വോയിസ് മെസ്സേജുകളുടെ പ്ലേബാക്ക് വേഗത നിയന്ത്രിക്കുന്നതിനുള്ള ഫീച്ചർ വാട്സാപ്പ് കൊണ്ടുവന്നിരുന്നു
വാട്സാപ്പിന്റെ പുതിയ ബീറ്റ അപ്ഡേറ്റിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുതിയ രണ്ടു ഫീച്ചറുകൾ കൂടി അവതരിപ്പിച്ചു. രണ്ടു ചെറിയ ചെറിയ മാറ്റങ്ങളാണ് വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാട്സാപ്പിൽ അയക്കുന്ന വോയിസ് മെസ്സേജുകൾ ഇനി വേവ്ഫോമിൽ കാണാൻ സാധിക്കും. വാബീറ്റഇൻഫോ ഷെയർ ചെയ്ത സ്ക്രീൻഷോട്ട് അനുസരിച്ച് വോയിസ് മെസ്സേജുകൾ ഇനി മുതൽ നേരെയുള്ള ലൈനുകൾക്ക് പകരം വേവ്ഫോമിൽ ആയിരിക്കും ദൃശ്യമാകുക.
വാട്സാപ്പിന്റെ ആൻഡ്രോയിഡ് വേർഷൻ ബീറ്റ ടെസ്റ്റർ പതിപ്പായ 2.21.13.17 ഉപയോഗിക്കുന്നവർക്കാണ് ഇപ്പോൾ പുതിയ ഫീച്ചർ ലഭ്യമാകുക. ഡാർക്ക് മോഡിൽ വേവ്ഫോം കാണാൻ ബുദ്ധിമുട്ടാണെന്നും വോയ്സ് മെസ്സേജിന് ഇടയിലുള്ള ഭാഗത്തു നിന്നും സന്ദേശം കേൾക്കുന്നതിനു ബുദ്ധിമ്മുട്ടുണ്ടെന്ന് ചില ഉപയോക്താക്കൾ പറയുന്നു. ഇപ്പോൾ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രം ലഭ്യമാകുന്ന ഫീച്ചറിലെ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ഐഒഎസിലും ഇത് ലഭ്യമാകും.
ആപ്പിൽ തന്നെയുള്ള സ്റ്റിക്കറുകൾ സുഹൃത്തുകൾക്ക് ഫോർവേഡ് ചെയ്യാനുള്ള ഓപ്ഷനുമായാണ് പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്. സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ ഇനി സ്റ്റിക്കർ പാക്കുകൾ ഫോർവേഡ് ചെയ്ത് നൽകാം. ആൻഡ്രോയിഡിൽ ഇപ്പോൾ അവതരിപ്പിച്ച ഈ ഫീച്ചർ ഐഫോണിൽ നേരത്തെ മുതൽ ലഭ്യമാണ്. ഈ ഫീച്ചർ നിങ്ങൾക്ക് ഉണ്ടോ എന്ന് അറിയാൻ വാട്സാപ്പ് തുറന്ന ശേഷം വാട്സാപ്പ് സ്റ്റിക്കർ സ്റ്റോറിൽ നിന്നും ഒരു സ്റ്റിക്കർ പാക്ക് തിരഞ്ഞെടുത്താൽ മതി. ആപ്പിന്റെ ഇമോജി നൽകിയിരിക്കുന്ന ഭാഗത്താണ് സ്റ്റിക്കർ സ്റ്റോർ കാണുക.
Read Also: ടെലിഗ്രാമില്‍ ഇനിമുതല്‍ ഗ്രൂപ്പ് വീഡിയോ കോളും; പുതിയ സവിശേഷതകള്‍
സ്റ്റിക്കർ സ്റ്റോറിനുള്ളിൽ, സ്റ്റിക്കർ പാക്കിനു മുകളിലായി ഫോർവേഡ് ബട്ടൺ കാണുന്നുണ്ടെങ്കിൽ ഈ ഫീച്ചർ നിങ്ങൾക്ക് ലഭ്യമാണ് എന്നാണ് അർത്ഥം. അതിലെ ഫോർവേഡ് ബട്ടൺ ക്ലിക്ക് ചെയ്താൽ സ്റ്റിക്കർ പാക്ക് ഫോർവേഡ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന ചാറ്റ് തിരഞ്ഞെടുക്കുന്നതിനായി ചാറ്റ് ലിസ്റ്റ് വരും.
ഇതുകൂടാതെ , ഈ അടുത്തായി വോയിസ് മെസ്സേജുകളുടെ പ്ലേബാക്ക് വേഗത നിയന്ത്രിക്കുന്നതിനുള്ള ഫീച്ചർ വാട്സാപ്പ് കൊണ്ടുവന്നിരുന്നു. മൂന്ന് പ്ലേബാക്ക് സ്പീഡുമാണ് ഇപ്പോൾ വാട്സാപ്പ് വോയിസ് കേൾക്കാൻ ഉപയോഗിക്കാവുന്നത്. 1X സധാരണ വേഗതക്ക് ഒപ്പം 1.5X, 2X എന്നിങ്ങനെ കൂടുതൽ വേഗതയിൽ ശബ്ദ സന്ദേശങ്ങൾ ഇപ്പോൾ വാട്സാപ്പിൽ കേൾക്കാൻ കഴിയും.