തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐ സംഘം തിരുവനന്തപുരത്ത് എത്തി. കേസില്‍ കൂടുതല്‍ രേഖകള്‍ ശേഖരിക്കാനും സാക്ഷികളുടെ മൊഴിയെടുക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പരാതിക്കാരനായ നമ്പിനാരായണന്റെ മൊഴി നാളെ രേഖപ്പെടുത്തുമെന്നാണ് വിവരം.
ഐഎസ്ആര്‍ഒ ചാരക്കേസിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ ഡല്‍ഹി യൂണിറ്റില്‍ നിന്നുള്ള പ്രത്യേക സംഘമാണ് തലസ്ഥാനത്ത് എത്തിയത്. പ്രതികളുടെ അറസ്റ്റ് അടക്കം നിര്‍ണ്ണായക നീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെയാണ് സിബിഐയുടെ കേരളത്തിലേക്കുള്ള വരവ്. മുട്ടത്തറയിലെ ക്യാമ്പ് ഓഫീസിലുള്ള സംഘം കേസ് സംബന്ധിച്ച രേഖകളുടെ പരിശോധന തുടങ്ങി.
ഡിഐജി അടക്കുള്ള സിബിഐയുടെ ഉന്നത ഉദ്യോഗസ്ഥര്‍ നാളെ തിരുവനന്തപുരത്ത് എത്തും. പരാതിക്കാരനായ നമ്പിനാരായണനോട് നാളെ മൊഴി നല്കാന് ഹാജരാകണമെന്ന് സിബിഐ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍ ഡിഐജി സിബി മാത്യൂസ്,ഐ.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ആര്.ബി ശ്രീകുമാര്‍ എന്നിവരുൾപ്പടെ 18 പേരെയാണ് ഗൂഢാലോചനാ കേസില്‍ സിബിഐ പ്രതി ചേര്‍ത്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് സിബി മാത്യൂസിന്റേയും, പി എസ് ജയപ്രകാശിന്റേയും അറസ്റ്റ് താല്‍ക്കാലികമായി കോടതി തടഞ്ഞിട്ടുണ്ട്. കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിബിഐയ്ക്ക് വേണ്ടി ഹാജരായേക്കുമെന്നാണ് സൂചന.