കണ്ണൂര്‍: ക്വട്ടേഷന്‍ ബന്ധമുളള പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടെത്തി പിന്തിരിപ്പിക്കാനും പിന്തിരിഞ്ഞില്ലെങ്കില് പുറത്താക്കാനും സിപിഎം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലാണ് നിലപാട് കടുപ്പിക്കാനുളള തീരുമാനം പാര്‍ട്ടി കൈക്കൊണ്ടത്.
തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനാണ് സെക്രട്ടറിയറ്റ് യോഗം ചേര്‍ന്നതെങ്കിലും ചര്‍ച്ചയായത് ക്വട്ടേഷന്‍ സംഘങ്ങളുമായുളള പാര്‍ട്ടി ബന്ധമായിരുന്നു. പാര്‍ട്ടിയില്‍ എത്ര ഉന്നതനായാലും ക്വട്ടേഷന്‍ ബന്ധം ഉണ്ടെങ്കില്‍ നടപടിയെടുക്കാനാണ് തീരുമാനം. പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും ഇത്തരക്കാരുമായി ബന്ധമുണ്ടെങ്കില്‍ അവരെ എത്രയും വേഗം പിന്തിരിപ്പിക്കാന് കീഴ്ഘടകങ്ങലോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ഇപ്പോള്‍ പുറത്തുവന്ന പേരുകള്‍ക്ക് പുറമേ ആരെങ്കിലുമുണ്ടോയന്ന് ഉടന്‍ പരിശോധിച്ച് മേല്‍ക്കമ്മിറ്റിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ക്വട്ടേഷന്‍ ബന്ധമുളളവരില്‍ നിന്ന് ഒരു സഹായവും സ്വീകരിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്കൊപ്പമുളള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സാമൂഹിക- സാംസ്കാരിക കൂട്ടായ്മകള്‍ എന്നിവയും കൂട്ടായ്മ വിലക്കി. കേന്ദ്രക്കമ്മിററി അംഗങ്ങളായ ഇ.പി.ജയരാജന്, പി.കെ.ശ്രീമതി, കെ.കെ.ശൈലജ എം.വി.ഗോവിന്ദന്, ജില്ലാ സെക്രട്ടറി എം.വി.ജയരാജന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സെക്രട്ടറിയറ്റ് യോഗം.