പ്രതി ബലാത്സംഗം ചെയ്യുകയും നഗ്നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു
വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തത് ചുങ്കത്ത് ജോണ്‍സണെന്ന് ആരോപണം
തൃശ്ശൂര്‍: സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ മയൂഖ ജോണി. 2016-ലാണ് സംഭവം. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ചുങ്കത്ത് ജോണ്സണ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തെന്നും മയൂഖ ജോണി വെളിപ്പെടുത്തി.
ഇതുസംബന്ധിച്ച് എസ്.പി. പൂങ്കുഴലിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മോശം സമീപനമാണ് പോലീസില്‍ നിന്ന് ഉണ്ടായത്. വനിതാകമ്മീഷന് അധ്യക്ഷയായിരുന്ന എം.സി.ജോസഫൈന് പ്രതികള്‍ക്കായി ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചു ഇപ്പോഴും പ്രതി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയ മയൂഖ സാമ്പത്തിക-രാഷ്ട്രീയ പിന്ബലവുമുളള പ്രതി സ്വാധീനം ഉപയോഗിച്ച് നടപടികള്‍ വൈകിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി.
2016 ജൂലായ് മാസം വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. പിന്നീട് ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി. അവിവാഹിതയും ഭാവിയെ കുറിച്ചുളള ആശങ്കയിലും അന്ന് ഇതേക്കുറിച്ച് പെണ്‍കുട്ടി പരാതിപ്പെട്ടില്ല. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് പ്രതി പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞു. പിന്നീട് 2020 ലാണ് വീണ്ടും പ്രതി ഭീഷണി ഉയര്‍ത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഭര്‍തൃവീട്ടുകാര്‍ സംഭവം അറിയുകയും തുടര്‍ന്ന് എസ്.പി. പൂങ്കുഴലിക്ക് പരാതി നല്‍കുകയുമാണ് ചെയ്തത്.
പരാതി നല്‍കാനായി ചെന്ന ആദ്യ തവണ വളരെ പോസിറ്റീവായ പ്രതികരണമാണ് എസ്പിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. എന്നാല്‍ പ്രതിയുടെ സ്വാധീനത്തെ തുടര്‍ന്ന് പിന്നീട് ചെന്നപ്പോള്‍ തങ്ങളെ അവഗണിക്കുന്ന സമീപനമാണ് പോലീസ് കൈക്കൊണ്ടതെന്നും മയൂഖ പറഞ്ഞു. വനിതാകമ്മീഷന് അധ്യക്ഷയായിരുന്ന ജോസഫൈന് പോലീസ് സ്റ്റേഷനിലേക്ക് നേരിട്ട് വിളിച്ച് വിഷയത്തില്‍ ഇടപെട്ടുവെന്നു മയൂഖ ആരോപിച്ചു.
കഴിഞ്ഞ മന്ത്രിസഭയിലെ ഒരു മന്ത്രി ഇടപെട്ടതായും ഇവര്‍ ആരോപണമുന്നയിക്കുന്നുണ്ട്. ‘ഒരു മന്ത്രിയെയോ ഒരു ബിഷപ്പിനെയോ ഇതിലേക്ക് വലിച്ചിട്ട് ഒരു വിവാദത്തിലേക്ക് പോകാന്‍ താല്പര്യമില്ല. അങ്ങനെ ഈ കേസില്‍ ഇടപെടുന്നവര്‍ക്ക് പിന്മാറാന് ഒരു അവസരം കൂടി നല്‍കുകയാണ്.’
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും മയൂഖ പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തതിന് പിറകേ സി.ഐ. തന്റെ മൊഴിയെടുത്തുവെന്നും തെളിവില്ലാത്തതിനാല്‍ കേസെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതായും മയൂഖ പറയുന്നു