ആലപ്പുഴ: സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ മുന്‍മന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമര്‍ശം. അമ്പലപ്പുഴ മണ്ഡലത്തില്‍ സുധാകരന്റെ പ്രവര്‍ത്തനം അനുകൂലം ആയിരുന്നില്ലെന്ന് എച്ച്. സലാം എം.എല്‍.എ. വിമര്‍ശിച്ചു.
തനിക്ക് താല്പര്യമുള്ള സ്ഥാനാര്‍ഥിയല്ല എന്ന സന്ദേശം പ്രതികരണത്തിലും പെരുമാറ്റത്തിലും നല്കി. കുടുംബയോഗങ്ങളിലെ പ്രസംഗങ്ങളിലും ദുസൂചന നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് സുധാകരന് വിമര്‍ശിക്കപ്പെട്ടത്.
പാര്‍ട്ടിയില്‍ സുധാകരന് ശക്തനായിരുന്ന സമയത്ത് ഉറ്റ അനുയായികള്‍ ആയിരുന്നവര്‍ പോലും വിമര്‍ശകരായി മാറി. എച്ച്. സലാമാണ് ഗുരുതര വിമര്‍ശം ഉന്നയിച്ചത്. പ്രചാരണത്തില്‍ സുധാകരന്റെ നിലപാട് അനുകൂലം ആയിരുന്നില്ല. അമ്പലപ്പുഴ ക്ഷേത്രത്തിലെ സംഭവവുമായി ബന്ധപ്പെട്ട് വിമര്‍ശനപരമായ പ്രസ്താവന നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളില്‍ പ്രചാരണത്തിന് ക്ഷണിച്ചെങ്കിലും വരാന്‍ കൂട്ടാക്കിയില്ല, പ്രവര്‍ത്തനം സജീവമായിരുന്നില്ല തുടങ്ങിയവയാണ് മറ്റു നേതാക്കള്‍ ഉന്നയിച്ച വിമര്‍ശനം.
സുധാകരന് ജില്ലാ കമ്മിറ്റിയില്‍ പങ്കെടുത്തില്ല. ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ ജില്ലാ – സംസ്ഥാന നേതൃത്വങ്ങള്‍ വിമര്‍ശങ്ങളെ അത്ര ഗൗരവമായി എടുത്തിട്ടില്ല. എത്ര പ്രവര്‍ത്തിച്ചാലും പോര എന്ന് സ്ഥാനാര്‍ഥിക്ക് തോന്നുക സ്വാഭാവികമാണ്. അമ്പലപ്പുഴയില്‍ പൊടുന്നനെ ഉണ്ടായ വിജയമല്ല. പാര്‍ട്ടി അവിടെ കാലങ്ങളായി നടത്തിയ പ്രവര്‍ത്തനം വിസ്മരിക്കരുത്. ബാക്കി എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ പരിശോധിക്കാം എന്നായിരുന്നു എ. വിജയരാഘവന്റെ മറുപടി.
സുധാകരന് മനസിലുള്ളത് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ്. പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് വിജയിച്ചതെന്നും ജില്ലാ സെക്രട്ടറി ആര്. നാസര്‍ മറുപടി നല്കി. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സുധാകരനെതിരെ നിലപാടെടുത്ത നാസര്‍ ജില്ലാ കമ്മിറ്റിയില്‍ അതില്‍നിന്ന് പിന്മാറി എന്നതും ശ്രദ്ധേയമായി.
എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങിയ ഡോ. തോമസ് ഐസക്കായിരുന്നു താരം. സീറ്റ് ലഭിക്കാതിരുന്നിട്ടും മാതൃകാപരമായി പ്രവര്‍ത്തിച്ചു. എല്ലാ മണ്ഡലങ്ങളിലും ഇടപെട്ടു, സഹായം നല്കി എന്നിങ്ങനെ എല്ലാവരും ഐസക്കിനെ പ്രശംസകൊണ്ട് മൂടി. പഴയ സുധാകര അനുകൂലികള്‍ പൊടുന്നനെ അദ്ദേഹത്തിന്റെ വിമര്‍ശകരായി മാറിയത്. ജില്ലയിലെ പാര്‍ട്ടിയില്‍ ശാക്തിക ചേരികളില്വന്ന മാറ്റത്തിന്റെ സൂചനയാണ്.
Content Highlights: G Sudhakaran CPM Alappuzha District Committee