കൊച്ചി: അര്ജുന് ആയങ്കിക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കില്ലെന്ന് അഭിഭാഷകന്. സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അര്ജുന് കസ്റ്റംസിനോട് സമ്മതിച്ചിട്ടില്ല. എന്നാല്‍ ഇതിന് വിരുദ്ധമായ വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും അഭിഭാഷകന് പ്രതികരിച്ചു.
അര്ജുന് ആയങ്കി പാസ്പോര്‍ട്ട് നശിപ്പിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ പാസ്പോര്‍ട്ട് പോലും ഇല്ലാത്തയാളാണ് അര്ജുന്. സ്വര്‍ണം കടത്തുന്ന കാര്യം അറിയാമെന്ന് അര്ജുന് കസ്റ്റംസിന് മൊഴി നല്‍കിയിട്ടില്ലെന്നും കുടുക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ജുനെ ജാമ്യത്തിലിറക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അര്‍ജുനെ ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് കസ്റ്റംസ്. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയെന്ന് സംശയിക്കുന്നയാളാണ് അര്ജുന് ആയങ്കി. ഇന്നലെയാണ് അര്‍ജുനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.