ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രി വി.ശിവന് കുട്ടിയടക്കമുള്ള കേസിലെ പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു.
മുന്‍ മന്ത്രിമാരായ ഇ.പി.ജയരാജന്, കെ.ടി.ജലീല്‍ മുന്‍ എംഎല്‍എമാരായ കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവന്, കെ.അജിത് എന്നിവരാണ് മറ്റു പ്രതികള്‍. ഇവരാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ നല്കിയ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേസിലെ പ്രതികള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
നിയമസഭാ അംഗങ്ങള്‍ എന്ന നിലയിലുള്ള പരിരക്ഷ തങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ നിയമസഭയ്ക്കുള്ളില്‍ നടത്തിയിരിക്കുന്ന പ്രവര്‍ത്തനത്തിന്റെ പേരില്‍ ക്രിമിനല്‍ കേസെടുക്കാനാകില്ലെന്നാണ് ഇവര്‍ അപ്പീല്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ഈ കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തിരുന്നു. അത് റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ വാദിക്കുന്നുണ്ട്.
മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഡി.വൈ.ചന്ദ്രചൂഡിന്റെ ബെഞ്ചാണ് നാളെ പരിഗണിക്കുക.
സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നല്കിയ കേസ് നിലനില്‍ക്കില്ലെന്നും ബാഹ്യ ഇടപെടലുകള്‍ ഇല്ലാതെ ഉത്തമവിശ്വാസത്തോടെയാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും കേരള സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിശദീകരിച്ചു.
സഭയ്ക്കുള്ളില്‍ അംഗം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നും അപാകങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഭയുടേതായ സംവിധാമുണ്ടെന്നും സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ്സ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്.