നാല് ആഴ്ച നീണ്ടു നിൽക്കുന്ന പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ജൂലൈ 13നാണ് പരമ്പരയിലെ ആദ്യ മത്സരം
കൊളംബോ: ഇന്ത്യ – ശ്രീലങ്ക പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ശ്രീലങ്കയിൽ എത്തി. ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ടീം മുംബൈയിൽ നിന്നാണ് ശ്രീലങ്കയിൽ എത്തിയത്. നാല് ആഴ്ച നീണ്ടു നിൽക്കുന്ന പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ജൂലൈ 13നാണ് പരമ്പരയിലെ ആദ്യ മത്സരം.
ആറ് പുതുമുഖ താരങ്ങളുമായാണ് ഇന്ത്യ ശ്രീലങ്കയിൽ എത്തിയിരിക്കുന്നത്. ശിഖർ ധവാനാണ് ഏകദിനങ്ങളിലും ടി20കളിലും ടീമിനെ നയിക്കുക. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പാരമ്പരക്കായി വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള സംഘം ഇംഗ്ലണ്ടിൽ ആയതിനാൽ രണ്ടാം ടീമായാണ് ഇന്ത്യ ശ്രീലങ്കയിൽ എത്തിയിരിക്കുന്നത്. ബുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.
20 അംഗ സംഘമാണ് പര്യടനത്തിനായി ശ്രീലങ്കയിൽ എത്തിയിരിക്കുന്നത്. ധവാനും, ഭുവനേശ്വറിനും പുറമെ സീനിയർ താരങ്ങളായി ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും സ്പിന്നർമാരായ കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലും ടീമിലുണ്ട്.
Read Also: യുവതാരങ്ങൾക്ക് നിർണായകം, പക്ഷെ പരമ്പര വിജയം പ്രഥമ ലക്ഷ്യം: ദ്രാവിഡ്
യുവതാരങ്ങളായ ദേവദത്ത് പടിക്കൽ, പൃഥ്വി ഷാ, നിതീഷ് റാണ, ഋതുരാജ് ഗൈക്വന്ദ്, പേസറായ ചേതൻ സക്കറിയ വിക്കറ്റ് കീപ്പർ ബാറ്റ്സമന്മാരായ ഇഷാൻ കിഷൻ മലയാളി താരം സഞ്ജു സാംസൺ എന്നിവരാണ് ടീമിലെ പ്രധാന താരങ്ങൾ. യുവത്വവും അനുഭവസമ്പത്തും അടങ്ങുന്ന മികച്ച ടീമാണ് ഇതെന്നാണ് ശ്രീലങ്കയിലേക്ക് തിരിക്കുന്നതിന് മുൻപ് ശിഖർ ധവാൻ പറഞ്ഞത്.
ഇന്ന് കൊളംബോയിൽ എത്തിയ ടീം ജൂലൈ ഒന്ന് വരെ ക്വാറന്റൈനിൽ ആയിരിക്കുമെന്നാണ് ശ്രീലങ്കയുടെ ക്രിക്കറ്റ് വെബ്സൈറ്റിൽ പറയുന്നത്.ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം ജൂലൈ രണ്ട് നാല് തീയതികളിൽ ഘട്ടം ഘട്ടമായുള്ള പരിശീലനവും, ജൂലൈ അഞ്ചിന് ശേഷം മുഴുവൻ ടീമും ഒരുമിച്ചുള്ള പരിശീലനവും ആരംഭിക്കും. ഇൻട്രാ സ്ക്വാഡ് പരിശീലന മത്സരങ്ങളും ടീം കളിക്കും.
ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ) പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്വാഡ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, നിതീഷ് റാണ, യൂസ്വേന്ദ്ര ചാഹൽ, രാഹുൽ ചഹാർ, കെ ഗൗതം, ക്രുനാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ദീപക് ചഹാർ, നവദീപ് സൈനി, ചേതൻ സകരിയ
നെറ്റ്ബൗളർമാർ: ഇഷാൻ പോറൽ, സന്ദീപ് വാരിയർ, അർഷദീപ് സിംഗ്, സായ് കിഷോർ, സിമാർജിത് സിംഗ് .