മൂന്നാര്‍: സംസ്ഥാനത്ത് കോവിഡ് കേസുകളില്ലാത്ത ഒരേയൊരു പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് സ്വകാര്യ യുട്യൂബ് ചാനല്‍ ഉടമയെ കൊണ്ടുപോയ ഡീന്‍ കുര്യാക്കോസ് എം.പിയുടെ നടപടി വിവാദമായി. അനാവശ്യമായി പുറത്തുനിന്ന് ആളെ കൊണ്ടുവന്നതുവഴി കുടിയില്‍ രോഗവ്യാപനമുണ്ടാകുമെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്.
ഇതുകൂടാതെ സംരക്ഷിത വനമേഖലയ്ക്കുള്ളില്‍ കടന്ന് വനത്തിന്റെയും ആദിവാസികളുടെയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുട്യൂബ് ചാനല്‍ ഉടമ സുജിത് ഭക്തന്, ഇയാളെ കുടിയിലെത്തിച്ച ഡീന്‍ കുര്യാക്കോസ് എം.പി. എന്നിവര്‍ക്കെതിരേ എ.ഐ.വൈ.എഫ്. പോലീസില്‍ പരാതി നല്കി. ദേവികുളം മണ്ഡലം പ്രസിഡന്റ് എന്‍.വിമല്‍രാജാണ് മൂന്നാര്‍ ഡിവൈ.എസ്.പി, സബ്കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും എം.പിക്കെതിരേ രംഗത്തുവന്നു.
സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയാണ് എം.പിയും സംഘവും ഇടമലക്കുടിയില്‍ പോയത്. ഇടമലക്കുടി ട്രൈബല്‍ ഗവ. സ്കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമായിരുന്നു എന്നാണ് പറയുന്നത്. എം.പിക്കൊപ്പം യുട്യൂബറുമുണ്ടായിരുന്നു. സ്കൂളിലെ ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി. നല്‍കാനെന്ന പേരിലാണ് യുട്യൂബര്‍ സംഘത്തിനൊപ്പം വന്നത്. യുട്യൂബര്‍ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
അവധി ദിവസം ഇങ്ങനൊരു പരിപാടി ആരുമറിയാതെ നടത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. യുട്യൂബറിന്റെ കച്ചവട താത്പര്യത്തിനായി സംരക്ഷിത വനമേഖലയുടെയും ഗോത്രവര്‍ഗ സമൂഹത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എം.പി. വഴിയൊരുക്കുകയായിരുന്നെന്നും ആക്ഷേപം ഉണ്ട്. നിരോധിത വനമേഖഖലയില്‍ കടന്നുകയറി ചിത്രീകരണം നടത്തിയതിന് യുട്യൂബര്‍ക്കെതിരേ നേരത്തെയും കേസുണ്ട്.
എം.പി.യുള്പ്പെടെയുള്ളവര്ക്കെതിരേ കേസെടുക്കണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇതുവരെയും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് തുടങ്ങിയപ്പോള്‍ തന്നെ പുറത്തുനിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാതെ കര്‍ശന നിയന്ത്രണങ്ങളാണ് പഞ്ചായത്ത് കൈക്കൊണ്ടത്.
ആരോപണങ്ങള്രാഷ്ട്രീയ പ്രേരിതം
ട്രൈബല്‍ സ്കൂളിന്റെ നിര്‍മാണോദ്ഘാടനത്തിനാണ് പോയത്. സ്കൂളിലേക്ക് ആവശ്യമുള്ള ടി.വി. നല്‍കിയത് സുഹൃത്തായ യു ട്യൂബ് ഉടമയാണ്. താന്‍ ക്ഷണിച്ച പ്രകാരമാണ് അയാള്‍ ഇടമലക്കുടിയിലെത്തിയത്. മറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്.
-ഡീന്‍ കുര്യാക്കോസ് എം.പി.
Content Highlights: Controversy On Dean Kuriakose MP Edamalakkudy Journey With Youtuber