പെനാലിറ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന്റെ അഞ്ചാം കിക്കെടുത്ത കെയിലിയന്‍ എംബാപ്പെക്ക് പിഴച്ചു
UEFA EURO 2020: സ്വിറ്റ്സര്‍ലന്‍ഡിന്റെ പോരാട്ട വീര്യം അനുഭവിച്ചറിഞ്ഞ് ലോകചാമ്പ്യന്മാരായ ഫ്രാന്‍സ്. യൂറോ കപ്പിലെ ഏറ്റവും വലിയ അട്ടിമറിയിലൂടെ സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍. നിശ്ചിത സമയത്ത് ഇരു ടീമുകളും ആവേശപ്പോരാട്ടത്തിനൊടുവില്‍ സമനില വഴങ്ങി. അധിക സമയത്തും വിജയിയെ കണ്ടെത്താനാകാത്ത മത്സരത്തില്‍ പെനാലിറ്റി ഷൂട്ടൗട്ടിലാണ് സ്വിസ് വിജയം.
ആദ്യ പകുതി മുതല്‍ ഫ്രാന്‍സിന് ഞെട്ടലായിരുന്നു. 15-ാം മിനിറ്റില്‍ തന്നെ സ്വിറ്റ്സര്‍ലന്‍ഡ് മുന്നിലെത്തി. ഹാരിസ് സെഫരോവിക്കാണ് ഗോള്‍ നേടിയത്. പിന്നീട് ഫ്രാന്‍സ് മുന്നേറ്റ നിര പന്ത് വലയിലെത്തിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ കരിം ബെന്‍സിമയുടെ രണ്ട് ഉഗ്രന്‍ ഫിനിഷുകള്‍. രണ്ട് മിനിറ്റിനിടെ കളി മാറി മറിഞ്ഞു. ഫ്രാന്‍സ് ലീഡ് നേടി. 75-ാം മിനിറ്റില്‍ പോള്‍ പോഗ്ബ മാജിക്ക് അവതരിച്ചു. ബോക്സിനു പുറത്ത് നിന്ന് പോഗ്ബ തൊടുത്ത ഷോട്ട് വലയില്‍.
ഫ്രാന്‍സ് അനായാസം ക്വാര്‍ട്ടറില്‍ കടക്കുമെന്ന് പ്രതീക്ഷിച്ചപ്പോഴാണ് സ്വിസ് പടയുടെ കുതിപ്പ്. 82-ാം മിനിറ്റില്‍ ഹാരിസ് വീണ്ടും ഫ്രാന്‍സ് പ്രതിരോധം തകര്‍ത്തു. സ്കോര്‍ 3-2 ആയി. അധികം വൈകിയില്ല. മത്സരത്തിന്റെ അവസാന നിമിഷം സ്വിറ്റ്സര്‍ലന്‍ഡ് ഒപ്പമെത്തി. മരയോ ഗാവ്രനോവിച്ചാണ് സമനില ഗോള്‍ നേടിയത്.
അധിക സമയത്തും കളി സമനിലയില്‍ പിരിഞ്ഞു. പെനാലിറ്റി ഷൂട്ടൗട്ടില്‍ സ്വസ് താരങ്ങള്‍ തൊട്ടതെല്ലാം പൊന്നാക്കി. പക്ഷെ ആഞ്ചാം കിക്കെടുത്ത സൂപ്പര്‍ താരം കെയിലിയന്‍ എംബാപ്പെക്ക് സ്വിസ് ഗോളി സോമറിനെ മറികടക്കാനായില്ല. 120 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന് ആവേശ ജയം.