കൊച്ചി
ഉയർന്ന പലിശനിരക്കിലും തുടർച്ചയായി ഉയരുന്ന പണപ്പെരുപ്പത്തിലും ആശങ്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ ഓഹരിവിപണി, വ്യാപാര ആഴ്ചയുടെ അവസാനദിവസം കനത്തനഷ്ടത്തിലേക്ക് വീണു. രാജ്യത്തെ കോവിഡ് നിരക്ക് കൂടുന്നതും യുഎസ് വിപണിയിലുണ്ടായ ഇടിവും ഇന്ത്യൻ നിക്ഷേപകരെ കൂടുതൽ പരിഭ്രാന്തരാക്കി.
നാലുദിവസത്തെ തുടർച്ചയായ നഷ്ടത്തിൽനിന്ന് വ്യാഴാഴ്ച അപ്രതീക്ഷിതമായി 428 പോയിന്റ് നേട്ടത്തിലേക്ക് ഉയർന്ന ബിഎസ്ഇ സെൻസെക്സ് വെള്ളിയാഴ്ച 1.84 ശതമാനവും എൻഎസ്ഇ നിഫ്റ്റി 1.68 ശതമാനവും ഇടിഞ്ഞു. സെൻസെക്സ് 1016.84 പോയിന്റ് ഇടിഞ്ഞ് 54303.44ലും നിഫ്റ്റി 276.30 പോയിന്റ് നഷ്ടത്തിൽ 16201.80ലും വ്യാപാരം അവസാനിപ്പിച്ചു. മൂന്നുലക്ഷം കോടി രൂപയിലധികമാണ് നിക്ഷേപകർക്ക് നഷ്ടമായത്. ഐടി, ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി, ധനകാര്യ ഓഹരികളാണ് പ്രധാനമായും വിപണിക്ക് ആഘാതം നൽകിയത്.
ബിഎസ്ഇ ഐടി സൂചിക 2.09 ശതമാനവും ബാങ്ക് 1.81 ശതമാനവും ഓയിൽ ആൻഡ് ഗ്യാസ് 2.09 ശതമാനവും താഴ്ന്നു. ബിഎസ്ഇ ഓഹരികളിൽ കോട്ടക്മഹീന്ദ്രയാണ് ഏറ്റവും അധികം നഷ്ടം നേരിട്ടത് (3.96 ശതമാനം). ബജാജ് ഫിനാൻസ് 3.90 ശതമാനവും എച്ച്ഡിഎഫ്സി 3.80 ശതമാനവും റിലയൻസ് 3.02 ശതമാനവും നഷ്ടം രേഖപ്പെടുത്തി. വിപ്രോ (2.99), ടെക് മഹീന്ദ്ര (-2.51), ഇൻഫോസിസ് (2.47), ടാറ്റാ സ്റ്റീൽ (2.09), ടിസിഎസ് (1.79), സൺഫാർമ (1.46), എസ്ബിഐ (1.08) എന്നിവയും നഷ്ടം നേരിട്ടു. ഏഷ്യൻ പെയിന്റ്‌സ്, ഡോ. റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ടൈറ്റാൻ കമ്പനി ഓഹരികൾ നേട്ടമുണ്ടാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..