ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ സമ്മാനദാന ചടങ്ങില്‍ കോഹ്ലിയുടെ ആദ്യ വാക്കുകള്‍ വില്യംസണെ അഭിനന്ദിച്ചായിരുന്നു
ന്യൂഡല്‍ഹി: മോഡേണ്‍ ക്രിക്കറ്റിലെ ഫാബുലസ് ഫോര്‍ എന്ന അറിയപ്പെടുന്നവരാണ് വിരാട് കോഹ്ലി, കെയിന്‍ വില്യംസണ്, ജൊ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവര്‍.
ഇന്നിന്റെ ഇതിഹാസങ്ങള്‍ തമ്മില്‍ വൈര്യത്തിന് അപ്പുറം സൗഹൃദമുള്ളതായി പറഞ്ഞു കേട്ടിട്ടില്ല. എന്നാല്‍ മറ്റ് മൂന്ന് പേരില്‍ നിന്നും തീര്‍ത്തും വൃത്യസ്തനാണ് കെയിന്‍ വില്യംസണ് എന്ന ന്യൂസിലന്‍ഡ് നായകന്.
കളത്തിനകത്തും പുറത്തും വില്യംസണ് ശാന്തനാണ്. അനാവശ്യ ആക്രോശങ്ങളില്ല, ആവേശമില്ല. പക്ഷെ ഈ രീതികൊണ്ട് വില്യംസണ് നേടിയത് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പാണ്. പരാജയപ്പെടുത്തിയതാകട്ടെ വിരാട് കോഹ്ലിയേയും കൂട്ടരേയും.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ സമ്മാനദാന ചടങ്ങില്‍ കോഹ്ലിയുടെ ആദ്യ വാക്കുകള്‍ വില്യംസണെ അഭിനന്ദിച്ചായിരുന്നു. കോഹ്ലിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് വില്യംസണ്. വിജയത്തിന് ശേഷം വില്യംസണിനെ കോഹ്ലി കെട്ടിപ്പിടിച്ചാണ് അഭിനന്ദിച്ചത്. ആ നിമിഷത്തെക്കുറിച്ചും കിവീസ് നായകന് പറഞ്ഞു.
“അതൊരു വലിയ നിമിഷം തന്നെ ആയിരുന്നു. എനിക്കും വിരാടിനും നീണ്ട കാലമായി പരസ്പരം അറിയാം. ക്രിക്കറ്റിന്റെ ഏറ്റവും നല്ല വശങ്ങളില് ഒന്നാണിത്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള താരങ്ങളെ അറിയാനും സൗഹൃദങ്ങള്‍ സ്ഥാപിക്കാനും സാധിക്കും. ഒരുമിച്ചും അല്ലാതെയുമായി കളത്തില്‍ ചിലവഴിക്കാം. പൊതുവായുള്ള താത്പര്യങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്നതുമെല്ലാം സവിശേഷമായ കാര്യമാണ്,” വില്യംസണ് പറഞ്ഞു.
Also Read: WTC Final: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി, വില്യംസൺ ഹാപ്പിയാണ്; ക്രിക്കറ്റ് ലോകവും