കൊല്ലം: കേരളത്തില്‍ സ്ത്രീധനത്തിനെതിരെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സ്ത്രീധനമെന്ന സാമൂഹികതിന്മ തുടച്ചുമാറ്റപ്പെടണം. അതിനായി കേരളത്തിലെ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാന ചെയ്തു. കൊല്ലത്ത് സ്ത്രീധന പീഡനത്തിനിരയായി മരിച്ച വിസ്മയയുടെ വീട് സന്ദര്‍ശിച്ച ഗവര്‍ണര്‍ വികാരാധീനനായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം തുടങ്ങി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളം എല്ലാ കാര്യത്തിലും മുന്‍പന്തിയിലാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കൃത്യമായ നടപടികള്‍ സ്വീകരിക്കണം. അതിനായി വ്യാപകമായ ബോധവത്കരണ പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. സ്ത്രീധനത്തിനെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളത്തിലെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുന്നു.’
‘സ്ത്രീധനം ആവശ്യപ്പെടുന്നതും നല്‍കുന്നതുമായ രീതി ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടരുത്. സ്ത്രീധനത്തിനെതിരെ കൂട്ടായ പരിശ്രമം വേണം. സ്ത്രീധനം കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ വിവാഹത്തിന് പങ്കെടുക്കില്ലെന്ന് പറയുന്ന സാഹചര്യം ഉണ്ടാവണം. ആണ്‍വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചാല്‍ ആ ബന്ധവുമായി മുന്നോട്ടുപോവില്ലെന്ന് പറയാന്‍ പെണ്‍വീട്ടുകാര്‍ തയ്യാറാവണം.’
‘പ്രളയകാലത്ത് സന്നദ്ധപ്രവര്‍ത്തനത്തിന് യുവാക്കളെ ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ വെറും 24 മണിക്കൂറിനുള്ളില്‍ 73,000 യുവാക്കള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമാണിത്. അതുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ കാര്യത്തില്‍ സംശയമില്ല.’
വിസ്മയ തനിക്ക് മകളെപ്പോലെയാണ്. തന്നെ സംബന്ധിച്ച് കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും തന്റെ മകളെപ്പോലെയാണ്. വിസ്മയയുടെ വീട് സന്ദര്‍ശിച്ച താന്‍ ഏറെ വികാരഭരിതനായെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
Content Highlights: Governor Arif Muhammed Khan visits Vismaya’s house at Kollam, Dowry death