കൊച്ചി: കള്ളക്കടത്തിന് കൂട്ടുനിൽക്കുന്നവരോടൊന്നും ഒരിക്കലും ഇടത് പ്രസ്ഥാനങ്ങൾക്ക് സന്ധിപാടില്ലെന്നും അതിന് വിരുദ്ധമായ കാര്യങ്ങൾ സംഭവിച്ചാൽ ഇടത്പക്ഷ മൂല്യങ്ങൾക്ക് തളർച്ച നേരിടുമെന്നും സി പി ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം പി. ഇടത്പക്ഷ പ്രസ്ഥാനങ്ങൾ മുൻപ് ഉണ്ടായിരുന്നതിനെക്കാൾ ജാഗ്രത ഇപ്പോൾ പാലിക്കുകയും അത് എല്ലാ കാലത്തും നിലനിർത്തുകയും വേണം. ഇല്ലെങ്കിൽ ഏത് ഇടത് പ്രസ്ഥാനങ്ങൾക്കുള്ളിലും തില്ലങ്കേരിമാരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാമനാട്ടുകരയിലെ സ്വർണ കവർച്ച ക്വട്ടേഷൻ കേസിൽ സി പി എം അംഗങ്ങൾക്ക് പങ്കുണ്ടെന്നതിന് തെളിവുകൾ വന്നതിന് പിന്നാലെ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ദുഷ്ടശക്തികൾക്കും തലപൊക്കാനും വേരോടിക്കാനും ശക്തിപകരുന്ന കാലഘട്ടമാണിത്. നാണം കെട്ടും പണം ‘നേടിക്കൊണ്ടാൽ നാണാക്കേടാ പണം മാറ്റിക്കൊള്ളും’ എന്നൊരു പഴഞ്ചൊല്ലുണ്ട്. ഇപ്പോഴത് പഴഞ്ചൊല്ല് അല്ല പകരം സമൂഹത്തിന്റെ പൊതുഗതിയെ നിയന്ത്രിക്കുന്ന മുഖ്യചിന്താഗതിയായി മാറിക്കഴിഞ്ഞു. പണത്തിന്റെ സ്വാധീനം എല്ലാ മേഖലയിലും ശക്തിപ്പെടുകയാണ്. അതുകൊണ്ട് തന്നെ മുൻപ് ഉണ്ടായിരുന്നതിനെക്കാൾ ഇരട്ടി ജാഗ്രത ഇപ്പോൾ പാലിക്കുകയും അത് എല്ലാ കാലത്തും നിലനിർത്തുകയും വേണം. ഇല്ലെങ്കിൽ ഏത് ഇടത് പ്രസ്ഥാനങ്ങൾക്കുള്ളിലും തില്ലങ്കേരിമാരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ജാഗ്രതക്ക് പകരം മറ്റൊന്നില്ല
പാർട്ടിയുടെ സൈബർ രംഗത്തുള്ളവർ ഗുണ്ടാസംഘത്തിലും കള്ളക്കടത്തിലുമൊക്കെ ഉള്ളവരാണെന്നുള്ള പ്രതീതി സമൂഹത്തിൽ ഉണ്ടാകാൻ പാടില്ല. തങ്ങൾ പാർട്ടിക്ക് വേണ്ടി സൈബർ യുദ്ധം നടത്തുകയാണെന്നും നേതാക്കളെപ്പറ്റി ആരെങ്കിലും മിണ്ടിപോയാൽ അവരെ തെറിവിളിച്ച് വായ അടപ്പിക്കുമെന്ന് പറയുന്ന ഇക്കൂട്ടർ പാർട്ടിയുടെ രക്ഷകരോ മിത്രങ്ങളോ അല്ല. തട്ടിപ്പിനും കൊള്ളക്കും മറയായി സൈബർ യുദ്ധത്തേയും പാർട്ടിയേയും മാറ്റാൻ ശ്രമിക്കുന്ന ഇത്തരം പ്രവണതകൾ ഉത്പാദിപ്പിക്കപ്പെടുന്ന സാമൂഹികാവസ്ഥയിലാണ് നാം ജീവിക്കുന്നത്. ആ കാലം ഇടത് പക്ഷത്തോട് ആവശ്യപ്പെടുന്ന ജാഗ്രതയുണ്ട്.അതിന് പല തലങ്ങളുണ്ട്. അത്തരം ദുഷ്ടശക്തികൾ പാർട്ടിയുമായി ബന്ധപ്പെട്ട് ഒരിടത്തും തലപൊക്കാതിരിക്കാൻ ജാഗ്രത പാലിക്കണം. ഇത് സി പി എമ്മിന് മാത്രമല്ല സി പി ഐ അടക്കമുള്ള എല്ലാ ഇടതുപക്ഷ പാർട്ടികൾക്കും ബാധകമാണ്.
ക്വട്ടേഷൻ സംഘങ്ങൾ ഇടതുപക്ഷ മാർഗമല്ല
പുതിയ കാലത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ നയങ്ങളുണ്ട്. ഇത് മുതലാളിത്തം ആഗോളവത്കരണമായി വളർന്ന കാലഘട്ടമാണ്. അത് സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന പണകേന്ദ്രീകൃതമായ മൂല്യബോധങ്ങളുണ്ട്. അതിന് കീഴ്പ്പെട്ട് പോകാതിരിക്കാൻ ഇടത്പക്ഷ പാർട്ടികൾ സ്വന്തം അണികളെ സജ്ജമാക്കേണ്ടതുണ്ട്. കാരണം അവർ മുതലാളിത്തത്തിന് ബദലായ സോഷ്യലിസ്റ്റ് ലക്ഷ്യം ഉയർത്തിപ്പിടിക്കുന്നവരാണ്. പാർട്ടി അണികളെ അത് ബോധ്യപ്പെടുത്താൻ നിരന്തരമായ ശ്രമങ്ങൾ കൂടിയേ തീരു. ഒരാഴ്ച കൊണ്ടോ ഒരു മാസം കൊണ്ടോ അത് പൂർത്തിയാകുന്നതല്ല. ഇന്നത്തെ സാഹചര്യങ്ങളിൽ ഏത് പാർട്ടിക്കകത്തും നീചമായ പ്രവണതകൾ തലപൊക്കാനിടയുണ്ട്. അതിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കേണ്ടവരാണ് ഇടതുപക്ഷം. അതുകൊണ്ടാണ് അത് വലതുപക്ഷത്തിൽ നിന്ന് വ്യത്യസ്തമാകുന്നത്. ഇടവേളകളില്ലാത്ത ജാഗ്രതപ്പെടുത്തലുകളും പരിശീലനങ്ങളും പഠനങ്ങളും പ്രവർത്തനങ്ങളും എല്ലാം ചേർന്ന ഒരു സമരം തന്നെയാണിത്. ആ സമരത്തിൽ ഇടത്പക്ഷം പരാജയപ്പെട്ടാൽ സമൂഹത്തിലാകെ ഈ വിഷം വ്യാപിക്കും. അതിനാൽ തറപ്പിച്ച് പറയട്ടെ ക്വട്ടേഷൻ സംഘങ്ങൾ ഇടത്പക്ഷത്തിന് അപമാനമാണ്.
കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം
സി പി ഐ, സി പി ഐ എം പാർട്ടി കോൺഗ്രസുകൾ എല്ലാ കാലത്തും ചർച്ചക്കെടുക്കുന്ന ഒന്നാണ് സംഘടനാ രേഖ. അത് സ്ഥിരമായി അടിവരയിട്ട് പറയുന്ന ഒരു കാര്യമാണ് കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ സംരക്ഷിക്കണമെന്നത്. ആ മൂല്യങ്ങൾക്ക് നേരെ ആഗോളവത്കരണകാലത്ത് വരുന്ന ആക്രമണങ്ങളെ കണ്ടറിഞ്ഞുകൊണ്ട് വേണം പാർട്ടിയെ ശക്തിപ്പെടുത്താൻ. ഈ മൂല്യബോധമാണ് തങ്ങളുടെ അടിസ്ഥാനമെന്ന് ഇടത്പക്ഷ പാർട്ടികൾ സ്വന്തം അണികളെ ബോധ്യപ്പെടുത്തണം. കേരളത്തിലെ പ്രത്യേക അവസ്ഥയിൽ ഇതിന്റെ ഗൗരവം ഉൾക്കൊള്ളാൻ സി പി എം കാണിച്ച ജാഗ്രതയുടെ ഫലമായാണ് പാലക്കാട്ടെ സംഘടാപ്ലീനം. പാർട്ടി സംഘടനേയും പ്രവർത്തകരേയും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ ഉറപ്പിച്ച് നിർത്താൻ വേണ്ടിയുള്ള മാതൃകാപരമായ മുൻകൈ ആയിരുന്നു അത്. പാർട്ടി സഖാക്കളുടെ കടമകൾ എന്താണെന്നും അവർ എന്തെല്ലാം ചെയ്തുകൂടായെന്നും പാലക്കാട് പ്ലീനം പൊതുവിൽ പറയുകയുണ്ടായി. അതിനെ അതിജീവിച്ച് കൊണ്ട് ഇത്തരം ശക്തികളും പ്രവർത്തനങ്ങളും എങ്ങനെ തലപൊക്കുന്നുവെന്ന് ഗൗരവപൂർവം പരിശോധിക്കപ്പെടണം. ഇത് സി പി എമ്മിന്റെ മാത്രം പ്രശ്നമല്ല. ചെങ്കൊടി പിടിക്കുന്ന സി പി ഐ അടക്കമുള്ള എല്ലാ പാർട്ടികളും ഏറ്റെടുക്കേണ്ട കർത്തവ്യമാണത്.
ഇടത്പക്ഷമാണ് നാടിന് മുൻപിൽ നേരിന്റെ വെളിച്ചം കാണിക്കേണ്ടവർ. ആ വെളിച്ചം കെടുത്തിയാൽ തങ്ങളുടെ ചൂഷണവും മർദ്ദനവും നിർബാധം തുടരാമെന്ന് മൂലധന ശക്തികൾ കരുതുന്നു. അവരുടെ കൈയിലെ കളിപ്പാവകളാണ് ക്വട്ടേഷൻ സംഘങ്ങളും കള്ളക്കടത്തുകാരും ചെങ്കൊടിക്ക് താഴെ അത്തരക്കാർക്ക് ഒരിഞ്ചുപോലും ഇടമുണ്ടാകില്ലായെന്ന് ഉറപ്പ് വരുത്തിയേ തീരുകയുള്ളൂ- ബിനോയ് വിശ്വം പറഞ്ഞു.
Content Highlights:Binoy Viswam MP responds on Ramanattukara gold robbery quatation case