തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി 18 പൂര്‍ത്തിയായ എല്ലാവര്ക്കും വാക്സിന് നല്കാന് തീരുമാനം. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് മുന്‍ഗണനാ നിബന്ധനയില്ലാതെ തന്നെ കുത്തിവെപ്പ് നല്കാന് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. 18 കഴിഞ്ഞവരില്‍ രോഗബാധിതര്‍ക്കും മുന്‍ഗണനയുള്ളവര്‍ക്കും മാത്രമാണ് നിലവില്‍ വാക്സിന് നല്‍കുന്നത്. ഇവര്‍ക്കുള്ള പ്രത്യേക പരിഗണന തുടരും.
18 വയസുമുതലുള്ളവര്‍ക്ക് വാക്സിനേഷനായി രജിസ്ട്രേഷന് നേരത്തെ ആരംഭിച്ചിരുന്നെങ്കിലും രോഗബാധിതര്‍ക്കും മറ്റ് മുന്‍ഗണനയുള്ളവര്‍ക്കും മാത്രമാണ് കുത്തിവെപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുന്‍ഗണനാ വ്യത്യാസമില്ലാതെ തന്നെ വാക്സിന് ലഭിക്കും. 18 മുതലുള്ള എല്ലാവരെയും ഒരു ബ്ലോക്കായി നിശ്ചയിച്ച് കുത്തിവെപ്പ് നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. കേന്ദ്രത്തിന്റെ പുതിയ വാക്സിന് നയത്തിലെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണ് തീരുമാനം.
അതേസമയം 18-നും 45-നുമിടയിലുള്ളവരില്‍ രോഗബാധിതര്‍, വിദേശത്ത് പോകുന്നവര്‍, പൊതുസമ്പര്‍ക്കം കൂടിയ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങി 50-ലേറെ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക മുന്‍ഗണ തുടര്‍ന്നും ലഭിക്കും. ഇവര്‍ സംസ്ഥാന സര്‍ക്കാറിന്റെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റുള്ളവര്‍ക്ക് കൊവിന്‍ പോര്‍ട്ടലില്‍ തന്നെ സ്ലോട്ട് ബുക്ക് ചെയ്യാന്‍ ക്രമീകരണം നടത്തും.
18 മുതലുള്ളവര്‍ക്കായി കുടുതല്‍ വാക്സിനേഷന് സെന്ററുകള്‍ തുടങ്ങാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. എന്നാല്‍ കേന്ദ്രത്തില്‍നിന്ന് തുടര്‍ച്ചയായി വാക്സിന് ലഭിച്ചാല്‍ മാത്രമേ കാലതാമസമില്ലാതെ കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്‍കാനാകൂ.
Content Highlights: covid vaccination for 18 plus category