തിരുവനന്തപുരം: ഗാര്‍ഹിക പീഡന പരാതികള്‍ തീര്‍പ്പാക്കാതെ കിടക്കുമ്പോഴും സംസ്ഥാന വനിതാ കമ്മീഷനില്‍ കോടികളുടെ ധൂര്‍ത്ത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് മാസമായി കമ്മീഷന് അനുവദിച്ചത്.
സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് മുന്നിലെത്തിയ പരാതികള്‍ തീര്‍പ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ വനിത കമ്മീഷന് സര്‍ക്കാരിനോട് പണം ചോദിക്കുന്നതില്‍ ഒരു വീഴ്ചയുമുണ്ടായില്ലെന്നാണ് രേഖകളില്‍ വ്യക്തമാകുന്നത്. ചില പ്രവര്‍ത്തനങ്ങള്‍ക്ക് വനിത കമ്മീഷന് ഉയര്‍ന്ന ചെലവാണ് കണക്കാക്കിയത്.
സ്ത്രീകളോടുള്ള വിവേചനം തടയുന്നതിനും തുല്യത ഉറപ്പാക്കാനും നിയമ ശില്പശാലയും 238 സെമിനാറും നടത്താന്‍ 1.57 കോടി രൂപയാണ് വനിത കമ്മീഷന് മേയ് മാസത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ പരിപാടികള്‍ നടത്താന്‍ ഇത്രയധികം തുക ആവശ്യമില്ലെന്ന വിലയിരുത്തിലില്‍ തുക വെട്ടിക്കുറിച്ച് 75 ലക്ഷം രൂപയാണ് സാമൂഹ്യനീതി വകുപ്പ് അനുവദിച്ചത്.
കൗണ്‍സിലിങിനായി 120 ജാഗ്രത സമിതികള്‍ രൂപീകരിക്കാന്‍ 60 ലക്ഷം രൂപയും ഫാമിലി കൗണ്‍സിലിങ് കേന്ദ്രത്തിലേക്ക് രണ്ട് പാര്‍ട്ട്ടൈം സൈക്കോളജിസ്റ്റിനെ നിയമിക്കാന്‍ 10.8 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. കമ്മീഷന്റെ പ്രസിദ്ധീകരണം പുറത്തിറക്കാന്‍ ആറ് ലക്ഷം രൂപയും സര്‍ക്കാര്‍ നല്കി.
പരിപാടികള്‍ നടത്താന്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന കാരണങ്ങള്‍ അടക്കം ഉന്നയിച്ച് 27.45 ലക്ഷം രൂപയും കമ്മീഷന് ചോദിച്ചു. വനിത കമ്മീഷന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 5.45 ലക്ഷം രൂപയാണ് ഏറ്റവും ഒടുവിലായി ജൂണ്‍ 20ന് സാമൂഹ്യനീതി വകുപ്പ് നല്‍കിയത്. വാഹനം വാങ്ങുന്നതിനും നിയമനത്തിനും പ്രത്യേക പദ്ധതി സമര്‍പ്പിക്കനും കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു.
content highlights: state women commission was allotted crores in last two months