ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ആരും മടിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനേഷന് സംബന്ധിച്ച് പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്. 100 വയസിനടുത്ത് പ്രായമുള്ള തന്റെ മാതാവ് വരെ ഇതിനോടകം വാക്സിന് സ്വീകരിച്ചിട്ടുണ്ടെന്നും വാക്സിനെടുക്കാനുള്ള മടി അവസാനിപ്പിക്കണെന്നും മോദി ആവശ്യപ്പെട്ടു. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വാക്സിനെടുക്കാന്‍ യാതൊരു ഭയവും വേണ്ട. ചിലപ്പോള്‍ വാക്സിന് സ്വീകരിച്ച ചിലര്‍ക്ക് പനിയുണ്ടായേക്കാം. എന്നാല്‍ ഇത് ഏതാനം മണിക്കൂറുകള്‍ മാത്രമ നിലനില്ക്കു. വാക്സിനേഷന് ഒഴിവാക്കുന്നത് അപകടകരമാണ്. വാക്സിന് എടുക്കാതിരുന്നാല്‍ നിങ്ങള്‍ മാത്രമല്ല നിങ്ങളുടെ കുടുംബവും സമൂഹവും ഒരുപോലെ അപകടത്തിലാകുമെന്നും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി.
ശാസ്ത്രത്തെയും നമ്മുടെ ശാസ്ത്രജ്ഞരെയും എല്ലാവരും വിശ്വസിക്കണം. ഇതിനോടകം രാജ്യത്തെ നിരവധി പേര് വാക്സിനെടുത്തു കഴിഞ്ഞു. ഞാനും വാക്സിന് എടുത്തു. 100 വയസിനടുത്ത് പ്രായമുള്ള എന്റെ മാതാവ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. വാക്സിനേഷന് സംബന്ധിച്ച തെറ്റായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തെറ്റായ പ്രചാരണം നടത്തുന്നവര്‍ അതു തുടരട്ടെ. എല്ലാവര്ക്കും വാക്സിന് ഉറപ്പാക്കും. വാക്സിന് എടുത്താന്‍ മാത്രമേ കോവിഡില്‍ നിന്ന് സംരക്ഷണം ലഭിക്കു. രാജ്യത്ത് വൈറസിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുകയാണ്. അതിനാല്‍ വാക്സിനേഷനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
content highlights: Shed Vaccine Hesitancy, Don’t Believe Rumours And Get Vaccinated: PM