ജൂലൈ 13 നാണ് ശ്രീലങ്കക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്ക് തുടക്കമാകുന്നത്
ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ ട്വിന്റി 20, ഏകദിന പരമ്പരയ്ക്കായി ഇന്ത്യ തയാറെടുക്കുകയാണ്. പരിശീലകനായി ഏറെ നാളെത്തെ കാത്തിരിപ്പിന് ശേഷം രാഹുല്‍ ദ്രാവിഡെന്ന തന്ത്രശാലിയും. എന്നാല്‍ മുതിര്‍ന്ന താരങ്ങളുടെ അഭാവത്തില്‍ ശിഖര്‍ ധവാന്റെ കീഴില്‍ അണിനിരക്കുന്ന പ്രതിഭധനരായ യുവതാരങ്ങള്‍ക്ക് പരമ്പര കേവലം മത്സരങ്ങള്‍ മാത്രമല്ല. ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ കൂടിയാണ്. പ്രത്യേകിച്ചും ട്വന്റി-20 ലോകകപ്പ് വരാനിരിക്കെ.
യുവതാരങ്ങളില്‍ ആര്‍ക്കൊക്കെ പരമ്പര നിര്‍ണായകമാണെന്നതില്‍ പരിശീലകൻ ദ്രാവിഡിന് നല്ല നിശ്ചയമുണ്ട്. വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് ദ്രാവിഡിന്റെ പ്രതികരണം. “ദേവദത്ത് പടിക്കല്‍, പൃത്വി ഷാ, റുതുരാജ് ഗെയ്ക്ക്വാദ് തുടങ്ങിയ താരങ്ങള്‍ക്ക് പരമ്പര പ്രധാനമാണ്. ഇന്ത്യന്‍ ടീമിലിടം പിടിക്കുന്നതിനായി അവര്‍ പരമാവധി ശ്രമിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ടീമിലേക്ക് വിളിക്കണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് സെലക്ട്ര്മാരുടേയും ടീം മാനേജുമെന്റിന്റേയും ചുമതലയാണ്,” ദ്രാവിഡ് വ്യക്തമാക്കി.
മറു അഭിപ്രായവും മുന്‍ ഇന്ത്യന്‍ നായകനുണ്ട്. “നന്നായി കളിച്ചില്ല എങ്കില്‍ ഒരിക്കലും ടീമില്‍ എത്തില്ല എന്നില്ല. മികച്ച പ്രകടനം കാഴ്ച വച്ചതുകൊണ്ട് എളുപ്പത്തില്‍ ഇന്ത്യന്‍ ജേഴ്സി അണിയാമെന്നും ധരിക്കരുത്. നല്ല പ്രകടനങ്ങള്‍ പുറത്തെടുത്താല്‍ അത്തരം താരങ്ങളെ സെലക്ടര്‍മാര്‍ ഓര്‍ത്തു വയ്ക്കും. പിന്നീട് അവസരം ഒരുങ്ങും,” ദ്രാവിഡ് അഭിപ്രായപ്പെട്ടു.
പരമ്പര സ്വന്തമാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. “നിരവധി താരങ്ങള്‍ ടീമിലുണ്ട്. ലോകകപ്പ് കളിക്കുന്നതിന് അവസരം ലഭിക്കാനുള്ള ശ്രമത്തിലായിരിക്കും എല്ലാവരും. എന്നിരുന്നാലും എല്ലാവരുടേയും ലക്ഷ്യം ജയിക്കണം എന്ന് മാത്രമായിരിക്കണം. ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു,” ആദ്ദേഹം പറഞ്ഞു.
Also Read: UEFA EURO 2020: ഹസാര്‍ഡിന്റെ ഷോട്ടില്‍ പറങ്കിപ്പട വീണു; ബല്‍ജിയം ക്വാര്‍ട്ടറില്‍