തിരുവനന്തപുരം: വലിയവേളിയില്‍ കടലാക്രമണം രൂക്ഷം. മൂന്നോളം വീടുകളുടെ ചുറ്റുമതിലും ശൗചാലയവും കടലെടുത്തു. അന്‍പതോളം വീടുകള്‍ കടലാക്രമണ ഭീഷണിയില്‍.
ഇന്നലെയുണ്ടായ ശക്തമായ തിരമാല അടിച്ചു കയറിയാണ് നാശം ഉണ്ടായത്. വേളി തീരത്തെ കടല്‍ഭിത്തി അവസാനിക്കുന്നിടത്തെ വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്.
അശാസ്ത്രീയ നിര്‍മ്മാണം മൂലം തീരത്തെ മണല്‍ കടലെടുത്തതാണ് ഇതിന് കാരണമായി മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വേളി തീരത്തിന് തെക്കുഭാഗത്തടിഞ്ഞ മണല്‍ തിരികെയെത്തിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു.
ഇറിഗേഷന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വീണ്ടും ശക്തമായ തിരമാലകളുയര്ന്നാല് വീടുകള്‍ കടലെടുക്കുമെന്ന ഭീതിയിലാണ് മത്സ്യത്തൊഴിലാളികള്‍. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.