തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ്ണ കളളക്കടത്തിന്റെ പങ്കുപറ്റുന്നവരാണ് സിപിഎമെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കള്ളക്കടത്തുകാരും അതു നിയന്ത്രിക്കുന്നവരും സിപിഎം നേതാക്കളാണെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. കള്ളക്കടത്തുകാര്‍ക്കെതിരായ സിപിഎമ്മിന്റെ ധര്‍ണയും പദയാത്രയുമെല്ലാം നടത്തുന്നത് കള്ളക്കടത്തുകാരാണ്. കേസിന്റെ അടിവേര് പോവുന്നത് എകെജി സെന്ററിലേക്കാണെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്വട്ടേഷന്‍ സംഘങ്ങളുടേയും അധോലോക സംഘങ്ങളുടേയും സുരക്ഷിത കേന്ദ്രമായി കേരളം മാറിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാമനാട്ടുകര സംഭവം. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നത്. സുരക്ഷാ സംവിധാനങ്ങളുള്ള വിമാനത്താവളത്തിനടുത്ത് രണ്ട് അധോലോക സംഘങ്ങള്‍ ഏറ്റുമുട്ടിയിട്ടും ആഭ്യന്തര വകുപ്പ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല.
കണ്ണൂരില്‍ നിന്നെത്തിയ സംഘത്തിന് സിപിഎം ബന്ധമുണ്ട്. കണ്ണൂരില്‍ സിപിഎമ്മിന് വേണ്ടി ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നവരാണ് കോഴിക്കോട്ടെത്തിയത്. ചെര്‍പ്പുളശ്ശേരിയില്‍ നിന്നെത്തിയ സംഘത്തിന് ഡിവൈഎഫ്ഐയുമായും എസ്ഡിപിഐയുമായും ബന്ധമുണ്ട്. ചെര്‍പ്പുളശ്ശേരി നഗരസഭാ ചെയര്മാന് സംഭവസ്ഥലത്തെത്തിയത് രാഷ്ട്രീയ ബന്ധത്തിന്റെ തെളിവാണെന്നും സുരേന്ദ്രന് പറഞ്ഞു.
അപകടം നടന്നില്ലായിരുന്നെങ്കില്‍ പോലീസിന്റെ നിഷ്ക്രിയത്വവും കള്ളക്കടത്തുകാരുമായുള്ള സഹകരണവും ആരും അറിയില്ലായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസെടുക്കുന്ന സര്‍ക്കാര്‍ കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്യുകയാണ്. സഹകരണ ബാങ്ക് വഴിയാണ് സ്വര്‍ണ്ണക്കടത്ത് പണമിടപാട് നടന്നത്.
തിരുവനന്തപുരം അന്താരാഷ്ട്ര കള്ളക്കടത്തിനെ പോലെ തന്നെ മലബാര്‍ മേഖലയിലെ സ്വര്‍ണ്ണക്കടത്തിന് പിന്നിലും സിപിഎമ്മാണ്. അന്വേഷണം സിപിഎമ്മിലേക്ക് വന്നതോടെ കുറ്റം ക്വട്ടേഷന്‍ സംഘത്തിനെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് പാര്‍ട്ടി. കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ എകെജി സെന്ററിനകത്തായത് കൊണ്ടാണ് അവരെ പിടികൂടാനാവാതെ പോകുന്നത്. ആകാശ് തില്ലങ്കേരി 2014 മുതല്‍ 17 വരെ എകെജി സെന്ററിലെ ജീവനക്കാരനായിരുന്നു. ഷുഹൈബിന്റെ മാത്രമല്ല തിലങ്കേരി വിനീഷിന്റെ കൊലപാതകത്തിന് പിന്നിലും ഇയാളാണെന്നും സുരേന്ദ്രന് ആരോപിച്ചു.
content highlights: K Surendran allegation against CPM