ഇടതുമുന്നണിയുമായി എന്നും അകലം പാലിക്കുകയും സംസ്ഥാന സർക്കാരിനെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത കിറ്റെക്സ് ഗ്രൂപ്പ് ചെയർമാനും ട്വന്റി20 ചീഫ് കോര്ഡിനേറ്ററുമായ സാബു എം. ജേക്കബിന്റെ തന്ത്രത്തിൽ കെജ്രിവാൾ വീണു എന്ന് പറയുന്നതിൽ തെറ്റുണ്ടാകില്ല. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തിൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയെ രംഗത്തിറക്കിയെങ്കിലും തിരിച്ചടിയാണ് ട്വന്റി20ക്ക് ഉണ്ടായത്. രണ്ടാമതും പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ സാബു എം ജേക്കബുമായുള്ള ശീതസമരം മറനീക്കി പുറത്തുവരികയും പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു. തെലങ്കാനയിലേക്ക് വ്യവസായങ്ങൾ നീക്കുമെന്ന ഭീഷണി മുഴക്കുകയും പിന്നീട് തെലങ്കാനയിലെത്തി സർക്കാർ പ്രതിനിധികളുമായി അദ്ദേഹം ചർച്ചകൾ നടത്തുകയും ചെയ്തു.
താൻ സ്വയം കേരളത്തിൽ നിന്നും പോകുന്നതല്ലെന്നും തന്നെ ആട്ടിയോടിക്കുകയാണെന്നും സാബു ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും പൊതു സമൂഹത്തിൽ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. ഇതിനിടെ ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളിൽ സിപിഎമ്മുമായി നേർക്കുനേർ എത്തുകയും ചെയ്തു. ട്വന്റി20 പ്രവര്ത്തകന് സി കെ ദീപുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ട്വന്റി20യും സർക്കാരും തമ്മിലുള്ള തുറന്ന പോര് തുടരുന്നതിനിടെയാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കഴിയുന്ന സന്ദർഭമായിട്ട് പോലും തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിച്ച ട്വന്റി20 ആം ആദ്മിയുമായി സഖ്യം സ്ഥാപിക്കാനാണ് തീരുമാനിച്ചത്. കേരളത്തിൽ ചുവടുറപ്പിക്കാൻ ഒരു അവസരത്തിനായി കാത്തിരുന്ന ആം ആദ്മി ട്വന്റി20യുടെ ചൂണ്ടയിൽ കൊത്തുകയും ചെയ്തു.
‘ജനക്ഷേമ സഖ്യം’ എന്ന പേരിൽ മുന്നണി അറിയപ്പെടുമെന്ന് അരവിന്ദ് കെജ്രിവാളും സാബു എം ജേക്കബും പ്രഖ്യാപനം നടത്തി ദിവസങ്ങൾക്കകം എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 6 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. ട്വന്റിയും സി പി എമ്മും നിരന്തരം ഏറ്റുമുട്ടൽ തുടരുന്ന കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി വാർഡ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു എന്നത് ട്വന്റി20യെയും ഉപതെരഞ്ഞെടുപ്പിൽ ട്വന്റി20 വോട്ടുകൾ അനുകൂലമാകുമെന്ന പ്രതീക്ഷയിൽ തുടരുന്ന യുഡിഎഫിനെയും ഒരുപോലെ പ്രതിരോധത്തിലാക്കി. ട്വന്റി20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്ത് വാർഡ് 11ൽ എൽഡിഎഫ് സ്ഥാനാർഥി എന്ഒ ബാബു 139 വോട്ടിനാണ് വിജയിച്ചത്.
എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ആറ് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും വിജയിച്ചപ്പോൾ ബിജെപി അപ്രതീക്ഷിത കുതിപ്പാണ് നടത്തിയത്. കൊച്ചി കോർപറേഷൻ എറണാകുളം സൗത്ത് ഡിവിഷൻ, തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരിക്കോവിൽ വാർഡുകളിലാണ് ബിജെപി വിജയം സ്വന്തമാക്കിയത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി20 വോട്ടുകൾ നിർണായകമാകുമെന്ന് യുഡിഎഫിനേക്കാൾ കൂടുതൽ ഇടതുമുന്നണിക്ക് ബോധ്യമുണ്ട്. ഈ സാഹചര്യത്തിൽ ട്വന്റി20യുടെ പ്രകോപനങ്ങളിൽ വീഴാതെ സംയമനം പാലിക്കുകയാണ് സിപിഎം. സാബു എം ജേക്കബിനെ വിമർശിച്ച് നടത്തിയ പോസ്റ്റ് പി വി ശ്രീനിജൻ എംഎൽഎ പോസ്റ്റ് പിൻവലിച്ചതും പിന്നാലെ മന്ത്രി പി രാജീവ് നിലപാട് വ്യക്തമാക്കിയതും ഈ തിരിച്ചറിവിന്റെ ഭാഗമാണ്. “ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാർട്ടി നിലപാട്. ട്വന്റി 20യുടേത് അടക്കമുള്ള വോട്ടുകൾ എൽഡിഎഫിന് ലഭിക്കും” – എന്നാണ് ശ്രീനിജന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ തള്ളിക്കൊണ്ട് രാജിവ് പ്രതികരിച്ചത്. ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സിപിഎമ്മിനെതിരെ സാബു നടത്തുന്ന പ്രസ്താവനകൾ തങ്ങൾക്ക് അനുകൂലമായ വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.