അറസ്റ്റുചെയ്തത് കസ്റ്റംസ്
ഒന്‍പത് മണിക്കൂര്‍ ചോദ്യംചെയ്തു
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂര്‍ സംഘത്തിലെ പ്രധാനി അര്ജുന് ആയങ്കി അറസ്റ്റില്‍. കൊച്ചി കസ്റ്റംസാണ് അറസ്റ്റുചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കള്ളക്കത്ത് കേസില്‍ ഇന്ന് രാവിലെ അര്ജുന് ആയങ്കി ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നില്‍ ഹാജരായിരുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകര്‍ക്കൊപ്പമാണ് അര്ജുന് എത്തിയത്. പിന്നീട് കസ്റ്റംസ് കസ്റ്റിയിലെടുത്തു.
രാമനാട്ടുകരയില്‍ അഞ്ച് പേര് കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വര്‍ണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്ജുന് ആയങ്കിയിലേക്കും എത്തിയത്. കൂടാതെ പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം പിടിയിലായ മുഹമ്മദ് ഷഫീഖ് കടത്തിയ സ്വര്‍ണത്തില്‍ രണ്ടരക്കിലോ അര്ജുന് ആയങ്കിക്ക് വേണ്ടിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി അര്ജുന് ആയങ്കിയോട് ഹാജരാവാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്.
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വര്‍ണ്ണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങള്‍ അന്നേ ദിവസം എത്തിയിരുന്നു. സംഭവദിവസം അര്ജുന് ആയങ്കിയും കരിപ്പൂരില്‍ എത്തിയതിന്റെ തെളിവ് പുറത്തുവന്നിരുന്നു. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.
അര്ജുന് എത്തിയ ചുവന്ന സ്വിഫ്റ്റ് കാര്‍ പിന്നീട് കണ്ണൂര്‍ അഴീക്കോട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുകയും പോലീസ് എത്തും മുന്നെ അവിടെ നിന്ന് മാറ്റുകയും ചെയ്തു. എന്നാല്‍ ഞായറാഴ്ച മറ്റൊരിടത്ത് കാര്‍ കണ്ടെത്തി. ഡിവൈഎഫ്ഐ നേതാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറിലാണ് അര്ജുന് എത്തിയതെന്ന് തെളിഞ്ഞതോടെ ഈ വാഹന ഉടമയെ ഡിവൈഎഫ്ഐയില്‍ നിന്ന് പിന്നീട് പുറത്താക്കി.
കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കല്‍’ പലതവണ അര്ജുന് ആയങ്കി നടത്തിയതായാണ് കസ്റ്റംസിന് വിവരം ലഭിച്ചത്. അങ്ങനെ എങ്കില്‍ എത്ര തവണ എത്ര അളവിലുള്ള സ്വര്‍ണം തട്ടിയെടുത്തു, സംഘത്തില്‍ ആയങ്കിയെ കൂടാതെ മറ്റ് ആര്‍ക്കൊക്കെ പങ്ക് എന്നീ കാര്യങ്ങളില്‍ വിശദമായ ചോദ്യം ചെയ്യലോടെ വിവരം ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. അര്ജുന് ഇരുപതോളം തവണ ഇത്തരത്തില്‍ കളളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തെന്നാണ് സംശയിക്കുന്നത്. അര്ജുന് ആയങ്കി സിപിഎം നേതാക്കള്‍ക്കൊപ്പം നില്ക്കുന്ന പഴയ ചിത്രങ്ങള്‍ ഇതിനിടെ പുറത്തുവന്നിരുന്നു. ഡിവൈഎഫ്ഐയില്‍ നിന്ന് അര്‍ജുനെ നേരത്തെ തന്നെ പുറത്താക്കിയെന്ന് സംഘടന അറിയിച്ചിരുന്നു.
Content Highlights: Ramanattukara Gold smuggling: Arjun Ayanki arrested