്റേഴ്സ് ഫോര്‍ ഡിസീസ് കൺട്രോള് ആൻഡ് പ്രിവൻഷൻ) ഫൈസര്‍ വാക്സിന് അനുമതി നല്കി ഒരാഴ്ച്ചയ്ക്കുള്ളിലെ കണക്കാണിത്. 12-15 വയസ്സ് വരെയുള്ള കുട്ടികളില്‍ വാക്സിന് 100 ശതമാനം ഫലപ്രാപ്തിയാണ് ഫൈസര്‍ വാഗ്ദാനം ചെയ്യുന്നത്.
വാക്സിന് കുട്ടികള്‍ക്ക് നല്‍കുന്നത് കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇതിന് വാക്സിനുകളുടെ ഫലപ്രാപ്തിയുമായോ പാര്‍ശ്വഫലങ്ങളുമായോ ബന്ധമില്ല, വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കണം എന്നതാണ് ലോകാരോഗ്യ സംഘടനയുടെ അഭ്യര്‍ഥന. ഗുരുതരമായ സാഹചര്യങ്ങളിലുള്ള കുട്ടികള്‍ക്ക് മാത്രമായി വാക്സിന് നിജപ്പെടുത്താനും വാക്സിന് ദൗര്‍ലഭ്യം അനുഭവിക്കുന്ന മറ്റു രാജ്യങ്ങളിലെ മുതിര്‍ന്നവര്‍ക്ക് വാക്സിന് നല്‍കാനുമാണ് ഏജന്‍സി ആവശ്യപ്പെടുന്നത്. കുട്ടികള്‍ക്ക് കൊവിഡ്-19 ബാധിക്കാന്‍ സാധ്യത കുറവാണെന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഈ ആവശ്യത്തിന് പിന്നില്‍.
****
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : covid-19 vaccine for children in india things to know in malayalam
Malayalam News from malayalam.samayam.com, TIL Network