അവസാന നാലില്‍ പോലും എത്താനാകാതെ നിലവിലെ ചാമ്പ്യന്മാര് കളം വിട്ടു
UEFA EURO 2020: യുവേഫ യൂറോ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ കീഴടക്കി ബല്‍ജിയം ക്വാര്‍ട്ടറിലേക്ക്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. തോര്‍ഗന്‍ ഹസാര്‍ഡാണ് ബല്‍ജിയത്തിന്റെ വിജയഗോള്‍ നേടിയത്.
തുടക്കം മുതല്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്ക്കുന്ന പോരാട്ടമായിരുന്നു കണ്ടത്. പ്രതിരോധ നിരകള്‍ ശക്തി തെളിയിച്ചപ്പോള്‍ കളത്തിന്റെ മധ്യത്തിലേക്ക് കളിയൊതുങ്ങി. മനോഹരമാസ പാസുകളിലൂടെ പോര്‍ച്ചുഗല്‍ നേരിയ ആധിപത്യം പുലര്‍ത്തി തുടങ്ങിയിരുന്നു.
എന്നാല്‍ 42-ാം മിനുറ്റില്‍ പോര്‍ച്ചുഗലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. ഇടതു വിങ്ങിലൂടെ ഓടിയെത്തിയ തോര്‍ഗന്‍ ഹസാര്‍ഡിന് മൂനിയര് പന്ത് കൈമാറി. പാസിങ് ഗെയിം ബല്‍ജിയം തുടരുമെന്ന പറങ്കിപ്പടയുടെ പ്രതരോധത്തിന് പിഴച്ചു.
ഹസാര്‍ഡിന്റെ തീ പാറും ഷോട്ട്. ഗോളി ലൂയി പട്രീഷ്യോയ്ക്ക് എത്തിപ്പിടിക്കാനായില്ല. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്ക്ക് ബല്‍ജിയം ലീഡ് നേടി.
എന്നാല്‍ രണ്ടാം പകുതിയില്‍ പോര്‍ച്ചുഗലിന്റെ സമ്പൂര്‍ണ ആധിപത്യമാണ് കണ്ടത്. ഗോളിനായി നിരന്തരം ശ്രമിച്ചു. പരിചയസമ്പന്നരായ താരങ്ങളെ പിന്‍വലിച്ച് ഫെര്ണാന്റൊ സാന്റോസ് യുവ സ്ട്രൈക്കര്‍മാരെ കളത്തിലിറക്കി.
പോര്‍ച്ചുഗലിന്റെ ആക്രമണത്തിന്റെ വേഗതയും കൂടി. കളി നാടകീയമായി. ഒപ്പം വാക്കേറ്റവും കയ്യാങ്കളിയിലേക്കും കാര്യങ്ങള്‍ എത്തി. ഇരു ടീമുകളിലേയും താരങ്ങള്‍ മഞ്ഞക്കാര്‍ഡ് വാങ്ങിക്കൂട്ടിയെന്ന് തന്നെ പറയാം.
സമനില ഗോളിനായി റൊണാള്‍ഡോയും സംഘവും നിരന്തരം ശ്രമിച്ചു. ഗുറൈറോയുടെ ഹെഡര്‍ ക്വോട്ടുവാ തട്ടിയകറ്റി. ജാവോ ഫെലിക്സിന്റെ ഷോട്ട് പോസ്റ്റിലിടിച്ചു. അങ്ങനെ അവസരങ്ങള്‍ ഉണ്ടായിട്ടും ഗോള്‍ മാത്രം പിറന്നില്ല.
അവസാന നാലില്‍ പോലും എത്താനാകാതെ നിലവിലെ ചാമ്പ്യന്മാര് കളം വിട്ടു. 110 എന്ന മാന്ത്രിക സംഖ്യ തൊടാനാകാതെ ക്രിസ്റ്റ്യാനോയും.
Also Read: UEFA EURO 2020: അധിക സമയത്ത് ഇറ്റാലിയന്‍ തേരോട്ടം; ഡെന്മാര്ക്കും ക്വാര്‍ട്ടറില്‍