തിരുവനന്തപുരം: കോവിഡ് ദുരിതത്തില്‍ ജനങ്ങളാകെ പൊറുതിമുട്ടി കഴിയുമ്പോള്‍ ഒരു കൂസലും കൂടാതെയാണ് ഇന്ധനവില ദിവസേന കൂട്ടുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്. എണ്ണ കമ്പനികളുടെ ജനദ്രോഹത്തിന് ചൂട്ടുപിടിച്ച് മോദി സര്‍ക്കാരും ബി.ജെ.പിയും കോടികളുടെ കൊള്ളയാണ് പ്രതിദിനം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതിന് പ്രതിഫലമായി സ്വകാര്യ എണ്ണ കമ്പനികളില്‍ നിന്നും കോടികളാണ് ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വില കൊള്ളയ്ക്കെതിരെ എല്‍ഡിഎഫ് സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളില്‍ 20 ലക്ഷം പേരെ അണിനിരത്തി വന്‍ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ചയാണ് പ്രതിഷേധം.വൈകീട്ട് നാലിന് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ചായിരിക്കും സമരം. മഹാമാരിയില്‍ വിറങ്ങലിച്ചു നില്ക്കുന്ന ജനങ്ങളെ പകല്‍ക്കൊള്ളയടിക്കുകയാണ്. ഇതിനെതിരായ കേരളത്തിന്റെ വികാരം രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി ജ്വലിച്ചുയരുമെന്ന് എ.വിജയരാഘവന് പ്രസ്താവനയില്‍ പറഞ്ഞു.