വേനല്‍ക്കാലമാണ്. ഒന്ന് പുറത്തേയ്ക്കിറങ്ങിയാല്തന്നെ ആകെ വാടിത്തളര്‍ന്നാണ് പലരും വീട്ടിലേയ്ക്ക് തിരിച്ചെത്തുന്നത്. പുറത്തു നിന്നും സോഫ്റ്റ് ഡ്രിംഗ്സ് വാങ്ങിക്കുടിച്ച് വീണ്ടും ദാഹം കൂട്ടാതെ കുറച്ച് ഹെല്‍ത്തിയായി നമ്മുക്ക് വീട്ടില്‍തന്നെ നിര്‍മ്മിച്ചെടുക്കാവുന്ന നിരവധി സര്ബത്തുകളുണ്ട്. ശരീരത്തിന് കുളിര്മയേകുന്നതിനോടൊപ്പം ആരോഗ്യപരമായും നിരവധി ഒഷധഗുണങ്ങളുള്ളവയാണ് ഇവ.
ജാതിക്ക സര്‍ബത്ത്
കേരളത്തില്‍ വളരെ സുലഭമായി ലഭിക്കുന്ന ഒരു വിളയാണ് ജാതിക്ക. ജാതിക്കയുടെ ഇല, കായ, പത്രി തൊണ്ട് എന്നിവയ്ക്കെല്ലാം നിരവധി ഔഷധഗുണങ്ങളാണുള്ളത്. വയറ്റിളക്കത്തിന് ജാത്തിക്കയുടെ കുരു ചുട്ട് അരച്ച് കൊടുക്കാറുണ്ട്. അതേപോലെതന്നെ ജതിയിലഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വയറിനും ദഹനത്തിനും നല്ലതാണ്. ഇതേപോലെതന്നെ ജാതിക്കയുടെ തൊണ്ട് കൊണ്ട് നല്ലൊരു സര്‍ബത്തും നമുക്ക് നിര്‍മ്മിക്കാം.
ജാതിക്ക വേവിച്ച് ഇതിന്റെ സത്ത് എടുത്ത് മാറ്റി വെയ്ക്കുക. പഞ്ചസാര സന്നായി കുറുക്കി ഇതിലേയ്ക്ക് ജാതിക്കയുടെ സത്തും ഒഴിച്ച് ഒരു സിറപ്പ് പരിവം ആവുന്നവരെ കുറുക്കുക. നന്നായി കുറുകുന്നത് സിറപ്പ് കട്ടിയാകുവാന്‍ കാരണമാകും. അതുകൊണ്ട് ശ്രദ്ധിച്ചുവേണം കുറുക്കിയെടുക്കുവാന്. കുറുക്കിയെടുത്ത പാനി മാറ്റി വെയ്ക്കുക. ചൂടാറിയശേഷം ഒരു ഗ്ലാസ്സില്‍ നാരങ്ങ പിവിഞ്ഞ് കുറച്ച് ജാതിക്ക സിറപ്പ് ഒഴിച്ച് ഇഞ്ചിചതച്ചതും ചേര്‍ക്കുക. കുറച്ചുംകൂടെ ടേയ്സ്റ്റിനായി നന്നാരി സിറപ്പ് ചേര്‍ക്കുന്നത് നല്ലതായിരിക്കും. ഇതിലേയ്ക്ക് നല്ല തണുത്ത വെള്ളം ചോര്‍ത്ത് മിക്സ് ചെയ്താല്‍ ജാതിക്ക സര്‍ബത്ത് റെഡി.
ഗുണങ്ങള്‍:പൊതുവെ നിരവധി ഔഷധഗുണങ്ങളുള്ള സുഗന്ധവ്യജ്ഞനമാണ് ജാതിക്ക. ജാതിക്കയുടെ തൊണ്ട് അച്ചാറിടുന്നതിനും വൈന്‍ നിര്‍മ്മിക്കുന്നതിനും വെറുതെ കഴിക്കുവാനുമെല്ലാം നാം എടുക്കാറുണ്ട്. വയറ്റില്‍ ഉണ്ടാകുന്ന പല പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഇത് വളരെ ഉപകാരപ്രദമാണ്. അതേപോലെതന്നെ ജാതിക്ക സര്‍ബത്ത് കുടിക്കുന്നത് വേനല്‍കാലത്ത് നമുക്കുണ്ടാകുന്ന നിര്‍ജ്ജലീകരണം കുറയ്ക്കുന്നതിന് സഹായിക്കും.
ശരീരത്തില്‍ രൂപപ്പെടുന്ന അമിത ചൂടിനെ കുറച്ച് ബോഡി കൂളാകുവാനും ഈ സര്‍ബത്ത് സഹായിക്കും. ഇന്ന് പലരിലും കാണുന്നൊരു പ്രശ്നമാണ് അസിഡിറ്റി. ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് ഏറ്റവും നല്ലൊരു പരിഹാരമാണ് ഈ സര്‍ബത്ത്. അസിഡിറ്റി കുറച്ച്് വയറ്റിലെ അസ്വസ്ഥതകള്‍ മാറ്റുന്നതിനും ദഹനത്തിനും ഇത് സഹായിക്കും. കൂടാതെ വേനലില്‍ ദാഹം ശമിപ്പിക്കുന്നു. ശരീരത്തില്‍ ബ്ലഡ് സര്‍ക്കുലേഷന്‍ കൂട്ടുന്നതിന് സഹായിക്കും. കൂടാതെ, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മറവിരോഗത്തിനും വളരെ ഉപകാരപ്രദമാണ് ഈ പാനീയം. ജാതിക്ക സിറപ്പ് പാലില്‍ ചേര്‍ത്ത് കൊടുക്കുന്നത് കുട്ടികള്‍ക്കും നല്ലതാണ്. വിശപ്പ് ഉണ്ടാകുവാന്‍ സഹായിക്കും.
നറുനീണ്ടി സര്‍ബത്ത്
ഇന്ന് ആളുകള്‍ക്ക് ഏറ്റവും പ്രിയമുള്ള പാനീയമാണ് നറുനീണ്ടി അഥവാ നന്നാരി സര്‍ബത്ത്. നന്നാരിയുടെ വേരുകള്‍ നന്നായി കഴുകി വൃത്തിയാക്കി അതിനെ വെള്ളത്തില്‍ തിളപ്പിച്ചെടുത്ത് അതിലേയ്്ക്ക് നാരങ്ങാ നീരോഴിച്ച് പഞ്ചസാരയോ ശര്‍ക്കരയോ ചേര്‍ത്ത് സിറപ്പാക്കി എടുക്കുന്നതാണ് നറുനീണ്ടി സിറപ്പ്.
ഗുണങ്ങള്‍: നന്നാരിക്ക് ശരീരത്തിലെ താപം കുറച്ച് തണുപ്പിക്കുവാന്‍ സാധിക്കുന്നതിനാല്‍ വേനല്‍കാലത്ത് കുടിക്കുവാന്‍ പറ്റിയ ഒരു പാനീയമാണ് നന്നാരി സര്‍ബത്ത്. ഇത് വെള്ളം ചേര്‍ത്തോ പാലിന്റെ ഒപ്പമോ കഴിക്കുന്നത് നല്ലതാണ്. ഇങ്ങനെ സേവിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും നിര്‍ജ്ജലീകരണത്തില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യും.
ആയുര്‍വേദത്തില്‍ രക്തശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന ഔഷധമാണ് നന്നാരി. അതുകൊണ്ടുതന്നെ നറുനീണ്ടി സര്‍ബത്ത് കുടിക്കുന്നതിലൂടെ രക്തശുദ്ധീകരണം നടക്കുവാന്‍ സഹായിക്കും. കൂടാതെ, പഞ്ചസാരയ്കക്കുപകരം സര്‍ക്കര ഉപയോഗിച്ച് നിര്‍മ്മിക്കുന്ന നറുനീണ്ടി സര്‍ബത്ത് ഉപയോഗിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തില്‍ ഊര്‍ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.
മൂത്രത്തില്‍പഴുപ്പ് പോലുള്ള പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് നന്നാരി. ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ ഇടയ്ക്കിടയ്ക്ക് വരുന്നവര്‍ നന്നാരി സിറപ്പാക്കി സൂക്ഷിച്ച് വെയ്ക്കുന്നത് ഉത്തമമാണ്. അതേപോലെതന്നെ ശരീരത്തില്‍ ചൂട്കൂടുമ്പോള് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ഒന്നാണ് മലബന്ധം. ഇത് ഇല്ലാതാക്കുവാനും നന്നാരി കഴിക്കുന്നതിലൂടെ സാധിക്കും. മാത്രവുമല്ല, ദഹനത്തിന്റേതായ എല്ലാവിധ ബുദ്ധിമുട്ടുകളും മാറ്റുന്നതിനും ഇത് സഹായകമാണ്.
പച്ചമാങ്ങ സര്‍ബത്ത്
ഈ വേനല്‍കാലത്ത് പരീക്ഷിക്കുവാന്‍ പറ്റിയ ഒരു സര്‍ബത്ത് ആണ് പച്ചമാങ്ങ സര്‍ബത്ത്. അത്യാവശ്യം പുളിയുള്ള പച്ചമാങ്ങയെടുത്ത് മിക്സില്‍ അടിച്ച് അതിന്റെ സത്ത് എടുക്കുക. കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി വേവിച്ച് കുറുക്കിയെടുക്കുക. പഞ്ചസാരലായനി ഉണ്ടാക്കി അതില്‍ തയ്യാറാക്കിയ പച്ചമാങ്ങ ലായനിയും ചേര്‍ത്ത് നാരങ്ങാ നീരും ഒഴിച്ച് വാങ്ങി തണുപ്പിക്കുക. പിന്നീട് തണുത്ത വെള്ളത്തിനൊപ്പം ഇവ ചേര്‍ത്ത് കുടിക്കാവുന്നതാണ്. സര്‍ബത്ത് ഉണ്ടാക്കുമ്പോള്‍ ഇഞ്ചിയും പച്ചമുളക് ചേര്‍ക്കുന്നത് പുതുമയുള്ള രുചി നല്‍കും.
ഇത് മറ്റൊരു രീതിയിലും ഉണ്ടാക്കാവുന്നതാണ്. പച്ചമാങ്ങ തൊലികളഞ്ഞ് ഉപ്പും ഇഞ്ചി പച്ചമുളക് വേപ്പില തണുത്ത വെള്ളം എന്നിവ ചേര്‍ത്ത് അടിച്ചെടുത്ത് അരിച്ചെടുത്ത് കുടിക്കുന്നത് വേനല്‍കാലത്ത് വളരെ നല്ലതാണ്. വെള്ളത്തിനുപകരം സോഡ ചേര്‍ത്ത് കഴിക്കുന്നതും ഉത്തമം തന്നെ.
ഗുണങ്ങള്‍: ശരീരത്തിലെ വെള്ളത്തിന്റെ അംശം നിലനിര്‍ത്തുന്നതിനും നല്ലൊരു ദാഹശമനിയായും ഈ പാനീയത്തെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. പഞ്ചസ്സാരയിട്ട് കുടിക്കുന്നതിനേക്കാള്‍ കല്ലുപ്പിട്ട് കുടിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരം. കൂടാതെ വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ നമ്മുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.
ഇരുമ്പന്‍പുളി സര്‍ബത്ത്
ഇരുമ്പന്‍പുളി നന്നായി അരച്ചെടുത്ത് അതിനെ വെള്ളം ചേര്‍ത്ത് തിളപ്പിച്ച് പഞ്ചസാര ലായനിയും ചെറുനാരങ്ങ നീരും ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് നല്ല തണുത്ത വെള്ളവും മിന്റും ചേര്‍ത്ത് കുടിക്കാവുന്നതാണ്. നല്ലൊരു ദാഹശമനിയാണ് ഇരുമ്പന്‍പുളി സര്‍ബത്ത്.
ഗുണങ്ങള്‍: പച്ചമാങ്ങാ സര്‍ബത്തിന്റെ അതേ ഗുണങ്ങള്‍ തന്നെയാണ് ഇരുമ്പന്‍പുളി സര്ബത്തിനും ഉള്ളത്. ദാഹശമനിയായും ശരീരത്തിലെ വെള്ളത്തിന്റെ അളവ് നിലനിര്‍ത്തി നിര്‍ജലീകരണം തടഞ്ഞും ഇവ നമ്മളെ കൂടുതല്‍ ഉന്മേഷമുള്ളവരാക്കുന്നു.
Web Title : best drinks for this summer
Malayalam News from Samayam Malayalam, TIL Network